മുംബൈ: പ്രോ കബഡി ലീഗിന്‍െ 10ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. വ്യക്തമായ ആധിപത്യം നേടിയെടുക്കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ലെന്ന് പറയാം. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഓരോ സ്ഥാനങ്ങള്‍ക്കുമായി നടക്കുന്നത്. പോരാട്ടം മുറുകവെ കൂടുതല്‍ കരുത്ത് കാട്ടുന്ന താരങ്ങള്‍ ആരൊക്കെ. റൈഡര്‍മാരിലും പ്രതിരോധ താരങ്ങളിലും ആരൊക്കെ മുന്നിട്ട് നില്‍ക്കുന്നു?. ഇതുവരെയുള്ള പ്രകടനം വിലയിരുത്തി പരിശോധിക്കാം.
റൈഡ് പോയിന്റില്‍ മുന്നിട്ട് നില്‍ക്കുന്നത് അര്‍ജുന്‍ ദേശ് വാളാണ്. ഈ സീസണില്‍ 150 റൈഡ് പോയിന്റ് നേടുന്ന ആദ്യത്തെ താരമാണ് അര്‍ജുന്‍. ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സിന്റെ താരത്തിന് നിലവില്‍ ഈ സീസണില്‍ 157 റൈഡ് പോയിന്റാണുള്ളത്. ടൂര്‍ണമെന്റ് മുന്നോട്ട് പോകവെ താരം ഇതേ ഫോം തുടരുമോയെന്നതാണ് കണ്ടറിയേണ്ടത്. 126 പോയിന്റുമായി ആഷു മാലിക്കാണ് രണ്ടാം സ്ഥാനത്ത്. ദബാങ് ഡല്‍ഹി താരം മനീന്ദര്‍ സിങ് 120 റൈഡ് പോയിന്റോടെ മൂന്നാം സ്ഥാനത്താണ്.

സച്ചിന് 108 റൈഡ് പോയിന്റും പവന്‍ സെഹ്‌റാവത്തിന് 107 പോയിന്റുമാണുള്ളത്. കൂടുതല്‍ ടാക്കിള്‍ പോയിന്റുള്ള താരങ്ങളില്‍ ശുബം ഷിന്‍ഡെയാണ് തലപ്പത്ത്. റൈറ്റ് കോര്‍ണര്‍ താരം 47 പോയിന്റോടെയാണ് തലപ്പത്ത് നില്‍ക്കുന്നത്. 46 പോയിന്റോടെ സഹില്‍ ഗുലിയ രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം സ്ഥാനത്ത് മൂന്ന് പേരാണുള്ളത്. മുഹമ്മദ്‌റീസ ഷാല്‍ദൗ, സാഗര്‍ റാത്തെ, അന്‍കുഷ് എന്നിവര്‍ക്ക് 45 പോയിന്റുകളാണുള്ളത്. എന്നാല്‍ പോരാട്ടം കടുക്കവെ ഇതില്‍ മാറ്റങ്ങള്‍ വന്നേക്കും.
കൂടുതല്‍ സൂപ്പര്‍ ടാക്കിളുകള്‍ ചെയ്ത താരം രാഹുല്‍ സെത്പാലാണ്. 10 സൂപ്പര്‍ ടാക്കിളുകളാണ് താരത്തിന്റെ പേരിലുള്ളത്. അഞ്ച് ഹൈ 5സുമായി രാഹുല്‍ സെത്പാളും സഹില്‍ ഗുലിയയും മുന്നിട്ട് നില്‍ക്കുകയാണ്. സൂപ്പര്‍ താരം പര്‍ദീപ് നാര്‍വാള്‍ 13 മത്സരത്തില്‍ നിന്ന് 106 പോയിന്റാണ് നേടിയിട്ടുള്ളത്. ഗുമാന്‍ സിങ് 100 റൈഡിങ് പോയിന്റും നേടിയിട്ടുണ്ട്.
ഇത്തവണത്തെ ഇതുവരെയുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സിന്റെ കുതിപ്പാണ് കാണുന്നത്. 14 മത്സരത്തില്‍ നിന്ന് 58 പോയിന്റാണ് ജയ്പൂര്‍ ടീമിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള പുനേരി പള്‍ത്താനാണ് 52 പോയിന്റാണുള്ളത്. എന്നാല്‍ ജയ്പൂരിനെക്കാള്‍ രണ്ട് മത്സരം കുറവാണ് പുനേരി പള്‍ത്താന്‍ കളിച്ചിട്ടുള്ളത്. ദബാങ് ഡല്‍ഹി കെസി 13 മത്സരത്തില്‍ നിന്ന് 44 പോയിന്റോടെ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.
13 മത്സരത്തില്‍ നിന്ന് ഗുജറാത്ത് ജയ്ന്റ്‌സിനും 44 പോയിന്റുകളുണ്ട്. 13 മത്സരത്തില്‍ നിന്ന് 39 പോയിന്റുള്ള ഹരിയാന സ്റ്റീലേഴ്‌സ് അഞ്ചാം സ്ഥാനത്തുമുണ്ട്. 12 മത്സരത്തില്‍ 1 ജയം മാത്രം നേടിയ തെലുങ്കു ടൈറ്റന്‍സാണ് നിലവില്‍ അവസാന സ്ഥാനത്ത്. യുപി യോദ്ധാസ് 13 മത്സരത്തില്‍ 3 മത്സരം മാത്രമാണ് ജയിച്ചത്.