നാറ്റല്‍(ബ്രസീല്‍): ബൊളിവിയക്കെതിരെ ബ്രസീലിയന്‍ സൂപ്പര്‍ സ്റ്റാര്‍ നെയ്മര്‍ നേടിയത് കരിയറിലെ മുന്നൂറാം ഗോള്‍. ഈ ഗോളായിരുന്നു കാനറികള്‍ക്ക് ലീഡ് നേടിക്കൊടുത്തത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ ജീസസിനൊപ്പം കൈമാറി വന്ന പന്താണ് നെയ്മര്‍ തന്റെ മുന്നൂറാം ഗോളാക്കി മാറ്റിയത്. ഇരുപത്തിനാലുകാരനായ നെയ്മര്‍ ബ്രസീലിനായി നേടുന്ന നാല്‍പ്പത്തൊമ്പതാം ഗോളാണിത്. ബ്രസീലിന്റെ അണ്ടര്‍ 17, അണ്ടര്‍ 20, ഒളിമ്പിക് ടീമുകള്‍ക്കായി നെയ്മര്‍ പതിനെട്ട് ഗോളുകള്‍ നേടിയിട്ടുണ്ട്. സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണക്കായി ഇതുവരെ 95 ഗോളുകള്‍ നേടിക്കഴിഞ്ഞു. മുന്‍ ക്ലബ്ബ് സാന്റോസില്‍ അടിച്ചുകൂട്ടിയത് 138 ഗോളുകള്‍.
ബ്രസീലിന്റെ സീനിയര്‍ ടീമില്‍ ഗോളുകളുടെ എണ്ണം അര്‍ധസെഞ്ച്വറിയിലെത്താന്‍ ഒരെണ്ണം കൂടി മതി. 95 ഗോളുകള്‍ നേടിയ പെലെയുടെ റെക്കോര്‍ഡ് ഇനിയും തകര്‍ക്കപ്പെട്ടിട്ടില്ല. നാല് വര്‍ഷത്തിനുള്ളില്‍ നെയ്മര്‍ പെലെയെ മറികടക്കുമെന്നാണ് പ്രവചനം. റൊണാള്‍ഡോ 67 ഗോളുകളുമായി രണ്ടാം സ്ഥാനത്തും സീക്കോ 66 ഗോളുകളുമായി മൂന്നാം സ്ഥാനത്തുമുണ്ട്. മറ്റൊരു ഇതിഹാസം റൊമാരിയോയുടെ 56 ഗോളുകളുടെ റെക്കോര്‍ഡ് നെയ്മറിന് മുന്നില്‍ കീഴടങ്ങാന്‍ തയ്യാറായി നില്‍ക്കുന്നു.

പതിനെട്ടാം വയസിലാണ് നെയ്മര്‍ രാജ്യത്തിനായി അരങ്ങേറ്റം കുറിച്ചത്. ഈ വര്‍ഷം റിയോയില്‍ ബ്രസീല്‍ ചരിത്രത്തിലാദ്യമായി ഒളിമ്പിക് സ്വര്‍ണം കരസ്ഥമാക്കിയത് നെയ്മറിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു. പെലെക്ക് പോലും സാധ്യമാകാത്ത അപൂര്‍വ നേട്ടമാണിത്.