കേരള ബ്ലാസ്‌റ്റേഴ്‌സ് ഒഴിവാക്കിയ ഇയാന്‍ ഹ്യൂം മറ്റൊരു ഐഎസ്എല്‍ ടീമുമായി കരാറിലെത്തി
പൂണെ: കേരള ബ്ലാസ്റ്റേഴ്‌സിലൂടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിയാരംഭിച്ച കനേഡിയന്‍ താരം ഇയാന്‍ ഹ്യൂമിന് ഇനി പുതിയ തട്ടകം. പുതിയ സീസണില്‍ പൂണെ സിറ്റിക്കൊപ്പമാണ് ഹ്യൂം പന്തുതട്ടുക. കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന ഹ്യൂമിനെ ഇത്തവണ മാനേജ്‌മെന്റ് താത്പര്യമില്ലെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. ഹ്യൂം തന്നെ ഇക്കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നു.
വ്യാഴാഴ്ച ഹ്യൂമുമായി പൂണെ സിറ്റി മാനേജ്‌മെന്റ് കരാറിലേര്‍പ്പെട്ടു. അടുത്ത സീസണിലും കരാര്‍ പുതുക്കാവുന്ന രീതിയിലാണ് ഹ്യൂമിനെ ടീമിലെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഹ്യൂമിന് വേണ്ടി എത്ര ലക്ഷം മുടക്കിയെന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ സീസണില്‍ കേരളത്തിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാത്തതാണ് താരത്തെ നിലനിര്‍ത്താന്‍ മാനേജ്‌മെന്റിനെ പ്രേരിപ്പിക്കാതിരുന്നത്.

ആദ്യ സീസണില്‍ തന്നെ ടൂര്‍ണമെന്റിലെ താരം
ഐഎസ്എല്ലിന്റെ ആദ്യ സീസണില്‍ തന്നെ ശ്രദ്ധേയമായ താരമാണ് ഹ്യൂം. കേരളത്തിനുവേണ്ടി നടത്തിയ പ്രകടനം ടീമിനെ ഫൈനല്‍വരെ എത്തിക്കുന്നതില്‍ നിര്‍ണായകമായി. ഫൈനലില്‍ അത്‌ലറ്റിക്കോ കൊല്‍ക്കത്തയോട് തോറ്റെങ്കിലും ഹ്യൂം ആയിരുന്നു ആ സീസണിലെ മികച്ച താരം.

ഐഎസ്എല്ലിലെ റെക്കോര്‍ഡ് സ്വന്തം
ഐഎസ്എല്ലിന്റെ ചരിത്രത്തില്‍ കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന ബഹുമതിയും ഇപ്പോള്‍ ഈ കാനഡക്കാരനാണ്. കേരള ബ്ലാസ്‌റ്റേഴ്‌സിനും, അത്‌ലറ്റിക്കോ കൊല്‍ക്കത്തയ്ക്കും വേണ്ടി കളിച്ച താരം ആകെ 59 മത്സരങ്ങളില്‍നിന്നായി 28 ഗോളുകളാണ് നേടിയത്. ഹ്യൂം തന്നെയാണ് ഐഎസ്എല്ലില്‍ കൂടുതല്‍ കളികളില്‍ മൈതാനത്തിറങ്ങിയ കളിക്കാരനും.

കഴിഞ്ഞ സീസണിലെ പരിക്ക് തിരിച്ചടിയായി
കൊല്‍ക്കത്തയില്‍ നിന്നും കഴിഞ്ഞ സീസണില്‍ കേരളത്തിലേക്ക് മടങ്ങിയെത്തിയ മലയാളി ആരാധകരുടെ പ്രിയപ്പെട്ട ഹ്യൂമേട്ടന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. മാത്രവുമല്ല, ഫിബ്രുവരിയില്‍ കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ഇതിനുശേഷം നടന്ന കളികള്‍ നഷ്ടമാകുകയും ചെയ്തു. കാലിന് ശസ്ത്രക്രിയ നടത്തിയ ഹ്യൂം ഇംഗ്ലണ്ടിലും ഇന്ത്യയിലുമായി തിരിച്ചവരവിനുള്ള ഒരുക്കത്തിലായിരുന്നു.

പുതിയ പ്രതീക്ഷയില്‍ പൂണെയില്‍
ഹ്യൂം പരിക്കില്‍നിന്നും പൂര്‍ണായും മുക്തനായിട്ടില്ല. പൂണെ മെഡിക്കല്‍ ടീമിന്റെ നിരീക്ഷണത്തിലായിരിക്കും ഹ്യൂമിന്റെ തുടര്‍പരിശീലനമെന്ന് പൂണെ സിഇഒ ഗൗരവ് മോദ്‌വെല്‍ പറഞ്ഞു. 12-14 ആഴ്ചകള്‍ക്കുള്ളില്‍ ഹ്യൂം കളിക്കളത്തിലെത്തുമെന്നാണ് പ്രതീക്ഷ. ടീമിന് ഹ്യൂം മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഐഎസ്എല്ലിലേക്ക് മടങ്ങിവരാന്‍ കഴിഞ്ഞതില്‍ ഇയാന്‍ ഹ്യൂമും സന്തോഷം പ്രകടിപ്പിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications