Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'റോയല്‍ റയല്‍', ചാമ്പ്യന്‍സ് ലീഗില്‍ വീണ്ടും മുത്തമിട്ടു, തലകുനിച്ച് ലിവര്‍പൂള്‍

1

പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വീണ്ടും റയല്‍ രാജാക്കന്മാര്‍. കരുത്തരുടെ പോരാട്ടത്തില്‍ ലിവര്‍പൂളിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് റയല്‍ മാഡ്രിഡ് കിരീടം ചൂടിയത്. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷം വിനീഷ്യസ് ജൂനിയറിന്റെ ഗോളിലാണ് റയല്‍ ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിട്ടത്. വീണ്ടും കലാശപ്പോരാട്ടത്തില്‍ ലിവര്‍പൂളിന് കണ്ണീരോടെ മുട്ടുമടക്കേണ്ടി വന്നു. യൂറോപ്യന്‍മാരിലെ വമ്പന്മാര്‍ തങ്ങള്‍ത്തന്നെയാണെന്ന് ഒരിക്കല്‍ക്കൂടി അടിവരയിടുന്ന പ്രകടനമാണ് റയല്‍ മാഡ്രിഡ് കാഴ്ചവെച്ചത്.

മത്സരത്തിന്റെ കണക്കുകളില്‍ ലിവര്‍പൂള്‍ ഉടനീളം ആധിപത്യം കാട്ടിയെങ്കിലും ഭാഗ്യത്തിന്റെ പിന്തുണ ഇത്തവണയും ഇല്ലാതെ പോയി. പന്തടക്കത്തില്‍ ഇരു ടീമും തുല്യത പുലര്‍ത്തിയപ്പോള്‍ മൂന്നിനെതിരേ 23 ഗോള്‍ശ്രമം നടത്തിയാണ് ലിവര്‍പൂള്‍ ഞെട്ടിച്ചത്. എന്നാല്‍ ഗോള്‍പോസ്റ്റിലേക്ക് ഒമ്പത് തവണ ഷോട്ട് പായിച്ചിട്ടും ഒരെണ്ണം പോലും വലയിലാക്കാന്‍ ലിവര്‍പൂളിനായില്ലെന്നതാണ് ദൗര്‍ഭാഗ്യകരം.

1

റയലിന്റെ 14ാം ചാമ്പ്യന്‍സ് ലീഗ് കിരീടമാണിത്. 2017-2018ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ യര്‍ഗന്‍ ക്ലോപിന്റെ ലിവര്‍പൂളിനെ തോല്‍പ്പിച്ചായിരുന്നു റയല്‍ കിരീടം നേടിയത്. ഇതിന് പകരം വീട്ടാനുറച്ചാണ് ഇത്തവണ ലിവര്‍പൂള്‍ ഇറങ്ങിയതെങ്കിലും റയലിനെ വീഴ്ത്തുക സ്വപ്‌നം മാത്രമായി മാറി. ലിവര്‍പൂളിന്റെ കരുത്തുറ്റ മുന്നേറ്റത്തെ പൂട്ടാന്‍ റയലിന്റെ പ്രതിരോധ നിര വിജയിച്ചുവെന്ന് തന്നെ പറയാം.

2

ഇരു ടീമും 4-3-3 ഫോര്‍മേഷനിലിറങ്ങിയപ്പോള്‍ റയലിന്റെ മുന്നേറ്റ നിരയില്‍ വാല്‍വര്‍ദേയും കരീം ബെന്‍സേയും വിനീഷ്യസ് ജൂനിയറും അണിനിരന്നപ്പോള്‍ മുഹമ്മദ് സലാഹ്, സാദിയോ മാനെ, ലൂയിസ് ഡിയാസ് എന്നിവരാണ് ലിവര്‍പൂളിന്റെ മുന്നേറ്റത്തില്‍ അണിനിരന്നത്. ലിവര്‍പൂള്‍ നിരന്തരം അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും റയലിന്റെ ബെല്‍ജിയം ഗോളി തിബോ കോര്‍ട്ടോയുടെ മികവും യര്‍ഗന്‍ ക്ലോപിന്റെ ശിഷ്യന്‍മാര്‍ക്ക് വലിയ വെല്ലുവിളിയായി. കര്‍വാചലും അലാബയുമെല്ലാം ഉള്‍പ്പെട്ട റയല്‍ പ്രതിരോധവും കൈയടി അര്‍ഹിക്കുന്നു.

3

45ാം മിനുട്ടില്‍ റയല്‍ മാഡ്രിഡ് കരിം ബെന്‍സേമയിലൂടെ വല കുലുക്കിയെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ് സൈഡാണെന്ന് സ്ഥിരീകരിച്ചതോടെ ഗോള്‍ നിരസിക്കപ്പെട്ടു. 16ാം മിനുട്ടിലും 34ാം മിനുട്ടിലും മുഹമ്മദ് സലാഹിനും അവസരങ്ങള്‍ ലഭിച്ചെങ്കിലും റയല്‍ ഗോളി കോര്‍ട്ടോയുടെ മികച്ച സേവുകള്‍ വില്ലനായി. ലിവര്‍പൂളിന്റെ ഫിനിഷിങ്ങിന് മൂര്‍ച്ചയില്ലാതെ പോയപ്പോള്‍ 59ാം മിനുട്ടില്‍ ബ്രസീല്‍ യുവതാരം വിനീഷ്യസിന്റെ ഗോള്‍ മത്സരവിധി എഴുതുകയായിരുന്നു. വാല്‍വെര്‍ദെ ഗോളിന് വഴിയൊരുക്കിയപ്പോള്‍ വിനീഷ്യസിന് പിഴച്ചില്ല. താരത്തിന്റെ ലീഗിലെ നാലാം ഗോളാണിത്.

15 ഗോളും രണ്ട് അസിസ്റ്റുമായി കരിം ബെന്‍സേമ ലീഗിലെ ടോപ് സ്‌കോററായപ്പോള്‍ ബയേണ്‍ മ്യൂണിക്കിന്റെ ലെവന്‍ഡോസ്‌കി 13 ഗോളും മൂന്ന് അസിസ്റ്റുമായി രണ്ടാം സ്ഥാനത്താണ്. മുഹമ്മദ് സലാഹ് എട്ട് ഗോളാണ് സീസണില്‍ നേടിയത്. 2018ന് ശേഷം റയല്‍ മാഡ്രിഡ് നേടുന്ന ആദ്യത്തെ ചാമ്പ്യന്‍സ് ലീഗാണിത്. സൂപ്പര്‍ താരങ്ങളില്‍ പലരും ടീം വിട്ടെങ്കിലും തങ്ങളുടെ കരുത്ത് ചോരില്ലെന്ന് അടിവരയിട്ട് തെളിയിക്കുകയാണ് റയല്‍ മാഡ്രിഡ് എന്ന ചാമ്പ്യന്‍ ടീം.

Story first published: Sunday, May 29, 2022, 8:00 [IST]
Other articles published on May 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+