മാഡ്രിഡ്: ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് മറ്റൊരു ബഹുമതി കൂടി സ്വന്തം. യൂറോപ്പിലെ മികച്ച ബ്രസീല്‍താരമെന്ന സാംബ ഗോള്‍ഡ് അക്കോലഡ് അവാര്‍ഡാണ് നെയ്മര്‍ സ്വന്തമാക്കിയത്. യൂറോപ്പില്‍ ഫുട്‌ബോള്‍ കളിക്കുന്നു നൂറുകണക്കിന് ബ്രസീല്‍ താരങ്ങളെ പിന്നിലാക്കിയാണ് നെയ്മര്‍ അവാര്‍ഡ് കരസ്ഥമാക്കിയത്.
കഴിഞ്ഞ മൂന്നു തവണയും ഈ അവാര്‍ഡ് സ്വന്തമാക്കിയിരുന്ന പാരീസ് സെന്റ് ജര്‍മ്മന്റെ പ്രതിരോധനിരക്കാകാരന്‍ തിയോഗോ സില്‍വയ്ക്ക് ആദ്യ മൂന്നു സ്ഥാനങ്ങളില്‍ പോലും എത്താനായില്ല. അത്‌ലറ്റിക്കോ മാഡ്രിഡിനുവേണ്ടി ബൂട്ടണിയുന്ന ജിയോ മിറാന്‍ഡ രണ്ടാം സ്ഥാനവും ചെല്‍സിയുടെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ വില്യന്‍ മൂന്നാംസ്ഥാനത്തുമെത്തി.

തെരഞ്ഞെടുക്കപ്പെട്ട 11 മുന്‍ ബ്രസീല്‍ കളിക്കാരും പതിനൊന്ന് മാധ്യമപ്രവര്‍ത്തകരും ചേര്‍ന്നാണ് സാംബ ഗോള്‍ഡ് അക്കോലഡ് അവാര്‍ഡ് ജേതാവിനെ നിശ്ചയിച്ചത്. ബാഴ്‌സലോണയ്ക്കുവേണ്ടി അടുത്തകാലത്തായി മിന്നുന്ന പ്രകടനം നടത്തിയതാണ് നെയ്മര്‍ക്ക് തുണയായത്. ബ്രസീലിനെ ലോകകപ്പ് ഫുട്‌ബോളിന്റെ സെമിയിലെത്തിയച്ചതും നെയ്മറിന്റെ കളിമിടുക്കുകൊണ്ടാണ്.
ബ്രസീല്‍ ലോകകപ്പില്‍ വെച്ച് മാരകമായി പരിക്കേറ്റതിനെ തുടര്‍ന്ന് നെയ്മറുടെ കരിയര്‍ തന്നെ ഇല്ലാതാകുമെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും എല്ലാം പ്രതിബന്ധങ്ങളെയും അതിജീവിച്ച് അതിവേഗം കളിക്കളത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു താരം. പുതിയ സീസണ്‍ തുടക്കം മുതല്‍ ബാഴ്‌സയുടെ മുന്‍നിരയില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് നെയ്മര്‍ കാഴ്ചവെക്കുന്നത്.