പാരിസ്: റഷ്യന്‍ മിഡ്ഫീല്‍ഡര്‍ അലെക്‌സാണ്ടര്‍ ഗോലോവിനെ ഫ്രഞ്ച് വമ്പന്‍മാരായ മൊണാക്കോ റാഞ്ചി. റഷ്യന്‍ ക്ലബ്ബായ സിഎസ്‌കെഎ മോസ്‌കോയില്‍ നിന്നാണ് 22 കാരനായ യുവ താരത്തെ മൊണാക്കോ തങ്ങളുടെ കൂടാരത്തിലെത്തിച്ചത്.
അഞ്ചു വര്‍ഷത്തെ നീണ്ട കരാറിലാണ് ഗോലോവിനെ മൊണാക്കോ തട്ടകത്തിലെത്തിച്ചിരിക്കുന്നത്. കരാര്‍ തുക പുറത്തുവിട്ടിട്ടില്ലെങ്കിലും വന്‍ ട്രാന്‍സ്ഫര്‍ തുകയ്ക്കാണ് മൊണാക്കോ ഗോലോവിനെ ടീമിലെത്തിച്ചിരിക്കുന്നതെന്നാണ് റിപോര്‍ട്ടുകള്‍.

നാട്ടില്‍ നടന്ന ലോകകപ്പില്‍ റഷ്യന്‍ ടീമിലെ നിറസാന്നിധ്യമായിരുന്നു ഗോലോവിന്‍. സൗദി അറേബ്യക്കെതിരേ ഒരു ഗോള്‍ നേടുന്നതോടൊപ്പം രണ്ട് ഗോളിന് വഴിയൊരുക്കിയും താരം മികവ് കാണിച്ചിരുന്നു. മോസ്‌ക്കോയ്ക്കു വേണ്ടി 81 മല്‍സരങ്ങളില്‍ നിന്ന് ഒമ്പത് ഗോളുകള്‍ ഗോലോവിന്‍ നേടിയിട്ടുണ്ട്.