പൂണെ: ഐഎസ്എല്ലില്‍ ഞായറാഴ്ച ഒഡിഷ എഫ് സി-എടിക്കെ മത്സരം. ഇന്ത്യന്‍ സമയം രാത്രി 7.30ന് പൂണെ ശ്രീ ശിവ ഛത്രപതി സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് മത്സരം. നാല് കളികളില്‍നിന്നും 4 പോയന്റുമായി ആറാം സ്ഥാനത്താണ് ഒഡിഷ. അത്‌ലറ്റിക്കോയാകട്ടെ 4 കളികളില്‍ നിന്നും 9 പോയന്റുമായി ഒന്നാം സ്ഥാനത്താണ്. സ്വന്തം മൈതാനത്തെ ജയത്തോടെ മുന്‍നിരയിലെത്താനാകും ഒഡിഷയുടെ ശ്രമം.
കഴിഞ്ഞ നാല് മത്സരങ്ങളും എവേ മത്സരമായിരുന്നു ഒഡിഷയ്ക്ക്. ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തിലാണ് ഒഡിഷയുടെ ഹോം മത്സരങ്ങള്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീടത് പൂണെയിലേക്ക് മാറ്റുകയായിരുന്നു. സീസണില്‍ മൂന്ന് ഗോളുകള്‍ നേടിയ സ്പാനിഷ് സ്‌ട്രൈക്കര്‍ അരിദാനെ സന്റാനയുടെ ഫോമാണ് ഒഡിഷയുടെ പ്രതീക്ഷ. ടീം ഒത്തിണക്കം കാട്ടിത്തുടങ്ങിയത് പരിശീലകന് ആശ്വാസമായിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ആദ്യ മത്സരം തോറ്റശേഷം ഒരു കളിയില്‍പോലും കൊല്‍ക്കത്ത പരാജയമറിഞ്ഞിട്ടില്ല. തുടര്‍ന്നുള്ള മൂന്നുകളികളിലും ജയിച്ച ടീമിന് ഒഡിഷയ്‌ക്കെതിരെയും ജയപ്രതീക്ഷയുണ്ട്. സീസണില്‍ ഇതുവരെയായി 9 ഗോളുകളാണ് അത്‌ലറ്റിക്കോ നേടിയത്. മുന്നേറ്റനിരയില്‍ കൃഷ്ണയും വില്യംസും ഫോമിലാണ്. ഇരുവരും ചേര്‍ന്ന് ആറ് ഗോളുകള്‍ നേടിക്കഴിഞ്ഞു. മധ്യനിരതാരം പ്രണോയ് ഹാള്‍ഡര്‍ കളിച്ചേക്കില്ല. പകരമായി സ്‌നേഹജ് സിങ്ങോ ജയേഷ് റാണെയോ ഇറങ്ങിയേക്കും. അത്‌ലറ്റിക്കോയ്ക്ക് ഒരു ഗോള്‍ മാര്‍ജിനില്‍ ജയിക്കാന്‍ കഴിയുമെന്നാണ് പ്രവചനം.