ഷില്ലോങ്: ഐ ലീഗ് ഫുട്‌ബോളില്‍ നെരോക്ക എഫ്‌സിക്കെതിരെ മിനര്‍വ പഞ്ചാബിന് ജയം. മിനര്‍വയുടെ മൈതാനത്ത് നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ആതിഥേയരുടെ ജയം. ജയത്തോടെ മിനര്‍വയ്ക്ക് 17 മത്സരങ്ങളില്‍നിന്നും 17 പോയന്റായി. 18 മത്സരങ്ങളില്‍ നിന്നും 26 പോയന്റുള്ള നെരോക്ക അഞ്ചാം സ്ഥാനത്താണ്. മിനര്‍വ ഏഴാം സ്ഥാനത്തേക്ക് മുന്നേറി.
തോല്‍വിയും സമനിലയുമായി വലഞ്ഞ മിനര്‍വയ്ക്ക് ആശ്വാസം നല്‍കുന്നതുകൂടിയായി ജയം. കഴിഞ്ഞ ഡിസംബറില്‍ കൊല്‍ക്കത്ത വമ്പന്മാരായ ഈസ്റ്റ് ബംഗാളിനെ തോല്‍പപ്പിച്ചശേഷം മിനര്‍വയ്ക്ക് ജയം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 80 ദിവസമായി ഐ ലീഗില്‍ ഒരു മത്സരം പോലും ജയിക്കാന്‍ കഴിഞ്ഞില്ലെന്ന നാണക്കേട് മറക്കാന്‍ ജയത്തോടെ മിനര്‍വയ്ക്ക് സാധിച്ചു.

മത്സരത്തിന്റെ 68-ാം മിനിറ്റില്‍ യുവാന്‍ ക്വയിറോയാണ് മിനര്‍വയുടെ വിജയഗോള്‍ നേടിയത്. ഇരു ടീമുകളും ഒട്ടേറെ അവസരങ്ങള്‍ ഇരുപകുതിയിലുമായി നഷ്ടപ്പെടുത്തി. മാര്‍ച്ച് 3ന് ഈസ്റ്റ് ബംഗാളുമായാണ് മിനര്‍വയുടെ അടുത്ത മത്സരം. നെരോക്ക അതേദിവസം ഗോകുലം കേരളയുമായി ഏറ്റുമുട്ടും. 17 കളികളില്‍നിന്നും 37 പോയന്റുമായി ചെന്നൈ എഫ്‌സിയാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്. 16 കളികളില്‍നിന്നും 32 വീതം പോയന്റുമായി ഈസ്റ്റ് ബംഗാളും റിയല്‍ കാശ്മീരും രണ്ടും മൂന്നും സ്ഥാനത്തുണ്ട്.