പൂണെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആറാം സീസണില്‍ ബെംഗളുരു എഫ്സിയും ഒഡിഷ എഫ്സിയും ആദ്യമായി ഏറ്റുമുട്ടുന്നു. രാത്രി 7.30ന് പൂണെയിലെ ഛത്രപതി ശിവജി സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം. സീസണില്‍ തോല്‍വി അറിയാതെ എത്തുന്ന ബെംഗളുരു ലീഗില്‍ 6 കളികളില്‍നിന്നും 10 പോയന്റോടെ മൂന്നാം സ്ഥാനത്താണ്. ഒഡിഷയാകട്ടെ 6 പോയന്റുമായി ആറാം സ്ഥാനത്താണുള്ളത്.
ഒരു ജയവും മൂന്ന് സമനിലയും ഒരു തോല്‍വിയുമാണ് ഒഡിഷയുടെ അക്കൗണ്ടിലുള്ളത്. സമനിലയില്‍നിന്നും ജയത്തിലേക്ക് മാറാന്‍ ടീമിന് കഴിയുന്നില്ല. എല്ലാ കളികളിലും ഒരേ രീതിയിലുള്ള കളിയാണ് ടീം പുറത്തെടുക്കുന്നത്. പന്തടക്കത്തിലും പാസിങ്ങിലും മുന്നിലുണ്ട്. എന്നാല്‍, മുന്നേറ്റനിരയ്ക്ക് ഗോള്‍ കണ്ടെത്താനാകുന്നില്ല. ബെംഗളുരു കടുത്ത വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ ഇതുവരെ നാലുഗോളടിച്ച അഡ്രിയാന്‍ സന്റാനയിലാണ് ടീമിന്റെ പ്രതീക്ഷ. പ്ലേ മേക്കര്‍ സിസ്കോ ഫെര്‍ണാണ്ടസ്, മാര്‍ക്കോസ് ടെബര്‍, വിനിത് റായ് എന്നിവരും ഫോമിലേക്കെത്തേണ്ടതുണ്ട്.
പാകിസ്താന് പുറത്താക്കിയ ആര്‍തറെ ലങ്കയ്ക്കു വേണം... പുതിയ കോച്ചാവും, ദ്വീപുകാര്‍ ഉടച്ചു വാര്‍ക്കലിന്
അവസാന മത്സരത്തില്‍ അപ്രതീക്ഷിത സമനില വഴങ്ങിയ ബെംഗളുരു ജയം പ്രതീക്ഷിച്ചാണ് ഒഡിഷയ്ക്കെതിരെ പോരാട്ടത്തിനിറങ്ങുന്നത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി മാത്രമേ ഫോമിലേക്കെത്തുന്നുള്ളൂ എന്നതാണ് ബെംഗളുരുവിന്റെ തലവേദന. ഉദാന്ത സിങ്, ആഷിഖ് കരുണിയന് സഖ്യത്തിന് വേണ്ടത്ര മികവുകാട്ടാനാകുന്നില്ല. ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്താന്‍ ബെംഗളുരുവിന് ഇത്തവണ കടുത്ത പോരാട്ടം വേണ്ടിവരുമെന്നുറപ്പാണ്. ഒഡിഷയ്ക്കെതിരായ ജയത്തോടെ ലീഗില്‍ ഒന്നാം സ്ഥാനത്തെത്താമെന്ന പ്രതീക്ഷയിലാണ് ടീം. ബെംഗളുരു ഒരു ഗോളിന് ജയിക്കുമെന്നാണ് പ്രവചനം.