പ്രോ കബഡി ലീഗിന്റെ 10ാം സീസണിലെ പ്രാഥമിക റൗണ്ട് പോരാട്ടങ്ങള്‍ ക്ലൈമാക്‌സിലേക്കു അടുക്കുകയാണ്. 12 ടീമുകള്‍ മാറ്റുരയ്ക്കുന്ന ലീഗിന്റെ പ്ലേഓഫ്, ഫൈനല്‍ എന്നിവയുടെ വേദികള്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മാസം 26 മുതല്‍ മാര്‍ച്ച് ഒന്നു വരെ ഹൈദരാബാദിലെ ജിഎംസി ബാലയോഗി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് പ്ലേഓഫും ഫൈനലുമെല്ലാം നടക്കുന്നത്.
ലീഗ് ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ ആദ്യത്തെ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ സെമി ഫൈനലിലേക്കു യോഗ്യത നേടും. എന്നാല്‍ മൂന്നു മുതല്‍ ആറു വരെ സ്ഥാനങ്ങളിലെത്തുന്നവര്‍ എലിമിനേറ്ററില്‍ ഏറ്റുമുട്ടും. ഇതിലെ വിജയികളായിരിക്കും സെമിയിലെ മറ്റു രണ്ടു ടീമുകള്‍. ഈ മാസം 26നാണ് എലിമിനേറ്റര്‍ പോരാട്ടങ്ങള്‍.

പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തും ആറാം സ്ഥാനത്തും ഫിനിഷ് ചെയ്യുന്ന ടീമുകള്‍ തമ്മിലാണ് ആദ്യത്തെ എലിമിനേറ്റര്‍. രണ്ടാമത്തെ എലിമിനേറ്ററില്‍ നാലും അഞ്ചും സ്ഥാനങ്ങളിലുള്ളവര്‍ കൊമ്പുകോര്‍ക്കും. സെമി ഫൈനലുകള്‍ ഈ മാസം 28നാണ് നടക്കുക. തുടര്‍ന്ന് മാര്‍ച്ച് ഒന്നിനായിരിക്കും കബഡി ആരാധകര്‍ മുഴുവന്‍ കാത്തിരിക്കുന്ന കലാശപ്പോരാട്ടം.
പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ് ഇതിനകം പ്ലേഓഫിലേക്കു യോഗ്യത കരസ്ഥമാക്കിക്കഴിഞ്ഞു. 17 മല്‍സരങ്ങളില്‍ നിന്നും 71 പോയിന്റുമായിട്ടാണ് അവര്‍ തലപ്പത്തുള്ളത്. 12 മല്‍സരങ്ങളില്‍ ജയിച്ച പാന്തേഴ്‌സ് രണ്ടു മല്‍സരങ്ങളില്‍ തോല്‍വിയും മൂന്നെണ്ണത്തില്‍ സമനിലയും വഴങ്ങിയിരുന്നു.
ഒരു മല്‍സരം കുറച്ചു കളിച്ചിട്ടുള്ള പുനേരി പള്‍ത്താനാണ് പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാര്‍. 68 പോയിന്റാണ് അവരുടെ പക്കലുള്ളത്. 16 മല്‍സരങ്ങളില്‍ 12 എണ്ണത്തില്‍ ജയിച്ച പുനേരി രണ്ടു വീതം മല്‍സരങ്ങളില്‍ സമനിലയും തോല്‍വിയുമേറ്റു വാങ്ങുകയും ചെയ്തു.
മൂന്നു മുതല്‍ ആറു വരെ സ്ഥാനങ്ങളില്‍ നില്‍ക്കുന്നത് ദബാങ് ഡല്‍ഹി കെസി (59 പോയിന്റ്), പാട്‌ന പിറേറ്റ്‌സ് (53), ഹരിയാന സ്റ്റീലേഴ്‌സ് (50), ഗുജറാത്ത് ജയന്റ്‌സ് (49) എന്നിവരാണ്. ലീഗിലെ അവസാനത്തെ മൂന്നു സ്ഥാനക്കാര്‍ ബംഗാള്‍ വാരിയേഴ്‌സ് (39), യുപി യോദ്ധാസ് (23), തെലുഗു ടൈറ്റന്‍സ് (16) എന്നീ ഫ്രാഞ്ചൈസികളാണ്.