കോഴിക്കോട്: ഐ ലീഗ് ഫുട്ബോളില്‍ കേരളത്തിന്റെ ഏക പ്രതീക്ഷയായ ഗോകുലം എഫ്സിക്ക് വീണ്ടും തോല്‍വി. ഇത്തവണ ഹോംഗ്രൗണ്ടായ കോഴിക്കോട്ടെ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ മിന്നുന്ന ഫോമിലുള്ള മിനെര്‍വ പഞ്ചാബ് എഫ്സിയാണ് ഗോകുലത്തെ കീഴടക്കിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മിനെര്‍വയുടെ വിജയം. ലീഗില്‍ ഗോകുലത്തിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ പരാജയം കൂടിയാണിത്.
നെറോക്കയോട് 0-2ന്റെ തോല്‍വിയോടെയാണ് ഗോകുലം 2017 അവസാനിപ്പിച്ചത്. 2018 പിറന്ന ശേഷവും ഗോകുലത്തിന്റെ വിധിയില്‍ മാറ്റമൊന്നുമില്ല. 18ാം മിനിറ്റില്‍ ബാലി ഗഗന്‍ദീപ് നേടിയ ഗോളാണ് മിനെര്‍വയ്ക്ക് 1-0ന്റെ ജയം സമ്മാനിച്ചത്.
നാലു പോയിന്റുമായി ലീഗ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തു നില്ക്കുന്ന ഗോകുലത്തിന് ഒരേയൊരു മല്‍സരത്തില്‍ മാത്രമാണ് ഇതുവരെ ജയിക്കാനായത്. ഏഴു മല്‍സരങ്ങള്‍ കളിച്ച കേരള ടീം അഞ്ചിലും പരാജയമേറ്റുവാങ്ങി. ഒരു കളി സമനിലയില്‍ അവസാനിക്കുകയായിരുന്നു.
അതേസമയം, ഗോകുലത്തിനെതിരേ നേടിയ വിജയത്തോടെ മിനെര്‍വ ലീഗില്‍ രണ്ടാംസ്ഥാനത്തേക്കുയര്‍ന്നു. ഏഴു കളികളില്‍ നിന്നും മിനെര്വയ്ക്കു 16 പോയിന്റുണ്ട്. ഒരു മല്‍സരം കൂടുതല്‍ കളിച്ച ഈസ്റ്റ് ബംഗാളാണ് 17 പോയിന്റോടെ ഒന്നാംസ്ഥാനത്ത്.