ഐ ലീഗ് ഫുട്‌ബോള്‍ പത്താം എഡിഷന് ഇന്ന് തുടക്കം. പത്ത് ടീമുകളാണ് മാറ്റുരക്കുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ ബെംഗളുരു എഫ് സി ഇത്തവണയും ഫേവറിറ്റുകളാണ്. മോഹന്‍ബഗാനും ഈസ്റ്റ് ബംഗാളും പരമ്പരാഗത ശക്തികളായി ലീഗിലുണ്ട്. പത്ത് ടീമുകളെ പരിചയപ്പെടാം...

ബെംഗളുരു എഫ് സി
കോച്ച്: ആല്‍ബര്‍ട്ട് റോച
ഐ ലീഗ് റെക്കോര്‍ഡ് : മത്സരം-60, ജയം-34, സമനില-14, പരാജയം-12, അടിച്ച ഗോളുകള്‍-101, വഴങ്ങിയ ഗോളുകള്‍ - 64.
മികച്ച പ്രകടനം : ചാമ്പ്യന്‍മാര്‍ (2014,2016)
ടീം പരിചയം: 2013-14 സീസണിലാണ് ഐ ലീഗ് അരങ്ങേറ്റം. ആദ്യ സീസണില്‍ തന്നെ ചാമ്പ്യന്‍മാരായി ചരിത്രം സൃഷ്ടിച്ചു. 2016 ല്‍ വീണ്ടും ചാമ്പ്യന്‍മാരായി. എ എഫ് സി കപ്പ് ഫൈനല്‍ കളിച്ച ആദ്യ ഇന്ത്യന്‍ ക്ലബ്ബാണ് ബെംഗളുരു. ഹര്‍മന്‍ജോദ് ഖാബ്ര, ലെനി റോഡ്രിഗസ്, മന്ദര്‍ റാവു ദേശായ്, അരിന്ദം ഭട്ടാചാര്യ എന്നിവര്‍ ടീമിലെ പുതിയ താരങ്ങള്‍. സുനില്‍ ഛേത്രി, യുഗെന്‍സന്‍ ലിംഗ്‌ദോ, ജോണ്‍ ജോണ്‍സന്‍, ആസ്‌ത്രേലിയന്‍ മിഡ്ഫീല്‍ഡര്‍ കാമറോണ്‍ വാട്‌സന്‍ ടീമിലെ പ്രധാനികള്‍. മലയാളി താരം റിനോ ആന്റോയും ടീമിലുണ്ട്.
ഐസാള്‍ള്‍ എഫ് സി
കോച്ച് : ഖാലിദ് ജമീല്‍
ഐ ലീഗ് റെക്കോര്‍ഡ് : മത്സരം -16 , ജയം - 4, സമനില - 4, പരാജയം - 8, അടിച്ച ഗോളുകള്‍ - 15, വഴങ്ങിയ ഗോളുകള്‍ - 21
മികച്ച പ്രകടനം : എട്ടാം സ്ഥാനം (2016)
ടീം പരിചയം: ഫെഡറേഷന്‍ കപ്പ് ഫൈനലില്‍ എത്തിയതും ഐ ലീഗില്‍ നിന്ന് ഗോവന്‍ ക്ലബ്ബുകളായ ഡെംപോയും സാല്‍ഗോക്കറും പിന്‍മാറിയതും ടോപ് ഡിവിഷനില്‍ കളിക്കാന്‍ മിസോറം ക്ലബ്ബായ ഐസ്വാള്‍ എഫ് സിക്ക് അവസരമൊരുക്കി. പരിശീലക സ്ഥാനത്ത് മുംബൈ എഫ് സി മുന്‍ കോച്ച് ഖാലിദ് ജമീല്‍ എത്തിയത് പ്രതീക്ഷയാണ്. ലൈബീരിയന്‍ സ്‌ട്രൈക്കര്‍ ആല്‍ഫ്രഡ് ജാരിയനും ഐവറികോസ്റ്റിന്റെ കമോ ബായിയും നൈജീരിയന്‍ എസെ കിംഗ്‌സ്ലെയും ആണ് വിദേശ കരുത്ത്.
ചെന്നൈ സിറ്റി എഫ് സി
കോച്ച് : റോബിന്‍ ചാള്‍സ് രാജു
ഐ ലീഗില്‍ അരങ്ങേറ്റം
ടീം പരിചയം: ദക്ഷിണേന്ത്യയുടെ മറ്റൊരു പ്രതിനിധിയായി ചെന്നൈ സിറ്റി വരുന്നു. ഗോള്‍ കീപ്പര്‍ കരണ്‍ജിത് സിംഗ്്, മിഡ്ഫീല്‍ഡിര്‍മാരായ സക്കീര്‍ മുണ്ടമ്പ്ര, ധന്‍പാല്‍ ഗണേഷ് എന്നിവരുടെ പരിചയ സമ്പത്ത് മുതല്‍ക്കൂട്ട്. പ്രതിരോധത്തില്‍ തമിഴ്‌നാട് താരം ധര്‍മരാജ് രാവണന്റെ സാന്നിധ്യം. ബ്രസീലിയന്‍ സ്‌ട്രൈക്കര്‍മാരായ മാര്‍കോസ് താങ്ക്, ചാള്‍സ്് എന്നിവരാണ് ടീമിലെ വിദേശികള്‍.
ചര്‍ച്ചില്‍ ബ്രദേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബ്
കോച്ച് : ആല്‍ഫ്രഡ് ഫെര്‍നാണ്ടസ്
ഐ ലീഗ് റെക്കോര്‍ഡ്: മത്സരം - 370, വിജയം-170, സമനില-114, പരാജയം-86, അടിച്ച ഗോളുകള്‍ -623, വഴങ്ങിയ ഗോളുകള്‍ -418
മികച്ച പ്രകടനം : കിരീട ജേതാക്കള്‍ (2009,2013)
ടീം പരിചയം: എ എഫ് സി ലൈസന്‍സ് ചട്ടം പാലിക്കാത്തതിനെ തുടര്‍ന്ന് ഐ ലീഗില്‍ നിന്ന് പുറത്തായിരുന്നു ചര്‍ച്ചില്‍. ഇപ്പോള്‍ തിരിച്ചുവരവ്. ഇന്ത്യന്‍ ഫുട്‌ബോളില്‍ പഴയ പ്രതാപമില്ല ചര്‍ച്ചിലിന്. ഗോവന്‍ താരങ്ങളായ റോവിന്‍സന്‍ റോഡ്രിഗസ്, നികോളാസ് ഫെര്‍നാണ്ടസ്, ബ്രന്‍ഡന്‍ ഫെര്‍നാണ്ടസ് എന്നിങ്ങനെ കുറച്ച് പേരാണ് എടുത്തുപറയാനുള്ളത്.
ഡി എസ് കെ ശിവാജിയന്‍സ് എഫ് സി
കോച്ച് : ഡേവ് റോജേഴ്‌സ്
ഐ ലീഗ് റെക്കോര്‍ഡ് : മത്സരം - 16, ജയം - 3, സമനില -6, പരാജയം - 7, അടിച്ച ഗോളുകള്‍ -16, വഴങ്ങിയ ഗോളുകള്‍ - 25
മികച്ച പ്രകടനം: ഒമ്പതാം സ്ഥാനം (2016)
ടീം പരിചയം: ഐ ലീഗില്‍ കഴിഞ്ഞ സീസണില്‍ അരങ്ങേറി. ഇംഗ്ലീഷ് ക്ലബ്ബ് ലിവര്‍പൂള്‍ എഫ് സിയുമായി സഹകരിക്കുന്ന ശിവാജിയന്‍സ് ഹെഡ് കോച്ച് ഡെറിക് പെരേരയെ പുറത്താക്കി. ലിവര്‍പൂള്‍ കോച്ച് ഡേവ് റോജേഴ്‌സിനെ നിയമിച്ചു. മിഡ്ഫീല്‍ഡില്‍ സ്പാനിഷ് താരം യുവാന്‍ ക്വുറോയുണ്ട്. സ്‌ട്രൈക്കര്‍ കിം സോംഗ്-യോംഗ് മൂന്ന് ഐ ലീഗ് ക്ലബ്ബുകളില്‍ കളിച്ചിട്ടുണ്ട്. ഐറിഷ് യൂത്ത് ഇന്റര്‍നാഷണല്‍ ആയിരുന്ന ഷാനെ മക്‌ഫോള്‍, ബോസ്‌നി ഡിഫന്‍ഡര്‍ സസ കൊലുനിയ എന്നിവരാണ് ടീമിലെ മറ്റ് വിദേശികള്‍. സുബ്രതാ പാല്‍, നിര്‍മല്‍ ഛേത്രി, ഹോലിചരണ്‍ നര്‍സാരി, സഞ്ജു പ്രഥാന്‍ എന്നീ ഇന്ത്യന്‍ താരങ്ങളും ടീമിലുണ്ട്.
ഈസ്റ്റ് ബംഗാള്‍
കോച്ച് : ട്രെവര്‍ മോര്‍ഗന്‍
ഐ ലീഗ് റെക്കോര്‍ഡ്: മത്സരം - 424, വിജയം -209, സമനില-113, പരാജയം-102, അടിച്ച ഗോളുകള്‍ -625, വഴങ്ങിയ ഗോളുകള്‍-390
മികച്ച പ്രകടനം : കിരീട ജേതാക്കള്‍ (2001, 2003, 2004)
ടീം പരിചയം: ദേശീയ ലീഗ് ആരംഭിച്ച് പിന്നീട് ഐ ലീഗായതിന് ശേഷവും മുടങ്ങാതെ ലീഗില്‍ പങ്കെടുത്ത ഏക ക്ലബ്ബാണ് ഈസ്റ്റ്ബംഗാള്‍. 1996-97 ലായിരുന്നു പ്രഥമ ദേശീയ ലീഗ്. 2004 ല്‍ മൂന്നാം ദേശീയ ലീഗ് കിരീടം നേടിയതിന് ശേഷം ഈസ്റ്റ്ബംഗാളിന് കിരീടപ്രതാപം കാണിക്കാന്‍ സാധിച്ചിട്ടില്ല. ട്രെവര്‍ മോര്‍ഗന്‍ പരിശീലകനായിരിക്കെ 2011ലും 2012 ലും റണ്ണേഴ്‌സപ്പ് ഫിനിഷിംഗ്. ഉഗാണ്ടയുടെ ഡിഫന്‍ഡര്‍ ഇവാന്‍ ബുകെനിയ, ഹെയ്തി മിഡ്ഫീല്‍ഡര്‍ വെഡ്‌സന്‍ അന്‍സെല്‍മെ, ട്രിനിഡാഡ് സ്‌ട്രൈക്കര്‍ വിലിസ് പ്ലാസ എന്നിവരാണ് വിദേശകരുത്ത്.
മിനെര്‍വ പഞ്ചാബ് എഫ് സി
കോച്ച് : സുരീന്ദര്‍ സിംഗ്
ഐ ലീഗില്‍ അരങ്ങേറ്റം
ടീം പരിചയം: പഞ്ചാബില്‍ നിന്ന് വീണ്ടും ഒരു ഫുട്‌ബോള്‍ ടീം ദേശീയ ശ്രദ്ധയിലേക്ക്. ആറ് വര്‍ഷമായി ഐ ലീഗില്‍ പഞ്ചാബില്ല. 2010-11 സീസണില്‍ ജെ സി ടി ഫഗ്വാര ക്ലബ്ബിനെ പിന്‍വലിച്ചതോടെയാണ് പഞ്ചാബിന്റെ സാന്നിധ്യമില്ലാതായത്. 2016 ഐ ലീഗ് രണ്ടാം ഡിവിഷനില്‍ മിനെര്‍വ റണ്ണേഴ്‌സപ്പായിരുന്നു. നൈജീരിയന്‍ സ്‌ട്രൈക്കര്‍ ജോയല്‍ സണ്ടേയുടെ പരിചയ സമ്പത്ത് മുതല്‍ക്കൂട്ടാണ്. രംഗ്ദജീദ് യുനൈറ്റ്ഡ്, ഐസ്വാള്‍ എഫ് സി ക്ലബ്ബുകളുടെ താരമായിരുന്നു സണ്ടേ. മറ്റൊരു സ്‌ട്രൈക്കര്‍ ഗുവാമിന്റെ മാര്‍കസ് ലോപസാണ്.
മോഹന്‍ബഗാന്‍
കോച്ച് : സഞ്‌ജോയ് സെന്‍
ഐ ലീഗ് റെക്കോര്‍ഡ്് : മത്സരം-140, വിജയം-177, സമനില-128, പരാജയം-105, അടിച്ച ഗോളുകള്‍-564, വഴങ്ങിയ ഗോളുകള്‍-413
മികച്ച പ്രകടനം: കിരീട ജേതാക്കള്‍ (1998, 2000, 2002, 2015)
ടീം പരിചയം: 2015 ചാമ്പ്യന്‍മാരായ ബഗാന് കഴിഞ്ഞ സീസണില്‍ കിരീടം നഷ്ടമായത് തലനാരിഴക്കാണ്. ഇത്തവണ കിരീടഫേവറിറ്റാണ് ഫെഡറേഷന്‍ കപ്പ് ജേതാക്കളായ ബഗാന്‍. എഫ് സി പൂനെ സിറ്റിയുടെ ഡിഫന്‍ഡര്‍ എഡ്വോര്‍ഡോ ഫെരേറ, സോണി നോര്‍ദെ, കാസുമി യുസ എന്നീ പ്രതിഭകള്‍ ടീമിലുണ്ട്.
മുംബൈ എഫ് സി
കോച്ച്: സന്തോഷ് കശ്യപ്
ഐ ലീഗ് റെക്കോര്‍ഡ്: മത്സരം-186, വിജയം-51, സമനില-65, പരാജയം-70, അടിച്ച ഗോളുകള്‍ -210, വഴങ്ങിയ ഗോളുകള്‍-253.
മികച്ച പ്രകടനം : അഞ്ചാം സ്ഥാനം (2016)
ടീം പരിചയം: ഐ ലീഗില്‍ അരങ്ങേറ്റത്തില്‍ ഞെട്ടിച്ച ടീമാണ് മുംബൈ എഫ് സി. 2008-09 സീസണില്‍ മോഹന്‍ ബഗാനെയും ഈസ്റ്റ് ബംഗാളിനെയും എവേ മത്സരത്തില്‍ തോല്‍പ്പിച്ചാണ് മുംബൈ എഫ് സി ദേശീയ ക്ലബ്ബ് ഫുട്‌ബോളില്‍ വരവറിയിച്ചത്. ഇത്തവണ സന്തോഷ് കശ്യപാണ് കോച്ച്. കഴിഞ്ഞ രണ്ട് സീസണുകളില്‍ ഷില്ലോംഗ് റോയല്‍ വാഹിംഗ്‌ദോയുടെ പരിശീലകനായിരുന്നു സന്തോഷ്. മുന്‍ ഇന്ത്യന്‍ താരം സ്റ്റീവന്‍ ഡയസ് ടീമിലുണ്ട്.
ഷില്ലോംഗ് എഫ് സി
കോച്ച്: താംഗ്‌ബോയ് സിംഗ്‌ദോ
ഐ ലീഗ് റെക്കോര്‍ഡ്്: മത്സരം-138, വിജയം-37, സമനില-45, പരാജയം-56, അടിച്ച ഗോളുകള്‍-156, വഴങ്ങിയ ഗോളുകള്‍-212
മികച്ച പ്രകടനം : ആറാം സ്ഥാനം (2014,2016)
ടീം പരിചയം: 2009-10 ലാണ് ലീഗ് അരങ്ങേറ്റം. അതേ വര്‍ഷം ഫെഡറേഷന്‍ കപ്പ് ഫൈനല്‍ കളിച്ചു. ഈസ്റ്റ്ബംഗാളിനോട് ഷൂട്ടൗട്ടിലാണ് തോറ്റത്. ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ ഫാബിയോ പെന, കാമറൂണിന്റെ അസെര്‍ ഡിപാന്‍, ജപ്പാന്റെ യുത കിനോവാകി, റുമാനിയന്‍ സെന്റര്‍ ബാക്ക് ഡാന്‍ ഇഗ്നാറ്റ് എന്നിവര്‍ ടീമിന്റെ നെടുംതൂണുകള്‍