രക്ഷകനായി അസെന്‍ഷ്യോ... അവസാന മിനിറ്റ് ഗോളില്‍ റയലിനു വിജയം
മാഡ്രിഡ്: കോപ്പ ഡെല്‍ റേ (കിങ്‌സ് കപ്പ്) ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ഒന്നാംപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ റയല്‍ മാഡ്രിഡിന് നേരിയ വിജയം. ലെഗാനസിനെ എതിരില്ലാത്ത ഒരു ഗോളിനു റയല്‍ മറികടക്കുകയായിരുന്നു. മല്‍സരം ഗോള്‍രഹിത സമനിലയിലേക്ക് നീങ്ങുമെന്നിരിക്കെയാണ് ഫൈനല്‍ വിസിലിന് ഒരു മിനിറ്റ് മുമ്പ് റയലിന്റെ വിജയഗോള്‍ പിറന്നത്. 89ാം മിനിറ്റില്‍ മാര്‍ക്കോ അസെന്‍ഷ്യോയുടെ വകയായിരുന്നു റയലിന്റെ വിജയഗോള്‍.

പ്ലെയിങ് ഇലവനില്‍ നിരവധി മാറ്റങ്ങളുമായാണ് കോച്ച് സിനദിന്‍ സിദാന്‍ റയലിന്റെ പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചത്. സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗരെത് ബേല്‍ എന്നിവര്‍ക്കു വിശ്രമം നല്‍കിയ സിദാന്‍ മാര്‍സെലോ, കരീം ബെന്‍സെമ എന്നിവരെയും പുറത്തിരുത്തി. പരിക്കുമൂലമാണ് ബെന്‍സെമയ്ക്കു മല്‍സരം നഷ്ടമായത്. ടീമിന് തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടതിനെ തുടര്‍ന്ന് കോച്ച് സ്ഥാനം തന്നെ ഭീഷണിയിലായ സിദാന് ആശ്വാസം പകരുന്നതാണ് ഈ വിജയം. വിവിധ ടൂര്‍ണമെന്റുകളിലായി അവസാനമായി കളിച്ച നാലു മല്‍സരങ്ങളിലും ജയിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് സിദാനും റയലും കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു.

മനോഹരമായ വോളിയിലൂടെയാണ് അസെന്‍ഷ്യോ റയലിന്റെ നിര്‍ണായക ഗോള്‍ കണ്ടെത്തിയത്. ഇടതു മൂലയില്‍ നിന്നും തിയോ ഹെര്‍ണാണ്ടസ് നല്‍കിയ ക്രോസ് ദുഷ്‌കരമായ ആംഗിളില്‍ നിന്നും തകര്‍പ്പന്‍ വോളിയിലൂടെ അസെന്‍ഷ്യോ വലയിലേക്ക് തൊടുക്കുകയായിരുന്നു. ഇതോടെ രണ്ടാംപാദ മല്‍സരം സമനിലയില്‍ പിരിഞ്ഞാലും റയലിനു സെമി ഫൈനലില്‍ എത്താനാവുമെന്ന് ഉറപ്പായി. ജനുവരി 24നാണ് റയലിന്റെ ഹോംഗ്രൗണ്ടായ സാന്റിയാഗോ ബെര്‍നാബുവില്‍ രണ്ടാംപാദ ക്വാര്‍ട്ടര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications