കാര്‍സണ്‍/സാന്‍ ഡിയേഗോ (അമേരിക്ക): ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അതികായന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ആവേശജയം. പെനാല്‍റ്റി ഷൂട്ടൗട്ടിലും നീണ്ട വാശിയേറിയ പോരില്‍ ഇറ്റാലിയന്‍ ഗ്ലാമര്‍ ക്ലബ്ബായ എസി മിലാനെയാണ് മാഞ്ചസ്റ്റര്‍ വീഴ്ത്തിയത്.
നിശ്ചിത സമയത്ത് ഇരു ടീമും 1-1ന് പിരിഞ്ഞതിനെ തുടര്‍ന്നാണ് മല്‍സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. പെനാല്‍റ്റി ഷൂട്ടൗട്ടിലും ഇരു ടീമും പൊരുതിയതോടെ ഷൂട്ടൗട്ടും നീണ്ടുനിന്നു. എന്നാല്‍, 26 പെനാല്‍റ്റി ഷൂട്ടൗട്ടുകള്‍ കണ്ട മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ 9-8ന് മിലാനെ മുട്ടുകുത്തിക്കുകയായിരുന്നു.
അതേസമയം, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ശക്തരായ ടോട്ടന്‍ഹാം ഹോട്‌സ്പര്‍ 4-1ന് ഇറ്റാലിയന്‍ ഗ്ലാമര്‍ ക്ലബ്ബായ എഎസ് റോമയെ പരാജയപ്പെടുത്തി.

ഇഞ്ചോടിഞ്ച്... ഒടുവിള്‍ റെഡ് ഡെവിള്‍സ്...
നിശ്ചിത സമയത്ത് ഇരു ടീമും 1-1ന് പൊരുതിയ മല്‍സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലും വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആദ്യ അഞ്ച് ഷൂട്ടുകള്‍ ഇരു ടീമും അടിച്ചപ്പോള്‍ മൂന്ന് ഗോള്‍ വീതമാണ് പിറന്നത്. തുടര്‍ന്ന് ഷൂട്ടൗട്ട് നീളുകയായിരുന്നു. ഒടുവില്‍ 9-8ന് റെഡ് ഡെവിള്‍സ് വിജയക്കൊടി നാട്ടുകയായിരുന്നു. മിലാന്‍ താരം ഫ്രാങ്ക് കെസ്സിയുടെ കിക്ക് ക്രോസ് ബാറില്‍ തട്ടി പുറത്തേക്ക് തെറിക്കുകയായിരുന്നു.
തിരിച്ചുവരവ് തകര്‍ത്താടി ടോട്ടന്‍ഹാം ആഘോഷിച്ചു...
ഒരു ഗോളിന് പിന്നില്‍ നിന്നതിനു ശേഷമായിരുന്നു റോമയ്‌ക്കെതിരേ ടോട്ടന്‍ഹാമിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്. മൂന്നാം മിനിറ്റില്‍ തന്നെ പാട്രിക് സ്‌കിക്കിലൂടെ റോമ ആദ്യം മുന്നിലെത്തിയിരുന്നു.
എന്നാല്‍, ലോറന്റ് ടോറസിന്റേയും ലുകാസ് റോഡ്രിഗസിന്റെയും ഇരട്ട ഗോള്‍ മികവില്‍ ടോട്ടന്‍ഹാം മല്‍സരത്തില്‍ ഗംഭീര വിജയം സ്വന്തമാക്കുകയായിരുന്നു. ഒമ്പത്, 18 മിനിറ്റുകളിലായിരുന്നു ലോറന്റിന്റെ ഗോള്‍ നേട്ടം. 28, 44 മിനിറ്റുകളിലാണ് ലുകാസ് ലക്ഷ്യംകണ്ടത്.