ബാഴ്‌സലോണ: ടോട്ടല്‍ ഫുട്‌ബോളിന്റെ മനോഹാരിത ലോകത്തിന് സമ്മാനിച്ച ഇതിഹാസതാരം യൊഹാന്‍ ക്രൈഫ്(68) അന്തരിച്ചു. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് തുടര്‍ന്ന് ചികിത്സയിലായിരുന്ന ക്രൈഫ് ബാഴ്‌സലോണയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്തരിച്ചത്. യൊഹാന്‍ െ്രെകഫിന്റെ നേതൃത്വത്തിലാണ് ഹോളണ്ട് 1974ലെ ലോകകപ്പ് ഫൈനലിലെത്തിയത്.
എഴുപതുകളില്‍ യൊഹാന്‍ ക്രൈഫ് ആവിഷ്‌കരിച്ച ടോട്ടല്‍ ഫുട്‌ബോള്‍ ശൈലി ഫുട്‌ബോള്‍ ആസ്വാദകര്‍ക്ക് ആവേശകരമായ അനുഭവമായിരുന്നു. മൂന്ന് തവണ ബാലണ്‍ ഡിയോര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. മികച്ച യൂറോപ്യന്‍ ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരവും മൂന്ന് തവണ നേടി.

യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളില്‍ ബാഴ്‌സലോണയുടെയും അയാക്‌സിന്റെയും എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായിരുന്നു ക്രൈഫ്. 48 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 33 ഗോളുകള്‍ നെതര്‍ലാന്റ്‌സിന് വേണ്ടി ക്രൈഫ് നേടി. 19 വര്‍ഷം നീണ്ട കരിയറിലെ 520 മത്സരങ്ങളില്‍ നിന്നായി 392 ഗോളുകളും ക്രൈഫ് സ്വന്തമാക്കി.
കളിക്കാരന്‍ എന്ന നിലയില്‍ മാത്രമല്ല പരിശീലകനെന്ന നിലയിലും ക്രൈഫ് വിജയ പരമ്പര തുടര്‍ന്നു. 1988 മുതല്‍ 96 വരെ ബാഴ്‌സലോണയുടെ പരിശീലകനായിരുന്നപ്പോള്‍ തുടര്‍ച്ചയായി നാല് സീസണുകളില്‍ ബാഴ്‌സലോണയെ സ്പാനിഷ് ലീഗ് ജേതാക്കളാക്കി. അറുപത്തിയെട്ടാം വയസില്‍ ക്രൈഫ് ജീവിതത്തില്‍ നിന്നും ബൂട്ടഴിക്കുമ്പോള്‍ ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് മാഞ്ഞുപോകുന്നത്.