മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍താരം പോള്‍ പോഗ്ബ ക്ലബ്ബ് വിട്ടേക്കുമെന്ന വാര്‍ത്തകള്‍ക്കിടെ ഇക്കാര്യത്തില്‍ വ്യക്തതയുമായി താരത്തിന്റെ ഏജന്റ് മിനോ റായിഓല. പോഗ്ബ യുണൈറ്റഡില്‍തന്നെ ഉറച്ചുനില്‍ക്കാന്‍ ആഗ്രഹിക്കുന്ന കളിക്കാരനാണെന്ന് മിനോ പറഞ്ഞു. ക്ലബ്ബിനെ പോഗ്ബ ഏറെ ബഹുമാനിക്കുന്നു. അവര്‍ക്കായി കൂടുതല്‍ കിരീടങ്ങള്‍ നേടാനും കഴിവിന്റെ മുഴുവനും വിനിയോഗിക്കാനുമാണ് പോഗ്ബയുടെ തീരുമാനമെന്നും മിനോ വ്യക്തമാക്കി.
പോഗ്ബയ്ക്ക് പരിക്കിന്റെ പ്രശ്‌നമുണ്ടെന്ന് മിനോ സമ്മതിച്ചു. പരിക്കില്‍നിന്നും പൂര്‍ണമായും മോചിതനാകാനാണ് ഇപ്പോഴത്തെ പ്രധാന ശ്രമം. പോഗ്ബയ്ക്ക് അതിന് കഴിയുമെന്നും മിനോ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പുതുവര്‍ഷദിനത്തിലെ ആഴ്‌സണലിനെതിരായ മത്സരത്തില്‍ പോഗ്ബ കളിക്കാനിറങ്ങുമെന്നാണ് പ്രതീക്ഷ. ശനിയാഴ്ച ബേണ്‍ലിക്കെതിരെ കളിച്ച ടീമില്‍ പോഗ്ബ ഉണ്ടായിരുന്നില്ല.

ദീര്‍ഘനാളായി പരിക്കിന്റെ പിടിയിലുള്ള താരം ഡിസംബര്‍ 22ന് ന്യൂകാസിലിനെ 45 മിനിറ്റ് കളിക്കാനിറങ്ങിയിരുന്നു. എന്നാല്‍, ഇതിനുശേഷം വീണ്ടും വേദനവന്നതോടെ വിശ്രമത്തിലാണ്. പോഗ്ബ പൂര്‍ണ കായികക്ഷമത കൈവരിച്ചില്ലെന്നാണ് പരിശീലകന്‍ ഒലെ ഗണ്ണര്‍ സോള്‍ഷ്യറിന്റെ പ്രതികരണം. ആഴ്‌സണലിനെതിരായ മത്സരത്തിന് മുന്‍പ് താരത്തിന്റെ പരിക്ക് ഭേദമായാല്‍ താരം ആദ്യ ഇലവനില്‍ കളിക്കാനിറങ്ങും. പ്രീമിയര്‍ ലീഗില്‍ മോശം പ്രകടനം കാഴ്ചവെക്കുന്ന യുണൈറ്റഡിന് ആദ്യ നാലില്‍ ഇടംപിടിക്കാന്‍ ഇത്തവണയും കഠിനമായ പോരാട്ടം നടത്തേണ്ടിവരും.