ലണ്ടന്‍: പോള്‍ പോഗ്ബ ട്രാന്‍സ്ഫര്‍ വിപണിയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട താരമാണ്. അതിനൊരു കാരണം, ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായും അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായും തിളങ്ങാനുള്ള പോഗ്ബയുടെ മിടുക്കാണ്. ഏതൊരു ക്ലബ്ബും സ്വന്തമാക്കാന്‍ കൊതിക്കുന്ന താരം. ഇതാണ് യുവെന്റസില്‍ നിന്ന് ഫ്രഞ്ച് താരത്തെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെത്തിക്കാന്‍ കോച്ച് ജോസ് മൗറിഞ്ഞോയെ പ്രേരിപ്പിച്ചത്. എന്നാല്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെത്തിയതിന് ശേഷം പോഗ്ബക്ക് പഴയ പോലെ ശോഭിക്കാന്‍ സാധിക്കുന്നില്ല.
മൗറിഞ്ഞോയുടെ ട്രാന്‍സ്ഫര്‍ പിഴച്ചുവെന്ന രീതിയില്‍ വിമര്‍ശം ഉയര്‍ന്നു. പോഗ്ബക്കും മനം മടുത്തു. യുവെന്റസില്‍ പുറത്തെടുത്ത മികവ് എവിടെപ്പോയെന്നറിയാതെ താരം നിരാശനായി. ഇപ്പോള്‍ പോഗ്ബ തിരിച്ചറിയുന്നു തന്റെ പൊസിഷനില്‍ മാറ്റം വരുത്തിയാല്‍ യുനൈറ്റഡിന് കുറേക്കൂടി മെച്ചപ്പെട്ട റിസള്‍ട്ടുണ്ടാകുമെന്ന്. അതുകൊണ്ട് പോഗ്ബ ഡീപ്പര്‍ റോളില്‍ നിന്ന് അറ്റാക്കറാകുവാന്‍ ആഗ്രഹിക്കുന്നു.

സീസണില്‍ ഇത്തവണ നിരവധി പൊസിഷനുകളില്‍ പോഗ്ബയെ മൗറിഞ്ഞോ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. പക്ഷേ, അതൊന്നും ക്ലച്ച് പിടിച്ചില്ല. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി കളിക്കുന്നതാണ് താനിപ്പോള്‍ നേരിടുന്ന പ്രതിസന്ധിക്ക് കാരണമെന്ന് പോഗ്ബ പറയുന്നത് കോച്ചിന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ തന്നെയാണ്.
ആറ് പ്രീമിയര്‍ ലഗ് മത്സരങ്ങളില്‍ നിന്ന് ഒരു ഗോള്‍ മാത്രമാണ് പോഗ്ബ നേടിയത്. യഥാര്‍ഥ പോഗ്ബ ഇങ്ങനെയല്ല, ലോക റെക്കോര്‍ഡ് ട്രാന്‍സ്ഫറിനോട് നീതി പുലര്‍ത്താന്‍ പോഗ്ബക്ക് അതിയായ താത്പര്യമുണ്ട്. മൗറിഞ്ഞോയുടെ ടീമിലെ അറ്റാക്കറായി പോഗ്ബയെ നമുക്ക് കാണാന്‍ സാധിച്ചേക്കാം.