പാരീസ്: കോടികള്‍ ഒഴുക്കി കളിക്കാരെ വാങ്ങുന്ന പിഎസ്ജിയില്‍ ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ അസ്വസ്ഥനാണെന്ന് അടുത്തിടെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സഹതാരങ്ങളുമായും കോച്ചുമായും ഒത്തുപോകാനാകാതെ നെയ്മര്‍ മറ്റൊരു കൂടുതേടുകയാണെന്നും ഫുട്‌ബോള്‍ ലേഖകന്മാര്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍, ഇവയെല്ലാം തള്ളിക്കൊണ്ട് നെയ്മറുടെ പിതാവ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അടുത്തകാലത്തൊന്നും നെയ്മര്‍ ടീം വിടാന്‍ ഉദ്ദേശമില്ലെന്ന് പിതാവ് വ്യക്തമാക്കി. ഇപ്പോഴും ഭാവിയിലും നെയ്മര്‍ പിഎസ്ജിയില്‍ ഉണ്ടാകും. പുറത്തുവരുന്ന വാര്‍ത്തകളെല്ലാം അടിസ്ഥാനമില്ലാത്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നെയ്മറുടെ പിതാവ് നെയ്മര്‍ സീനിയര്‍, പിഎസ്ജി ചെയര്‍മാന്‍ നാസര്‍ അല്‍ ഖിലൈഫി, ക്ലബ്ബ് ഡയറക്ടര്‍ തുടങ്ങിയവര്‍ ബ്രസീലിലെ ഒരു യൂത്ത് ചാരിറ്റി സെന്റര്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെയ്മറുടെ മാനേജര്‍ കൂടിയാണ് നെയ്മര്‍ സീനിയര്‍.
പരിക്കേറ്റ് വിശ്രമത്തിലുള്ള നെയ്മറെയും സംഘം സന്ദര്‍ശിച്ചിരുന്നു. നെയ്മര്‍ സന്തോഷവാനാണെന്നും എത്രയുംവേഗം തിരിച്ചെത്തുമെന്നും ക്ലബ്ബ് ചെയര്‍മാന്‍ വ്യക്തമാക്കി. അതേസമയം, പരിക്കേറ്റ നെയ്മര്‍ക്ക് ഈ സീസണില്‍ പിഎസ്ജിക്ക് വേണ്ടി കളിക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ലോകകപ്പില്‍ ബ്രസീലിനുവേണ്ടി നെയ്മര്‍ കളിക്കളത്തില്‍ മടങ്ങിയെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.