ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ചാംപ്യന്‍മാരുടെ ഗ്ലാമര്‍ പോരില്‍ ചെല്‍സിക്കെതിരേ ആഴ്‌സനലിന് ജയം. ആഴ്‌സനലിന്റെ ഹോംഗ്രൗണ്ടില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ചെല്‍സിയെ മുട്ടുകുത്തിക്കുകയായിരുന്നു. എന്നാല്‍, മുന്‍ ചാംപ്യന്‍മാരായ ലിവര്‍പൂള്‍ വിജയക്കുതിപ്പ് തുടരുകയാണ്. ഈജിപ്ഷ്യന്‍ ഗോളടിവീരന്‍ മുഹമ്മദ് സലായുടെ ഇരട്ട ഗോള്‍ മികവില്‍ ലിവര്‍പൂള്‍ 4-3ന് ക്രിസ്റ്റല്‍ പാലസിനെ മറികടക്കുകയായിരുന്നു.
മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 2-1ന് ബ്രൈറ്റണിനെ തോല്‍പ്പിച്ചപ്പോള്‍ മറ്റു മല്‍സരങ്ങളില്‍ വോള്‍വ്‌സ് 4-3ന് ലെസ്റ്റര്‍ സിറ്റിയെയും ബേണ്‍മൗത്ത് 2-0ന് വെസ്റ്റ്ഹാമിനെയും ന്യൂകാസില്‍ 3-0ന് കാര്‍ഡിഫ് സിറ്റിയെയും സതാംപ്റ്റന്‍ 2-1ന് എവര്‍ട്ടനെയും പരാജയപ്പെടുത്തി. പന്തടക്കത്തില്‍ ആധിപത്യം നേടിയ ചെല്‍സി ആക്രമിച്ചു കളിക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു. എന്നാല്‍, പന്തടക്കത്തേക്കാള്‍ കിട്ടിയ അവസരങ്ങളില്‍ മുന്നേറ്റം നടത്തി ചെല്‍സി ഗോള്‍വല കുലുക്കാനാണ് ആഴ്‌സനല്‍ ശ്രമിച്ചത്. ഈ ശ്രമം വിജയം കാണുകയും ചെയ്തു. കളിയുടെ ഒന്നാംപകുതിയിലെ 14ാം മിനിറ്റില്‍ അലെക്‌സാന്‍ഡ്രെ ലകസേറ്റയും 39ാം മിനിറ്റില്‍ ലോറെന്റ് കൊസിയെന്‍ലിയുമാണ് ഗണ്ണേഴ്‌സിനു വേണ്ടി വലകുലുക്കിയത്.

സീസണില്‍ മികച്ച ഫോം തുടരുകായണ് ലിവര്‍പൂള്‍. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മല്‍സരത്തില്‍ ഏഴ് ഗോളുകളാണ് മല്‍സരത്തില്‍ പിറന്നത്. ലിവര്‍പൂള്‍ അര്‍ഹിച്ച വിജയം കൂടിയാണ് ക്രിസ്റ്റല്‍ പാലസിനെതിരേ സ്വന്തമാക്കിയത്. 46, 75 മിനിറ്റുകളിലായിരുന്നു സലായുടെ ഗോള്‍ നേട്ടം. ഗോള്‍ നേട്ടത്തോടെ പ്രീമിയര്‍ ലീഗില്‍ സലാ 50 ഗോളുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. റോബര്‍ട്ടോ ഫിര്‍മിനോ, സാഡിയോ മാനെ എന്നിവരാണ് ലിവര്‍പൂളിന്റെ മറ്റു സ്‌കോറര്‍മാര്‍. 89ാം മിനിറ്റില്‍ ലിവര്‍പൂളിന്റെ ജെയിംസ് മില്‍നര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. പാലസിനു വേണ്ടി ആന്‍ഡ്രോസ് ടൗണ്‍സെന്റ്, ജെയിംസ് ടോംകിന്‍സ്, മാക്‌സ് മെയെര്‍ എന്നിവര്‍ ലക്ഷ്യംകണ്ടു. പോള്‍ പോഗ്ബ, മാര്‍കസ് റഷ്‌ഫോര്‍ഡ് എന്നിവരാണ് ബ്രൈറ്റണിനെതിരേ മാഞ്ചസ്റ്ററിന്റെ സ്‌കോറര്‍മാര്‍.
പാലസിനെതിരായ വിജയത്തോടെ ലീഗില്‍ ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂള്‍ രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള പോയിന്റ് അകലം വീണ്ടും ഏഴാക്കി വര്‍ധിപ്പിച്ചു. 23 മല്‍സരങ്ങളില്‍ നിന്ന് 60 പോയിന്റുമായാണ് ലിവര്‍പൂള്‍ ലീഗില്‍ തലപ്പത്ത് തുടരുന്നത്. ഒരു മല്‍സരം കുറച്ചു കളിച്ച സിറ്റിക്ക് 53 പോയിന്റാണുള്ളത്. ടോട്ടനം ഹോട്‌സ്പര്‍ (48), ചെല്‍സി (47), ആഴ്‌സനല്‍ (44), മാഞ്ചസ്റ്റര്‍ (44) എന്നിവരാണ് യഥാക്രമം മൂന്നു മുതല്‍ ആറ് സ്ഥാനങ്ങളിലുള്ളത്.