ലോക ഫുട്‌ബോളിലെ പ്രതിഭാശാലികളായ താരങ്ങളിലൊരാളാണ് നെയ്മര്‍. ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം ഫുട്‌ബോളിലെ സവിശേഷമായ കഴിവുകള്‍ക്കൊണ്ടാണ് ആരാധക ഹൃദയങ്ങളില്‍ ഇടം നേടിയത്. അനായാസമായി ട്രിബിള്‍ ചെയ്യാനും താരങ്ങളെ കബളിപ്പിച്ച് ഗോള്‍ നേടാനുമെല്ലാം കഴിവുള്ള നെയ്മര്‍ കരിയറില്‍ പരിക്കിന്റെ തിരിച്ചടികള്‍ വളരെയധികം നേരിട്ട താരമാണ്. കരിയറിലെ ഏറിയ നല്ലകാലവും പരിക്കിനെത്തുടര്‍ന്ന് നെയ്മറിന് നഷ്ടമായി എന്നതാണ് വസ്തുത.
എങ്കിലും ഇപ്പോഴും ആരാധക മനസില്‍ സ്ഥാനമുള്ള താരങ്ങളിലൊരാളാണ് നെയ്മര്‍. പിഎസ്ജി വിട്ട് സൗദി ക്ലബ്ബിലേക്കെത്തിയ നെയ്മര്‍ ഇപ്പോള്‍ ബ്രസീല്‍ ക്ലബ്ബായ സാന്റോസിലേക്ക് വീണ്ടും മടങ്ങിയിരിക്കുകയാണ്. നെയ്മര്‍ ഒരിക്കല്‍ തന്നെക്കാളും പ്രതിഭകളായി തോന്നിയ ചില താരങ്ങള്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്തിയിരുന്നു. നെയ്മര്‍ തിരഞ്ഞെടുത്ത അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
ലയണല്‍ മെസിയെയാണ് ഒന്നാമനായി നെയ്മര്‍ തിരഞ്ഞെടുത്തത്. ബ്രസീലും അര്‍ജന്റീനയും ചിരവൈരികളാണെങ്കിലും നെയ്മറും മെസിയും അടുത്ത സുഹൃത്തുക്കളാണ്. ബാഴ്‌സലോണയില്‍ ഏറെ നാള്‍ ഇവര്‍ ഒന്നിച്ച് കളിച്ചിരുന്നു. ഇതിന് ശേഷം ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലും ഇവര്‍ ഒന്നിച്ച് കളിച്ചു. ഇപ്പോഴും അടുത്ത സൗഹൃദം സൂക്ഷിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നുണ്ട്. മെസി ലോക ഫുട്‌ബോളിലെ പകരം വെക്കാനില്ലാത്ത താരമാണ്. ലോകകപ്പും കോപ്പാ അമേരിക്കയും നേടിയ മെസി എട്ട് തവണ ബാലന്‍ദ്യോറിലും മുത്തമിട്ടു.
രണ്ടാമതായി ഏദന്‍ ഹസാര്‍ഡിനെയാണ് നെയ്മര്‍ തിരഞ്ഞെടുത്തത്. മുന്‍ ചെല്‍സി, റയല്‍ മാഡ്രിഡ് താരമായ ഹസാര്‍ഡ് ആരാധക ഹൃദയങ്ങളില്‍ ഇടം നേടിയ കളിക്കാരന്മാരിലൊരാളാണ്. ബെല്‍ജിയം കാരനായ ഹസാര്‍ഡ് ഏഴാം നമ്പര്‍ ജേഴ്‌സിയിലാണ് ശോഭിച്ചിരുന്നത്. മൂന്നാമതായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡി ബ്രൂയിനെയാണ് മികച്ചവനായി നെയ്മര്‍ തിരഞ്ഞെടുത്തത്. ബെല്‍ജിയം താരമായ ഡി ബ്രൂയിന്‍ ഗോളൊരുക്കുന്നതില്‍ അസാധ്യ മികവുള്ള താരങ്ങളിലൊരാളാണ്.

നാലാമനായി പിഎസ്ജിയിലെ നെയ്മറിന്റെ സഹതാരമായിരുന്ന മാര്‍ക്കോ വെറേറ്റിയെയാണ് തിരഞ്ഞെടുത്തത്. അഞ്ചാമനായി തിയാഗോ അല്‍കാന്‍ഡ്രയേയും നെയ്മര്‍ തിരഞ്ഞെടുത്തു. ഇറ്റാലിയന്‍ താരമനായ വെറേറ്റി സെന്‍ഡ്രല്‍ മിഡ് ഫീല്‍ഡില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചിരുന്ന താരമാണ്. ഇറ്റലിയുടെ ദേശീയ ടീമിനായും ശോഭിക്കാന്‍ വെറേറ്റിക്കായിട്ടുണ്ട്. തിയാഗോ അല്‍കാന്‍ഡ്ര ലിവര്‍പൂളിനൊപ്പം ശോഭിച്ച താരമാണ്. ബ്രസീലില്‍ ജനിച്ച് സ്‌പെയിനിലേക്ക് എത്തപ്പെട്ട താരമാണ്. മധ്യനിരയിലാണ് അല്‍കാന്‍ഡ്രയും ശോഭിച്ചിരുന്നത്.
നെയ്മറിന്റെ ഇഷ്ട താരങ്ങളില്‍ പലരും ഇതിനോടകം വിരമിച്ചവരാണ്. നെയ്മര്‍ ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തി വിരമിക്കണമെന്ന് ആഗ്രഹിക്കുന്ന താരമാണ്. എന്നാല്‍ ഈ നീക്കം നടക്കാന്‍ സാധ്യതയില്ല. നെയ്മറും മെസിയും വീണ്ടും ബാഴ്‌സലോണക്കായി ഒന്നിച്ച് കളിക്കുന്നതും ടീമിലൂടെ വിരമിക്കണമെന്നും ആഗ്രഹിക്കുന്ന വലിയ ആരാധക സമൂഹമുണ്ടെന്ന് തന്നെ പറയാം.