ലോകകപ്പ്: ഫ്രാന്‍സോ, ബെല്‍ജിയമോ? വിധി കാത്ത് ഫുട്‌ബോള്‍ ലോകം, എല്ലാം ഇവരുടെ കൈയില്‍!!

മോസ്‌കോ: റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളിന്റെ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ നടക്കാനിരിക്കെ ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ ആകാംക്ഷയിലാണ്. ഏറ്റവും മികച്ച പ്രകടനം നടത്തിയ നാലു ടീമുകള്‍ തന്നെയാണ് ഇത്തവണ അവസാന നാലില്‍ എത്തിയിട്ടുള്ളത്. ഫ്രാന്‍സും ഇംഗ്ലണ്ടും പ്രതീക്ഷ തെറ്റിക്കാതെ മുന്നേറിയയപ്പോള്‍ പ്രവചനങ്ങള്‍ കാറ്റില്‍ പറത്തിയവരാണ് ബെല്‍ജിയവും ക്രൊയേഷ്യയും.
സെമി ഫൈനലില്‍ ബെല്‍ജിയമാണ് ഫ്രാന്‍സിന്റെ എതിരാളികളെങ്കില്‍ ഇംഗ്ലണ്ട് ക്രൊയേഷ്യയെയാണ് നേരിടുന്നത്. ഫ്രാന്‍സും ബെല്‍ജിയവും തമ്മിലുള്ള സെമി ഫൈനലില്‍ തുറുപ്പുചീട്ടുകളായി മറാന്‍ ശേഷിയുള്ള ചില താരങ്ങളുണ്ട്. മല്‍സരിവിധി തന്നെ നിര്‍ണയിക്കാന്‍ മിടുക്കുള്ള ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

റൊമേലു ലുക്കാക്കു (ബെല്‍ജിയം)
ഈ ലോകകപ്പില്‍ ബെല്‍ജിയത്തിന്റെ ഏറ്റവും മികച്ച താരം സ്‌ട്രൈക്കര്‍ റൊമേലു ലു ക്കാക്കുവാണ്. നാലു ഗോളുകള്‍ ഇതിനകം നേടിക്കഴിഞ്ഞ അദ്ദേഹം എതിര്‍ ടീമുകള്‍ക്ക് വലിയ വെല്ലുവിളി തന്നെയാണ് ഉയര്‍ത്തുന്നത്. ലുക്കാക്കുവിന് പന്ത് ലഭിച്ചാല്‍ പലപ്പോഴും തട്ടിയെടുക്കാന്‍ പോലും എതിര്‍ ടീമുകള്‍ക്കാവുന്നില്ല. ക്വാര്‍ട്ടറില്‍ കരുത്തരായ ബ്രസീലിനെ ശരിക്കും വെള്ളം കുടിപ്പിച്ചതും ലുക്കാക്കുവായിരുന്നു. ഒന്നിലേറെ താരങ്ങള്‍ വളഞ്ഞിട്ടു പിടിച്ചിട്ടും അവയെല്ലാം തകര്‍ത്ത് ലുക്കാക്കുവിന്റെ കുതിപ്പാണ് കണ്ടത്.

കിലിയന്‍ എംബാപ്പെ (ഫ്രാന്‍സ്)
ഈ ലോകകപ്പിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാര പട്ടികയില്‍ മുന്‍പന്തിയിലുള്ള താരം ഫ്രാന്‍സിന്റെ യങ് സെന്‍സേഷന്‍ കിലിയന്‍ എംബാപ്പെയാണ്. മിന്നല്‍ വേഗം കൊണ്ട് എതിര്‍ പ്രതിരോധത്തെ കീറിമുറിക്കാന്‍ ശേഷിയുള്ള താരത്തിന്റെ ഷൂട്ടിങ് പാടവും അപാരമാണ്. പ്രീക്വാര്‍ട്ടറില്‍ കിരീട ഫേവറിറ്റുകളായ അര്‍ജന്റീനയുടെ അന്തകനായത് 19 കാരനായ എംബാപ്പെയായിരുന്നു.
ഈ ലോകകപ്പില്‍ ഇതിനകം മൂന്നു ഗോളുകള്‍ താരം നേടിക്കഴിഞ്ഞു. ബ്രസീല്‍ ഇതിഹാസം പെലെയ്ക്കു ശേഷം ലോകകപ്പില്‍ മൂന്നു ഗോളുകള്‍ നേടിയ ആദ്യ യുവ താരം കൂടിയാണ് എംബാപ്പെ.

കെവിന്‍ ഡി ബ്രുയ്ന്‍ (ബെല്‍ജിയം)
ലുക്കാക്കു കഴിഞ്ഞാല്‍ ബെല്‍ജിയത്തിന്റെ മറ്റൊരു മിന്നുംതാരം അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ കെവിന്‍ ഡി ബ്രുയ്‌നാണ്. ചടുലമായ വേഗം കൊണ്ടും ഫിനിഷിങ് മികവ് കൊണ്ടും ഡിബ്രുയ്ന്‍ ടീമിന്റെ കുന്തമുനയായിക്കഴിഞ്ഞു.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലിന്റെ കഥ കഴിച്ച ബെല്‍ജിയത്തിന്റെ രണ്ടാം ഗോള്‍ നേടിയതും അദ്ദേഹമായിരുന്നു.
സെമി ഫൈനലില്‍ ഡിബ്രുയ്‌നെ പിടിച്ചുനിര്‍ത്തുന്നതിനെ ആശ്രയിച്ചിരിക്കും ഫ്രാന്‍സിന്റെ വിജയസാധ്യകള്‍.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.
കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications