പാരിസ്: മൗറോ ഇക്കാര്‍ഡിയുടെ ഹാട്രിക് മികവില്‍ സെന്റ് എറ്റിനെയെ തകര്‍ത്ത് വമ്പന്മാരായ പിഎസ്ജി ഫ്രഞ്ച് ലീഗ് കപ്പിന്റെ സെമിയിലെത്തി. ക്വാര്‍ട്ടറില്‍ 6-1നായിരുന്നു മുന്‍ ചാമ്പ്യന്മാരുടെ ജയം. കഴിഞ്ഞദിവസം നടന്ന മറ്റു മത്സരങ്ങളില്‍ ലില്ലെ അമീന്‍സിനെ 2-0ത്തിനും ലിയോണ്‍ ബ്രെസ്റ്റിനെ 3-1നും പരാജയപ്പെടുത്തി. റീംസ് സ്ട്രാസ്ബര്‍ഗിനെ 4-2 എന്ന നിലയില്‍ പെനാല്‍റ്റിയില്‍ മറികടന്നു.
ഇന്റര്‍മിലാനില്‍ നിന്നും വായ്പയായി പി.എസ്.ജിയിലെത്തിയ ഇക്കാര്‍ഡി 2, 49, 57 മിനിറ്റുകളിലായാണ് ഹാട്രിക് തികച്ചത്. മത്സരത്തിന്റെ തുടക്കംമുതല്‍ പിഎസ്ജി ആധിപത്യം നേടിയതോടെ പരുക്കന്‍ അടവുകള്‍ പുറത്തെടുത്ത എറ്റിനെയ്ക്ക് 31-ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡും കിട്ടി. പി.എസ്.ജിയുടെ ഡി മരിയയെ ഫൗള്‍ ചെയ്തതിന് മത്സരത്തിലെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് എറ്റിനെയുടെ ഫൊഫാന പുറത്താവുകയായിരുന്നു.

ഇതോടെ മത്സരത്തില്‍ പൂര്‍ണ മേല്‍ക്കൈ നേടിയ പിഎസ്ജി ഗോളുകള്‍ അടിച്ചുകൂട്ടി വിജയം ഉറപ്പിച്ചു. നെയ്മര്‍(39), കിലിയന്‍ എംബാപ്പെ(67) എന്നിവരുടെ ഗോളുകള്‍ കൂടാതെ ജെസ്സി മൗലിന്‍(44) നേടിയ സെല്‍ഫ് ഗോളും എറ്റിനെയുടെ വിധിയെഴുതി. 71-ാം മിനിറ്റില്‍ യൊഹാന്‍ കബായെ ടീമിനായി ആശ്വാസഗോള്‍ കണ്ടെത്തി. പി.എസ്.ജിയിലെത്തിയ ശേഷം മികച്ച പ്രകടനം നടത്തുന്ന ഇക്കാര്‍ഡി 19 കളികളില്‍ നിന്നും 17 ഗോളുകളാണ് നേടിയത്.