ബ്രസീല്‍ ഫുട്‌ബോളിലെ അടുത്ത പ്രതിഭാസം ഈ താരം! ബയേണ്‍ മ്യൂണിക്ക് റാഞ്ചും
ജനിച്ച് വീഴുന്നവരെല്ലാം ഫുട്‌ബോള്‍ പ്രതിഭകളാകുന്ന നാടാണ് ബ്രസീല്‍. പെലെയും ഗാരിഞ്ചയും ദീദിയും വാവയും സോക്രട്ടീസും റൊമാരിയോയും റൊണാള്‍ഡോയും റൊണാള്‍ഡീഞ്ഞോയും കക്കയും നെയ്മറും എല്ലാം ഇടമുറിയാതെ ബ്രസീല്‍ ഫുട്‌ബോളില്‍ സംഭവിച്ച പ്രതിഭാസങ്ങളാണ്. അത് നിലയ്ക്കുന്നില്ല. കുട്ടീഞ്ഞോയും തിയാഗോ സില്‍വയും ഫിര്‍മിനോയുമെല്ലാം ലോകഫുട്‌ബോളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞവരാണ്. ഒരു പ്രതിഭക്കായി ദീര്‍ഘകാലം കാത്തിരിക്കേണ്ട ഗതികേട് ബ്രസീലിനില്ല. ഇപ്പോള്‍, പുതിയൊരു താരോദയം സംഭവിച്ചിട്ടുണ്ട്. ഫ്‌ളുമിനെന്‍സിന്റെ പെഡ്രോ. ഇരുപത്തൊന്ന് വയസാണ് പ്രായം. മാര്‍സലോ, തിയഗോ സില്‍വ, ഡെക്കോ എന്നീ പ്രതിഭകളെ സംഭാവന ചെയ്ത ക്ലബ്ബാണ് ഫ്‌ളുമിനെന്‍സ്.

ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട് ലെവന്‍ഡോസ്‌കിയെ പോലെ കംപ്ലീറ്റ് സ്‌ട്രൈക്കര്‍ ആണ് പെഡ്രോ. വായുവില്‍ ഉയര്‍ന്ന് ചാടും, കാലില്‍ കൃത്യതയുണ്ട്, ക്ലിനിക്കല്‍ ഫിനിഷിംഗുണ്ട്. വര്‍ഷങ്ങളായി ലെവന്‍ഡോസ്‌കി സ്ഥിരത പുലര്‍ത്തുന്നത് ഈ മികവുകള്‍ കൈമോശം വരുത്താതെയാണ്. പെഡ്രോ ആഭ്യന്തര സീസണില്‍ പത്തൊമ്പത് മത്സരങ്ങള്‍ കളിച്ചപ്പോള്‍ പത്ത് തകര്‍പ്പന്‍ ഗോളുകള്‍ നേടിയിട്ടുണ്ട്. സഹതാരങ്ങളെ കൊണ്ട് ഗോള്‍ അടിപ്പിക്കാനുള്ള വാസനയും പെഡ്രോയിലുണ്ട്. ലീഗില്‍ നടത്തിയ രണ്ട് അസിസ്റ്റുകള്‍ അത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഇത് കണ്ടിട്ടാണ് ബ്രസീല്‍ ദേശീയ ടീമിന്റെ മുഖ്യ പരിശീലകന്‍ ടിറ്റെ യുവതാരത്തെ ടീമിലേക്ക് ക്ഷണിച്ചത്.

ഓഗസ്റ്റില്‍ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിലായിരുന്നു പെഡ്രോക്ക് അവസരമൊരുങ്ങിയത്. എന്നാല്‍, പരുക്ക് വില്ലനായി. ഇതേ തുടര്‍ന്ന് പെഡ്രോക്ക് പകരം റിചാര്‍ലിസനാണ് കളിച്ചത്. ഫ്‌ളുമിനെന്‍സില്‍ പെഡ്രോയും റിചാര്‍ലിസനും ഒരുമിച്ച് കളിച്ചിട്ടുണ്ട്. അവിടെ നിന്നാണ് റിചാര്‍ലിസന്‍ വാട്‌ഫോര്‍ഡിലേക്ക് ചേക്കേറിയത്. ഇവരുടെ കൂട്ടുകെട്ട് ബ്രസീലിന് ഏറെ ഗുണം ചെയ്യുമെന്ന് കണ്ടിട്ട് കൂടിയാണ് ടിറ്റെ പെഡ്രോയെ ദേശീയ ടീമിലേക്ക് ക്ഷണിച്ചത്. ആദ്യ സീസണില്‍ തന്നെ വാട്‌ഫോഡില്‍ തിളങ്ങിയ റിചാര്‍ലിസന്‍ കഴിഞ്ഞ വര്‍ഷം എവര്‍ട്ടണിലേക്ക് പോയത് അമ്പത് ദശലക്ഷം പൗണ്ടിന്റെ റെക്കോര്‍ഡ് ട്രാന്‍സ്ഫറിലാണ്.

പെഡ്രോയുടെ കരിയറും സമാനമായ രീതിയില്‍ വലിയ കുതിപ്പിലാണ്. പ്രതിരോധ നിരയെ ഭയപ്പെടുത്തുന്ന സ്‌ട്രൈക്കറായി പെഡ്രോ മാറിക്കഴിഞ്ഞു. ഒരു മത്സരത്തില്‍ 2.9 ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് തൊടുത്തു വിടുന്നു എന്നതാണ് പെഡ്രോയുടെ ശരാശരി. ഇതിന്റെ അര്‍ത്ഥം ഗോള്‍ കീപ്പര്‍ എപ്പോഴും പെഡ്രോയുടെ കാലുകളിലേക്ക് ശ്രദ്ധിച്ച് നില്‍ക്കണമെന്നാണ്. പന്ത് കിട്ടിയാലുടന്‍ ലക്ഷ്യത്തിലേക്ക് ഷോട്ടിന് ശ്രമിക്കുക എന്നതാണ് പെഡ്രോയുടെ രീതി. സാധാരണ ബ്രസീല്‍ താരങ്ങളുടെ രീതിയല്ല ഇത്. നെയ്മറും കുട്ടീഞ്ഞോയും കൂടുതല്‍ സമയം പന്ത് കാലില്‍ വെക്കുകയും ട്രിക്കുകള്‍ പുറത്തെടുക്കാന്‍ ശ്രമിക്കുന്നവരുമാണ്. പെഡ്രോയില്‍ സാംബ താളം കുറവാണ്. യൂറോപ്യന്‍ ഫുട്‌ബോളിന് അനുയോജ്യനായ കംപ്ലീറ്റ് സ്‌ട്രൈക്കറാണ് പെഡ്രോ. യൂറോപ്പിലെ അഞ്ച് ടോപ് ലീഗുകളിലും തിളങ്ങാന്‍ സാധിക്കുന്ന പ്ലെയറാണ് പെഡ്രോ. ബോക്‌സിന് പുറത്ത് വെച്ച് പന്ത് വലയിലെത്തിക്കാന്‍ പെഡ്രോക്കുള്ള മിടുക്ക് റയല്‍ മാഡ്രിഡിനെ പോലുള്ള വമ്പന്‍ ക്ലബ്ബുകള്‍ ശ്രദ്ധിച്ചിട്ടുണ്ടാകണം.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടനൊപ്പം ചേരുന്നതാകും പെഡ്രോക്ക് കരിയറില്‍ വലിയ ബ്രേക്ക് ആവുകയെന്ന നിരീക്ഷണമുണ്ട്. കാരണം, അവിടെ റിചാര്‍ലിസനൊപ്പം ചേര്‍ന്നാല്‍ യൂറോപ്യന്‍ ഫുട്‌ബോളിലെ ഏറ്റവും മാരകമായ കോമ്പോ പിറക്കും. ജര്‍മനിയിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കും പെഡ്രോയില്‍ കണ്ണു വെച്ചിട്ടുണ്ട്. റോബര്‍ട് ലെവന്‍ഡോസ്‌കിക്ക് പകരക്കാരനെ തേടുമ്പോള്‍ പെഡ്രോയെ പോലൊരു ഓപ്ഷന്‍ അവര്‍ക്ക് മുന്നില്‍ വേറെയില്ല. ബാഴ്‌സലോണക്ക് ലൂയിസ് സുവാരസ് പോയതിന് ശേഷം അതുപോലൊരു മാരക സ്‌ട്രൈക്കറെ കണ്ടെത്താനായിട്ടില്ലെന്നും ഓര്‍ക്കണം. പെഡ്രോക്ക് നൗകാംപിലേക്കും വിളി വന്നേക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications