പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ മൊണാക്കോ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ബോര്‍ഡിയക്‌സിനെ തകര്‍ത്തു. കൊളംബിയന്‍ സ്‌ട്രൈക്കര്‍ റഡാമെല്‍ ഫാല്‍കോയുടെ ഹാട്രിക്കാണ് മൊണാക്കോയെ കുതിപ്പിച്ചത്. 2012 ഡിസംബറിന് ശേഷം ഫാല്‍കോ നേടുന്ന ആദ്യ ഹാട്രിക്കാണിത്. യൂറോപ്യന്‍ ഫുട്‌ബോളിലെ ഏറ്റവും അപകടകാരിയായ സ്‌ട്രൈക്കറായി മാറിയ ഫാല്‍കോക്ക് 2014 ലോകകപ്പിന് തൊട്ട് മുമ്പുണ്ടായ പരുക്കിനെ തുടര്‍ന്ന് ഫോം നഷ്ടമായി.
പിന്നീട് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ചെല്‍സി ക്ലബ്ബുകളില്‍ ഗ്രഹണകാലമായിരുന്നു ഈ സൂപ്പര്‍ സ്‌ട്രൈക്കര്‍ക്ക്. മാഞ്ചസ്റ്ററിനായി 29 മത്സരങ്ങളില്‍ നിന്ന് നാല് ഗോളുകളും ചെല്‍സിക്കായി പന്ത്രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു ഗോളും മാത്രമാണ് ഫാല്‍കോ നേടിയത്. ഫ്രാന്‍സില്‍ മൊണാക്കോ ക്ലബ്ബില്‍ തിരിച്ചെത്തിയതിന് ശേഷം ഫാല്‍കോ പഴയ ഫോം വീണ്ടെടുത്തു. ബോര്‍ഡിയക്‌സിനെതിരെ 4, 53, 60 മിനുട്ടുകളിലായിരുന്നു ഫാല്‍കോയുടെ ഹാട്രിക്ക്.

ലീഗില്‍ പതിനേഴ് മത്സരങ്ങളില്‍ 39 പോയിന്റോടെ നിസെക്കൊപ്പം നില്‍ക്കുന്ന മൊണാക്കോ താത്കാലികമായി ഒന്നാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളില്‍ 53 ഗോളുകള്‍ നേടിയ മൊണാക്കോ മികച്ച ഗോള്‍ ശരാശരി കാത്ത് സൂക്ഷിക്കുന്നു.
ഗോള്‍ നില
ബോര്‍ഡിയക്‌സ് 0-4 മൊണാക്കോ
നാന്‍സി 2-0 ആംഗേഴ്‌സ്
ടുലുസെ 3-2 ലോറിയന്റ്
ബാസ്റ്റിയ 2-0 മെറ്റ്‌സ്
ലില്ലെ 2-1 മോണ്ട്‌പെലിയര്‍
ഡിജോണ്‍ 1-2 മാഴ്‌സെ