മിലാന്‍: എ എസ് റോമ കോപ ഇറ്റാലിയ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. സീസെനയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് റോമയുടെ മുന്നേറ്റം. തൊണ്ണൂറ്റിഏഴാം മിനുട്ടില്‍ വെറ്ററന്‍ ക്യാപ്റ്റന്‍ ഫ്രാന്‍സെസ്‌കോ ടോട്ടിയാണ് വിജയഗോള്‍ നേടിയത്.
ആദ്യ പകുതിയില്‍ ഗോള്‍ രഹിതമായിരുന്നു. രണ്ടാം പകുതിയില്‍ അറുപത്തെട്ടാം മിനുട്ടില്‍ സെക്കോയിലൂടെ റോമ ലീഡെടുത്തു. എന്നാല്‍, എഴുപത്തിമൂന്നാം മിനുട്ടില്‍ ഗാരിറ്റാനോയിലൂടെ സിസെന സമനില പിടിച്ചെടുത്തു. ഇഞ്ചുറി ടൈമിലെ ഏഴാം മിനുട്ടില്‍ ടോട്ടി പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് റോമക്ക് ജയമൊരുക്കി.

ഇറ്റാലിയന്‍ സീരി ബിയില്‍ തരംതാഴ്ത്തല്‍ മേഖലയില്‍ നില്‍ക്കുന്ന സിസെനക്കെതിരെ വിജയത്തിനായി ഇഞ്ചുറി ടൈം വരെ പോരാടേണ്ടി വന്നത് എ എസ് റോമയുടെ തലയെടുപ്പിനെ ചോദ്യം ചെയ്യുന്നു.
ടോട്ടി ജയമൊരുക്കിയതിനെ റോമ കോച്ച് ലൂസിയാനോ സ്പലേറ്റി വിശേഷിപ്പിച്ചത് ഫുട്‌ബോളിലെ മുഹമ്മദ് അലി കൂടെയുണ്ടാകുമ്പോള്‍ തനിക്ക് പേടിക്കാനില്ലെന്നാണ്. എതിരാളിയെ ഇടിച്ചിടാന്‍ വെമ്പി നില്‍ക്കുന്ന അലിയെ പോലെയാണ് ഫുട്‌ബോള്‍ കളത്തില്‍ ടോട്ടി. പരിശീലന മത്സരമായാലും ടോട്ടിയുടെ വീര്യത്തിന് കുറവുണ്ടാകില്ലെന്നും കോച്ച്. ബേങ്കില്‍ നിന്നുള്ള റിട്ടേണിനേക്കാള്‍ കൂടുതലാണ് ടോട്ടിയില്‍ വിശ്വാസമര്‍പ്പിച്ചാല്‍ ലഭിക്കുകയെന്നും കോച്ച് സ്പലെറ്റി പറഞ്ഞു.
ഒമ്പത് തവണ ഇറ്റാലിയന്‍ കോപ ഇറ്റാലിയ കിരീടം ചൂടിയ റോമ സെമിയില്‍ ലാസിയോയെ നേരിടും. ഇന്റര്‍മിലാനെ കീഴടക്കിയാണ് ലാസിയോ സെമിയിലെത്തിയത്. സാന്‍ സിറോയിലെ മത്സരം 2-1നാണ് ലാസിയോ ജയിച്ചത്.
മത്സര ഫലം
എ എസ് റോമ 2-1 സിസെന
ഇന്റര്‍മിലാന്‍ 1-2 ലാസിയോ