റോം: സൂപ്പര്‍ താരം മെസ്സിക്കൊപ്പം കളിക്കാനുള്ള അവസരം ലഭിച്ചത് തന്റെ സ്വപ്‌ന സാഫല്യമാണെന്ന് യുവന്റസ് മിഡ് ഫീല്‍ഡര്‍ പോള്‍ പോഗ്ബ. ശനിയാഴ്ച നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഫൈനലില്‍ മെസ്സി എതിരാളിയായിട്ടാണ് എത്തുന്നതെങ്കിലും താരത്തിനൊപ്പം ഒരേ മൈതാനത്ത് പന്തു തട്ടുന്നതിന്റെ ആവേശം പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്ന് പോഗ്ബ പറയുന്നു.
അടുത്ത കാലത്ത് യുവന്റിസിന്റെ കുതിപ്പിന് നിര്‍ണായക പങ്കുവഹിച്ചത് ഫ്രഞ്ച് താരമായ പോഗ്ബയാണ്. അടുത്ത സീസണില്‍ റയല്‍ മാഡ്രിഡിലേക്കോ അല്ലെങ്കില്‍ മെസ്സിയുടെ ബാഴ്‌സലോണയിലേക്കോ പോഗ്ബ കൂടുമാറിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ അതിനേക്കാള്‍ ഏറെ പ്രധാനമാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനലെന്ന് പോഗ്ബ പറഞ്ഞു.

മെസ്സി ലോകത്തിലെ ഏറ്റവും മികച്ച താരമാണ്. അദ്ദേഹത്തിനൊപ്പം കളിക്കുന്നത് സ്വപ്‌ന സാഫല്യവും. എല്ലായിപ്പോഴും ബാഴ്‌സയുടെ കളികാണാന്‍ താന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ അവര്‍ തോല്‍ക്കുന്നതു കാണാനാണ് ഇഷ്ടം. ബാഴ്‌സ ഫേവറിറ്റുകളാണെങ്കിലും ഫൈനലില്‍ എന്തും സംഭവിക്കാമെന്നും പോഗ്ബ മുന്നറിയിപ്പു നല്‍കുന്നു.
ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ റയല്‍ മാഡ്രിഡിനെ സെമിയില്‍ തുരത്തിയാണ് യുവന്റസ് ബാഴ്‌സയുമായുള്ള ഫൈനലിന് ബര്‍ലിനിലേക്ക് ടിക്കറ്റെടുത്തത്. മികച്ച പ്രതിരോധമാണ് അവരുടെ പ്രധാന ആയുധം. എന്നാല്‍, അര്‍ജന്റീനയുടെ കാര്‍ലോസ് ടെവസ് നയിക്കുന്ന മുന്നേറ്റ നിരയെ ബാഴ്‌സലോണ പ്രതിരോധത്തിന് തലവേദനയുണ്ടാക്കുമെന്നുറപ്പാണ്.