സൂപ്പര്‍ സബ് സാന്റോസ് ഹീറോയായി... ഗോവ വീണു, മുംബൈക്ക് ആദ്യ വിജയം
മുംബൈ: ഐഎസ്എല്ലിലെ എട്ടാം മല്‍സരത്തില്‍ മുംബൈ സിറ്റിക്ക് ത്രസിപ്പിക്കുന്ന വിജയം. മുന്‍ റണ്ണറപ്പായ എഫ്‌സി ഗോവയെയാണ് ഹോംഗ്രൗണ്ടില്‍ മുംബൈ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു മറികടന്നത്. സീസണില്‍ മുംബൈയുടെ ആദ്യ വിജയം കൂടിയാണിത്. ആദ്യ കളിയില്‍ അരങ്ങേറ്റക്കാരായ ബെംഗളൂരു എഫ്‌സിയോട് 0-2ന് തോറ്റ മുംബൈ ശക്തമായ തിരിച്ചുവരവാണ് തങ്ങളുടെ ആദ്യ ഹോം മാച്ചില്‍ നടത്തിയത്.
അതേസമയം, മുന്‍ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയെ 3-2ന് തകര്‍ത്ത് തുടക്കം ഗംഭീരമാക്കിയ ഗോവയെ മുംബൈ സ്വപ്‌നലോകത്ത് നിന്നു താഴെയിറക്കുകയായിരുനന്നു.
എവര്‍ട്ടന്‍ സാന്റോസിന്റെയും (59ാം മിനിറ്റ്) പകരക്കാരനായി ഇറങ്ങിയ
തിയാഗോ സാന്റോസിന്റെയും (88) ഗോളുകളാണ് മുംബൈയ്ക്ക് ജയം സമ്മാനിച്ചത്. ഗഗോവയുടെ ഗോള്‍ 83ാം മിനിറ്റില്‍ മാന്വല്‍ അരാനയുടെ വകയായിരുന്നു.

മാറ്റങ്ങളുമായി ഇരുടീമും
ആദ്യ മല്‍സരത്തില്‍ കളിച്ച ടീമില്‍ ചില മാറ്റങ്ങളുമായാണ് മുംബൈയും ഗോവയും ഇറങ്ങിയത്. 4-4-2 എന്ന ശൈലി മുംബൈ തുടര്‍ന്നപ്പോള്‍ വിങര്‍ സാഹില്‍ ടവോരയ്ക്കു പകരം സ്‌ട്രൈക്കര്‍ ബല്‍വന്ദ് സിങ് മുംബൈ പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തി. പരിക്കേറ്റ ലിയോ കോസ്റ്റയുടെ അഭാവത്തില്‍ കാമറൂണ്‍ താരം എമാന അക്കിലെയും ആദ്യ ഇലവനിലെത്തി.
മറുഭാഗത്ത് 4-2-3-1 എന്ന ശൈലിയിലായിരുന്നു ഗോവ അണിനിരന്നത്. ചിന്‍ഗ്ലന്‍സന സിങ് കോന്‍ഷാമിനു പകരം ബ്രൂണോ പിനേറിയോ ഗോവയുടെ പ്ലെയിങ് ഇലവനില്‍ ഇടംപിടിച്ചു. ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസിനു പകരം അരാന റോഡ്രിഗസും ടീമിലിടം നേടി.

ഗോവയെ രക്ഷിച്ച് ഗോള്‍പോസ്റ്റ്
കളി തുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ സെല്‍ഫ് ഗോളില്‍ ഗോവ പിന്നിലാവേണ്ടതായിരുന്നു. ബല്‍വന്ദ് സിങ് മറിച്ചു നല്‍കിയ പാസില്‍ അക്കിലെയുടെ ഷോട്ട് ഗോവന്‍ ഡിഫന്‍ഡര്‍ ഫെര്‍ണാണ്ടസ് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ഫെര്‍ണാണ്ടസിന്റെ കാലില്‍ തട്ടിത്തെറിച്ച പന്ത് ഗോവന്‍ ഗോള്‍ പോസ്റ്റില്‍ ഇടിച്ച് മടങ്ങുകയായിരുന്നു.
മല്‍സരത്തില്‍ കൂടുതല്‍ സമയവും പന്ത് കൈവശം വച്ചത് ഗോവയായിരുന്നെങ്കിലും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയത് മുംബൈയായിരുന്നു. നിരവധി ഗോളവസരങ്ങള്‍ മുംബൈക്ക് ആദ്യപകുതിയില്‍ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല. ഒന്നാം പകുതി അവസാനിച്ചപ്പോള്‍ ഗോവ 351 പാസുകളാണ് പൂര്‍ത്തിയാക്കിയത്. മുംബൈയാവട്ടെ 132ഉം.

ഗോളിക്ക് പിഴച്ചു, മുംബൈ മുന്നില്‍
58ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമണിക്കു സംഭവിച്ച പിഴവില്‍ നിന്ന് മുംബൈ ആദ്യ ഗോള്‍ കണ്ടെത്തി. കോന്‍ഷാമിന്റെ ബാക്ക് പാസ് ക്ലിയര്‍ ചെയ്യുന്നതില്‍ കട്ടിമണിക്ക് പിഴച്ചപ്പോള്‍ ഓടിയെത്തിയ എവര്‍ട്ടന്‍ സാന്റോസ് പന്ത് വലയിലേക്ക് തട്ടിയിടുകയായിരുന്നു. കഴിഞ്ഞ രണ്ടു കളിക്കിടെ ഗോവ വഴങ്ങുന്ന മൂന്നാമത്തെ ഗോള്‍ കൂടിയാണിത്. ഈ മൂന്നു ഗോളുകള്‍ക്കും ഉത്തരവാദിയായത് ഗോള്‍കീപ്പര്‍ കട്ടിമണിയും.
67ാം മിനിറ്റില്‍ ഗോവ മുംബൈ വല കുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു. എന്നാല്‍ റഫറിയുടെ ഈ തീരുമാനം തെറ്റായിരുന്നുവെന്നു പിന്നീട് റീപ്ലേകളില്‍ തെളിഞ്ഞു.

ഗോവ ഒപ്പമെത്തി
83ാം മിനിറ്റില്‍ അരാനയിലൂടെ ഗോവ അര്‍ഹിച്ച സമനില ഗോള്‍ പിടിച്ചുവാങ്ങി. വലതു മൂലയില്‍ നിന്നുള്ള കൊറോമിനയുടെ ക്രോസ് ക്ലോസ് റേഞ്ച് ഷോട്ടിലൂടെ അരാന വലയിലേക്ക് തൊടുക്കുകയായിരുന്നു.
എന്നാല്‍ മുംബൈ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. ഫൈനല്‍ വിസിലിന് രണ്ടു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ മുംബൈ വിജയഗോള്‍ പിടിച്ചുവാങ്ങി. ബോക്‌സിന്റെ വലതു മൂലയിലൂടെ ചാട്ടുളി കണക്കെ പാഞ്ഞുകയറിയ തിയാഗോ സാന്റോസ് ഗോള്‍കീപ്പര്‍ കട്ടിമണിയെ കാഴ്ചക്കാരനാക്കി വലകുലുക്കുകയായിരുന്നു. കളിക്കളത്തില്‍ പകരക്കാരനായെത്തി അഞ്ചു മിനിറ്റ് മാത്രമുള്ളപ്പോഴാണ് തിയാഗോ വിജയഗോളിലൂടെ ടീമിന്റെ സൂപ്പര്‍ സബായി മാറിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications