Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Exclusive: അര്‍ജന്റീനയുടെ വരവ് ഇന്ത്യക്കു ഉണര്‍വേകും, നൈനാംവളപ്പ് ആവേശത്തിലെന്നു സുബൈര്‍

കോഴിക്കോട്: ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിലെ രാജാക്കന്‍മാരായ അര്‍ജന്റൈന്‍ ടീം കേരളത്തില്‍ പന്തു തട്ടാനെത്തുമെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നതിനു പിന്നാലെ കാല്‍പ്പന്തുകളിയെ നെഞ്ചിലേറ്റുന്നവരുടെ സ്വന്തം നാടായ കോഴിക്കോട്ടെ നൈനാംവളപ്പും വലിയ ആവേശത്തിമര്‍പ്പിലാണ്.

അടുത്ത വര്‍ഷമാണ് ഇതിഹാസ താരം ലയണല്‍ മെസ്സിയുള്‍പ്പെടുന്ന അര്‍ജന്റീനയുടെ താരനിബിഢമായ ടീം കേരളത്തില്‍ സൗഹൃദ മല്‍സരം കളിക്കാനെത്തുന്നത്. വേദിയും തിയ്യതിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2025 ഒക്ടോബറില്‍ കൊച്ചിയിലാവും മല്‍സരമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

ലോക ചാംപ്യന്‍മാര്‍ കൂടിയായ അര്‍ജന്റീന ടീമിന്റെ കേരളത്തിലേക്കുള്ള വരവ് ഇന്ത്യന്‍ ഫുട്‌ബോളിനാകെ പുതിയ ഉണര്‍വായിരിക്കും നല്‍കുകയെന്നാണ് നൈനാംവളപ്പ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റും ഫൗണ്ടറുമായ എന്‍ വി സുബൈര്‍ പറയുന്നത്. കല്ലായിലെ എഡബ്ല്യുഎച്ച് സ്‌പെഷ്യല്‍ കോളേജിലെ ക്യാംപസ് കോര്‍ഡിനേറ്ററും കൂടിയായ അദ്ദേഹം മൈഖേല്‍ മലയാളത്തോടു സംസാരിക്കുന്നു.

NAINAMVALAPPU

അര്‍ജന്റീനയുടെ വരവ്

ലോകകപ്പ് വിജയികള്‍ കൂടിയായ അര്‍ജന്റീന ടീമിന്റെ വരവ് ഫുട്‌ബോള്‍ പ്രേമികളെ സംബന്ധിച്ച് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്നാണ് സുബൈര്‍ പറയുന്നത്. ഇതിഹാസ താരമായ ലയണല്‍ മെസ്സിയടങ്ങുന്ന അര്‍ജന്റീന ടീം കേരളത്തില്‍ കളിക്കുമ്പോള്‍ അതു ഇന്ത്യന്‍ ഫുട്‌ബോളിനു തന്നെ വലിയ ഉത്തേജനമാണ്. പുതു തലമുറയില്‍ ഇതു വലിയ രീതിയിലുള്ള പ്രചോദനമുണ്ടാക്കുകയും ചെയ്യും.

ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും നമ്മുടെ നാട്ടില്‍ കളിക്കാനെത്തുമെന്നു അറിഞ്ഞപ്പോള്‍ തന്നെ നൈനാംവളപ്പ് വലിയ ആവേശത്തിലാണ്. നമ്മള്‍ വളരെ അകലെ നിന്നും കാണുന്ന താരങ്ങള്‍ മുന്നിലേക്കു എത്തുകയാണെന്നു പറയുമ്പോള്‍ അതൊരിക്കലും ചെറിയ കാര്യമല്ലെന്നും സുബൈര്‍ പറയുന്നു.

കഴിഞ്ഞ ഖത്തര്‍ ലോകകപ്പോടു കൂടി തന്നെ നമ്മളും ലോക ഫുട്‌ബോളിലെ താരങ്ങളും തമ്മില്‍ വളരെ അടുത്തു പോയിട്ടുണ്ട്. കാരണം നമ്മളെ സംബന്ധിച്ച് വളരെ അടുത്തായിരുന്നു ഖത്തര്‍ ലോകകപ്പ്. മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം ഓരാ വീട്ടിലെയും അംഗങ്ങളെപ്പോലെയാണ്. അതിനാല്‍ തന്നെ മെസ്സിയും ടീമും ഇവിടെ വരണമെന്നും കളിക്കണമെന്നും അതു കാണണമെന്നുമെല്ലാം ആളുകള്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

