മാഡ്രിഡ്: 2016 യാത്ര പറയാന്‍ റെഡിയായി നില്‍ക്കുന്നു. ലോകഫുട്‌ബോളില്‍ ഈ വര്‍ഷം വലിയ നേട്ടമുണ്ടാക്കിയ താരം ആരെന്ന് ചോദിച്ചാല്‍ പോര്‍ച്ചുഗലിന്റെ പടനായകനും റയല്‍മാഡ്രിഡിന്റെ ഗോളടി മെഷീനുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ തലയെടുപ്പോടെ നില്‍ക്കുന്നത് കാണാം. ചാമ്പ്യന്‍സ് ലീഗ്, യൂറോ കപ്പ്, ക്ലബ്ബ് ലോകകപ്പ് എന്നിങ്ങനെ ഒരു ഫുട്‌ബോളര്‍ സ്വപ്‌നം കാണുന്ന എല്ലാ പ്രധാന ചാമ്പ്യന്‍ഷിപ്പുകളും ഈവര്‍ഷം ക്രിസ്റ്റ്യാനോ സ്വന്തമാക്കി. എന്നാല്‍, കളത്തിന് പുറത്ത് മറ്റൊരു കിരീടവും ക്രിസ്റ്റ്യാനോയെ തേടിയെത്തിയിരിക്കുന്നു ഈ വര്‍ഷാന്ത്യത്തില്‍.
ലോകത്തെ പ്രൊഫഷണല്‍ സ്‌പോര്‍ട്‌സ് പേഴ്‌സണാലിറ്റികളില്‍ സോഷ്യല്‍മീഡിയയില്‍ ഏറ്റവും കൂടുതല്‍ പ്രതികരണങ്ങളേറ്റുവാങ്ങിയത് ക്രിസ്റ്റ്യാനോയുടെ പോസ്റ്റുകളായിരുന്നു. ആ നിലക്ക് 2016 സോഷ്യല്‍മീഡിയ കിംഗ് പട്ടം ഈ പോര്‍ച്ചുഗീസുകാരന് സ്വന്തം. സോഷ്യല്‍ അനലിസ്റ്റിക്‌സ് ടൂള്‍ ആയ ക്രൗഡ്ടാംഗിളിന്റെ അഭിപ്രായത്തില്‍ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലുമായി ക്രിസ്റ്റ്യാനോ നടത്തിയ പോസ്റ്റുകള്‍ക്ക് മുപ്പത്തിനാല് ദശലക്ഷം പ്രതികരണങ്ങള്‍ ഉണ്ടായി എന്നതാണ്.

കായികതാരങ്ങള്‍ ഫെയ്‌സ്ബുക്കില്‍ നടത്തിയ ടോപ് ത്രീ പോസ്റ്റിംഗും ക്രിസ്റ്റ്യാനോയുടെതാണ്. അതുപോലെ ഇന്‍സ്റ്റാഗ്രാമിലെ ടോപ് ഫൈവ് പോസ്റ്റുകളുടെ ആശാനും ഈ മുപ്പത്തൊന്നുകാരനാണ്. പോര്‍ച്ചുഗല്‍ നേടിയ യൂറോ കപ്പ് 2016 ട്രോഫിയുമായി നില്‍ക്കുന്ന ഫോട്ടോയും വിമാനത്തില്‍ പോര്‍ച്ചുഗല്‍ ടീമിനൊപ്പമുള്ള കപ്പ് ആഘോഷവും മകന്റെ പിറന്നാള്‍ ആഘോഷവുമാണ് ക്രിസ്റ്റിയാനോക്ക് ഫെയ്‌സ്ബുക്കില്‍ ഏറ്റവുമധികം ലൈക്കും കമെന്റ്‌സും ലഭിച്ച പോസ്റ്റുകള്‍.
പുതിയ കാര്‍, പോര്‍ച്ചുഗലിനൊപ്പം വിക്ടറി പോഡിയത്തില്‍, നടന്‍ ജാസന്‍ സ്റ്റാതവുമായുള്ള കൂടിക്കാഴ്ച ഇവയൊക്കെയാണ് ഇന്‍സ്റ്റാഗ്രാമില്‍ തരംഗമായത്.