
മാഡ്രിഡ് / ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ അവസാന റൗണ്ട് മല്‍സരങ്ങളില്‍ വമ്പന്‍ ടീമുകള്‍ക്കു കനത്ത തിരിച്ചടി. നിലവിലെ ചാംപ്യന്മാരായ റയല്‍ മാഡ്രിഡുള്‍പ്പെടെയുള്ള പ്രമുഖ ടീമുകള്‍ക്കെല്ലാം അടിതെറ്റി. ഹോംഗ്രൗണ്ടില്‍ റഷ്യന്‍ ടീം സിഎസ്‌കെ മോസ്‌കോ 3-0ന് റയലിന്റെ കഥ കഴിക്കുകയായിരുന്നു. യുവന്റസ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, എഎസ് റോമ എന്നിവര്‍ക്കും തോല്‍വി നേരിട്ടപ്പോള്‍ ബയേണ്‍ മ്യൂണിക്ക് സമനിലയില്‍ കുരുങ്ങി. അവസാന റൗണ്ട് മല്‍സരങ്ങള്‍ കഴിഞ്ഞതോടെ പീക്വാര്‍ട്ടര്‍ ലിസ്റ്റ് പൂര്‍ത്തിയാവുകയും ചെയ്തു.
ഗ്രൂപ്പ് എയില്‍ ഡച്ച് ടീം അയാക്‌സ് ആംസ്റ്റര്‍ഡാമാണ് ബയേണിനെ 3-3നു കുരുക്കിയത്. അവസാന 10 മിനിറ്റിനിടെ നാലു ഗോളുകള്‍ കണ്ട നാടകീയ മല്‍സരത്തില്‍ ഇരുടീമിന്റെയും ഓരോ താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തു പോവുകയും ചെയ്തു. ബയേണിനായി റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും അയാക്‌സിനു വേണ്ടി ഡ്യുസാന്‍ ടാഡിച്ചും ഇരട്ടഗോളുകള്‍ വീതം നേടി. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ബെന്‍ഫിക്ക 1-0ന് എഇകെ ഏതന്‍സിനെ തോല്‍പ്പിച്ചു.
ഗ്രൂപ്പ് എഫില്‍ ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷം മാഞ്ചസ്റ്റര്‍ സിറ്റി 2-1ന് ഹോഫെന്‍ഹെയിമിനെ മറികടന്നു. ഹോംഗ്രൗണ്ടായ ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ ലെറോയ് സാനെയുടെ ഇരട്ടഗോളുകളാണ് സിറ്റിയെ തോല്‍വിയില്‍ നിന്നു രക്ഷിച്ചത്. ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ഷക്തര്‍ ഡൊണെസ്‌കും ലിയോണും 1-1നു സമനിലയില്‍ പിരിഞ്ഞു. ഗ്രൂപ്പ് ജിയിലാണ് സിഎസ്‌കെഎ റയലിനെ വന്‍ തോല്‍വിയിലേക്കു തള്ളിയിട്ടത്. ഫെഡര്‍ ചലോവ്, ജോര്‍ജി ഷെനിക്കോവ്, ആര്‍ണര്‍ സിഗ്യുര്‍സന്‍ എന്നിവരാണ് സിഎസ്‌കെഎയുടെ സ്‌കോറര്‍മാര്‍. മറ്റൊരു കളിയില്‍ റോമയെ വിക്ടോറിയ പ്ലെസന്‍ 1-2ന് അട്ടിമറിച്ചു.
ഗ്രൂപ്പ് എച്ചിലും രണ്ട് അട്ടിമറികള്‍ നടന്നു. യുനൈറ്റഡിനെ വലന്‍സിയ സ്വന്തം മൈതാനത്ത് 2-1ന് ഞെട്ടിച്ചപ്പോള്‍ യുവന്റസിനെ യങ് ബോയ്‌സും ഇതേ സ്‌കോറിന് വീഴ്ത്തി. കാര്‍ലോസ് സോളറുടെ ഗോളും ഫില്‍ ജോണ്‍സിന്റെ സെല്‍ഫ് ഗോളുമാണ് യുനൈറ്റഡിന്റെ കഥ കഴിച്ചത്. യുവന്റസിനെതിരേ യങ് ബോയ്‌സിന്റെ രണ്ടു ഗോളും ഗ്വിലമെ ഹൊവാറുവിന്റെ വകയായിരുന്നു. ഡിബാല യുവന്റസിന്റെ ഗോള്‍ മടക്കി.