നൈനാംവളപ്പും അര്‍ജന്റീനയും തമ്മില്‍ നേരത്തേ തന്നെ അടുത്ത ബന്ധമാണുള്ളതെന്നു സുബൈര്‍ പറഞ്ഞു. ഡിയേഗോ മറഡോണയെ ലോക ഫുട്‌ബോളിനു സമ്മാനിച്ച അര്‍ജന്റീനോസ് ജൂനിയേഴ്‌സ് എന്ന ക്ലബ്ബിന്റെ വൈസ് പ്രസിഡന്റ് നൈനാംവളപ്പില്‍ നേരത്തേ വരികയും പന്ത് കളിക്കുകയും ചെയ്തിട്ടുണ്ട്. അന്നു ഒരു ഗോള്‍മുഖം കാത്തത് സാക്ഷാല്‍ ബ്രഹ്മാനന്ദായിരുന്നു. 2023ലായിരുന്നു ഈ മല്‍സരം നടന്നതെന്നും സുബൈര്‍ കൂട്ടിച്ചേര്‍ത്തു.

SUBAIR

ഇന്ത്യന്‍ ഫുട്‌ബോളിന് നേട്ടമാവുമോ

അര്‍ജന്റീന ടീമിന്റെ വരവ് ഇന്ത്യന്‍ ഫുട്‌ബോളിനുണ്ടാകുന്ന ആവേശം വളരെ വലുതായിരിക്കും. അതു എത്രത്തോളം മുതലെടുക്കാന്‍ സാധിക്കുമെന്നത് നമ്മുടെ ഭരണാധികാരികളെ ആശ്രയിച്ചിരിക്കും.

ഗ്രാസ്‌റൂട്ട് ലെവലില്‍ കുട്ടികള്‍ക്കിടയിലൊക്കെ വലിയ സ്വാധീനമുള്ളവരാണ് ലയണല്‍ മെസ്സിയെപ്പോലെയുള്ള കളിക്കാര്‍. അദ്ദേഹം എല്ലാ വീടുകളിലും ഒരംഗത്തെപ്പോലെയുമാണ്. അതുകൊണ്ടു തന്നെ മെസ്സിയടക്കമുള്ളവര്‍ നമ്മുടെ നാട്ടില്‍ കളിക്കുമ്പോഴുള്ള ആവേശം മുതലെടുക്കണമെന്നും സുബൈര്‍ ആവശ്യപ്പെട്ടു.

ആരു ജയിക്കും

അര്‍ജന്റീനയും ഇന്ത്യന്‍ ടീമും തമ്മിലുള്ള സൗഹൃദ മല്‍സരത്തില്‍ ആരു ജയിക്കുമെന്നത് വലിയ കാര്യമല്ലെന്നാണ് സുബൈറിന്റെ അഭിപ്രായം. ഈ മല്‍സരത്തില്‍ അര്‍ജന്റീന എത്ര ഗോളടിക്കുന്നുവെന്നതിലല്ല കാര്യം. മറിച്ച് മെസ്സിയടങ്ങുന്ന അര്‍ജന്റീനയ്‌ക്കെതിരേ ഇന്ത്യക്കു കളിക്കാന്‍ അവസരം ലഭിക്കുന്നുവെന്നതാണ് പ്രധാനം.

നൈനാംവളപ്പുകാര്‍ക്കു അര്‍ജന്റീനയുടെ മല്‍സരം നേരിട്ടു കാണാനുള്ള അവസരമൊരുക്കി നല്‍കണമെന്നു കായികമന്ത്രി വി അബ്ദുറഹ്മാനെ ഞാന്‍ നേരിട്ടു വിളിച്ചു അഭ്യര്‍ഥിച്ചിരുന്നു. അത്ര മാത്രം തങ്ങള്‍ക്കു പ്രിയപ്പെട്ടവരാണ് താരങ്ങളെന്നും സുബൈര്‍ പറയുന്നു.

കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന വലിയൊരു സ്റ്റേഡിയം ഇവിടെയില്ലെന്നതു ഒരു വെല്ലുവിളിയാണ്. കൊച്ചി സ്‌റ്റേഡിയത്തിലാണ് അര്‍ജന്റീനയുടെ മല്‍സരം നടക്കാന്‍ പോവുന്നതെങ്കിലും അതിന്റെ പഴക്കം കാരണം സുരക്ഷാപ്രശ്‌നങ്ങളുണ്ട്. 40,000ത്തോളം പേര്‍ക്കു മാത്രമേ ഇവിടെ കളി കാണാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ 80,000 പേരെയെങ്കിലും ഉള്‍ക്കൊള്ളാവുന്ന കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയം പോലെയൊന്നു നമുക്ക് ആവശ്യമാണെന്നും സുബൈര്‍ ചൂണ്ടിക്കാട്ടി.

Story first published: Thursday, November 21, 2024, 17:23 [IST]
Other articles published on Nov 21, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+