
ലിസ്ബണ്‍: നിലവിലെ യൂറോപ്യന്‍ ചാംപ്യന്‍മാരായ പോര്‍ച്ചുഗലിന് യുവേഫ നാഷന്‍സ് ലീഗ് ഫുട്‌ബോളില്‍ സമനില. ഗ്രൂപ്പ് എയിലെ അപ്രധാനമായ മല്‍സരത്തില്‍ പോളണ്ടാണ് പറങ്കിപ്പടയെ 1-1നു കുരുക്കിയത്. ഗ്രൂപ്പ് ബിയില്‍ സ്വീഡന്‍ 2-0നു റഷ്യയെ തകര്‍ത്തുവിട്ടു. ഗ്രൂപ്പ് സിയില്‍ റുമാനിയ 1-0ന് മോണ്ടെനെഗ്രോയെയും സ്‌കോട്ട്‌ലാന്‍ഡ് 3-2ന് ഇസ്രായേലിനെയും സെര്‍ബിയ 4-1ന് ലിച്ചെന്‍സ്‌റ്റെയ്‌നിനെയും തോല്‍പ്പിച്ചു. ഗ്രൂപ്പ് ഡിയില്‍ കൊസോവോ 4-1ന് അസെര്‍ബെയ്ജാനെ തുരത്തിയപ്പോള്‍ മാള്‍ട്ടയും ഫറോ ഐലാന്‍ഡ്‌സും 1-1നു സമനിലയില്‍ പിരിഞ്ഞു.
മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാതെ വീണ്ടുമിറങ്ങിയ പോര്‍ച്ചുഗലിനായി ആന്ദ്രെ സില്‍വയാണ് ഗോള്‍ നേടിയത്. 33ാം മിനിറ്റിലാിരുന്നു താരത്തിന്റെ ഗോള്‍. 66ാം മിനിറ്റില്‍ അര്‍കാഡിയൂസ് മിലിച്ചിന്റെ പെനല്‍റ്റി ഗോളില്‍ പോളണ്ട് സമനില പിടിച്ചുവാങ്ങി. 63ാം മിനിറ്റില്‍ ഡാനിലോ പെരരേ നേരിട്ടു ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായതിനെ തുടര്‍ന്ന് പോര്‍ച്ചുഗല്‍ 10 പേരായി ചുരുങ്ങിയപ്പോഴാണ് പോളണ്ട് തിരിച്ചടിച്ചത്. നേരത്തേ നാഷന്‍സ് ലീഗിന്റെ സെമി ഫൈനലില്‍ കടന്നതിനാല്‍ പോളണ്ടിനെതിരായ സമനില പോര്‍ച്ചുഗലിനെ ബാധിക്കില്ല.
അതേസമയം, സൗഹൃദ മല്‍സരങ്ങളില്‍ ലോക ചാംപ്യന്‍മാരായ ഫ്രാന്‍സ് 1-0നു ഉറുഗ്വേയെയും ഇറ്റലി ഇതേ സ്‌കോറിന് അമേരിക്കയെയും ചിലി 4-1ന് ഹോണ്ടുറസിനെയും കോസ്റ്ററിക്ക 3-2ന് പെറുവിനെയും തോല്‍പ്പിച്ചു. ഉറുഗ്വേയ്‌ക്കെതിരായ കളിക്കിടെ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയ്ക്കു പരിക്കേറ്റത് ഫ്രാന്‍സിന് അപ്രതീക്ഷിത തിരിച്ചടിയായി മാറി.