ലോകകപ്പിലെ തിരിച്ചുവരവില്‍ ഭയമുണ്ട്; ബ്രസീല്‍ ആരാധകരെ ആശങ്കയിലാക്കി നെയ്മര്‍
റിയോ ഡി ജനീറോ: റഷ്യ ലോകകപ്പില്‍ കപ്പ് നേടാന്‍ സാധ്യതയുണ്ടെന്ന് ഉറപ്പിച്ചു പറയാവുന്ന ടീമുകളിലൊന്നാണ് ബ്രസീല്‍. സമീപകാലത്ത് ബ്രസീല്‍ നേടിയ വിജയങ്ങളുടെ പശ്ചാത്തലത്തില്‍ ടീം ആധികാരകതയോടെ ലോകകപ്പ് നേടുമെന്ന പ്രവചിക്കുന്ന ഫുട്‌ബോള്‍ വിദഗ്ധരുമുണ്ട്. എന്നാല്‍, ലോകകപ്പ് അടുക്കുന്തോറും ടീം അംഗങ്ങളുടെ പരിക്ക് ബ്രസീലിന് വിനയാകുകയാണ്.
ലോകകപ്പില്‍ ടീമിന്റെ കുന്തമുനയാകുമെന്ന് കരുതപ്പെട്ടിരുന്ന ഡാനി ആല്‍വെസ് പരിക്കേറ്റ് പിന്‍മാറിയത് ടീമിന് കനത്ത തിരിച്ചടിയാണ്. എന്നിരുന്നാലും സൂപ്പര്‍താരം നെയ്മര്‍ പരിക്കില്‍നിന്നും മോചിതനായി തിരിച്ചെത്തുന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം ആശ്വാസമായിരുന്നു. എന്നാല്‍, തിരിച്ചുവരവില്‍ ഭയമുണ്ടെന്ന നെയ്മറുടെ പരാമര്‍ശം ആരാധകരെ ആശങ്കയിലാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഫിബ്രുവരി മുതല്‍ നെയ്മര്‍ കാല്‍ക്കുഴയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്ന് കളിക്കളത്തില്‍നിന്നും പുറത്താണ്. ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമിക്കുന്ന താരം അടുത്തിടെയാണ് നടന്നുതുടങ്ങിയത്. ലോകകപ്പിന് മുന്‍പ് ശാരീരിക ക്ഷമത വീണ്ടെടുക്കേണ്ടത് അത്യാവശ്യമാണ്. അതിനേക്കാള്‍ മാനസികമായ കരുത്തുനേടുകയെന്നതും പ്രധാനമാണെന്ന് നെയ്മര്‍ പറയുന്നു.
തിരിച്ചുവരവില്‍ ഭയമുണ്ടെന്നാണ് നെയ്മര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ലോകകപ്പിന് മുന്‍പ് മാനസികമായി അതിനെ മറികടക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും താരം പറഞ്ഞു. ദീര്‍ഘകാലം കളിക്കളത്തില്‍നിന്നും വിട്ടുനിന്നശേഷം ലോകമെങ്ങുമുള്ള ബ്രസീല്‍ ആരാധകരുടെ പ്രതീക്ഷകള്‍ ചുമലിലേറ്റി ഫോമിലേക്ക് തിരിച്ചെത്തുകയെന്നത് കഠിനമായിരിക്കും. ജൂണ്‍ 14നാണ് ലോകകപ്പിന് അരങ്ങുണരുക. അതിന് മുന്‍പ് നടക്കുന്ന സന്നാഹ മത്സരത്തില്‍ ബ്രസീലിയന്‍ ബൂട്ടുകെട്ടുമെന്നാണ് റിപ്പോര്‍ട്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications