കൊളംബിയന്‍ ഫുട്‌ബോളില്‍ നിലവിലെ സൂപ്പര്‍ താരങ്ങളിലൊരാളാണ് അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ജെയിംസ് റോഡ്രിഗസ്. ലോകകപ്പിലും കോപ്പാ അമേരിക്കയിലുമടക്കം കൊളംബിയയുടെ മഞ്ഞക്കുപ്പായത്തില്‍ പല മാച്ച് വിന്നിങ് പ്രകടനങ്ങളും അദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്. സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡുള്‍പ്പെടെ യൂറോപ്പിലെ പല മുന്‍നിര ടീമുകളിലും പയറ്റിത്തെളിഞ്ഞ താരം കൂടിയാണ് അദ്ദേഹം.
2014ലെ ഫിഫ ലോകകപ്പില്‍ കൊളംബിയക്കായി നടത്തിയ മാജിക്കല്‍ പ്രകടനത്തോടെയാണ് റോഡ്രിഗസ് യൂറോപ്യന്‍ ക്ലബ്ബുകളുടെ നോട്ടപ്പുള്ളിയായി മാറിയത്. ഒടുവില്‍ റയല്‍ അദ്ദേഹത്തെ സ്വന്തം കൂടാരത്തില്‍ എത്തിക്കുകയും ചെയ്യുകയായിരുന്നു. റയലിന്റെ വെള്ള ജഴ്‌സിയില്‍ 86 മല്‍സരങ്ങളില്‍ കളിച്ച റോഡ്രിഗസ് 18 ഗോളുകളും സ്‌കോര്‍ ചെയ്തിരുന്നു. റയലിനൊപ്പം നിരവധി കിരീട വിജയങ്ങളില്‍ പങ്കാളിയാവാനും താരത്തിനു സാധിച്ചു.

2017ല്‍ റയല്‍ വിട്ട റോഡിഗസ് വായ്പയില്‍ ജര്‍മന്‍ അതികായന്‍മാരായ ബയേണ്‍ മ്യൂണിക്കിലേക്കും ചേക്കേറിയിരുന്നു. രണ്ടു സീസണ്‍ അവര്‍ക്കായി പന്തു തട്ടിയ അദ്ദേഹം 2019ല്‍ പഴയ തട്ടകമായ റയലില്‍ തിരിച്ചെത്തുകയും ചെയ്തു.
2020ല്‍ വീണ്ടും റയല്‍ വിട്ട കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ഇംഗ്ലീഷ് ക്ലബ്ബായ എവര്‍ട്ടനിലെത്തി. അതിനു ശേഷം അല്‍ റയാന്‍, ഒളിംപിയാക്കോസ്, സാവോപോളോ, റയോ വല്ലെക്കാനോ എന്നിവര്‍ക്കായി കളിച്ച റോഡ്രിഗസ് ഇപ്പോള്‍ മെക്‌സിക്കന്‍ ക്ലബ്ബായ ലിയോണിനൊപ്പമാണ്.
മെസ്സി or റൊണാള്‍ഡോ
ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളെന്നു വിശേഷിപ്പിക്കപ്പെടുന്ന അര്‍ജന്റൈന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസ്സി, പോര്‍ച്ചുഗീസ് നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇവരില്‍ ആരെയാണ് തന്റെ ടീമില്‍ ആഗ്രഹിക്കുന്നതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ജെയിംസ് റോഡ്രിഗസ്. നേരത്തേ റയല്‍ മാഡ്രിഡില്‍ റൊണാള്‍ഡോയ്‌ക്കൊപ്പം കളിച്ചിട്ടുള്ള താരം കൂടിയാണ് അദ്ദേഹം.
പക്ഷെ തന്റെ ടീമില്‍ ഇവരില്‍ ആരെയാണ് വേണ്ടതെന്ന ചോദ്യത്തിന് സര്‍പ്രൈസ് മറുപടിയാണ് റോഡ്രിഗസ് നല്‍കിയത്. എന്റെ ടീമില്‍ ഞാന്‍ ഒപ്പം കളിക്കാന്‍ ആഗ്രഹിക്കുന്നയാള്‍ മെസ്സിയാണ് എന്നാണ് ബാഴ്‌സ യൂനിവേഴ്‌സലിനോടു (Barca Universal) 33കാരനായ താരം പറഞ്ഞത്.
ഫുട്‌ബോള്‍ കരിയറില്‍ മെസ്സിക്കെതിരേ എട്ടു തവണ കളിക്കളത്തില്‍ റോഡ്രിഗസ് മുഖാമുഖം വന്നു കഴിഞ്ഞു. ഇതില്‍ രണ്ടെണ്ണത്തില്‍ മാത്രമേ അദ്ദേഹത്തിന്റെ ടീം ജയം ജയിച്ചുള്ളൂ. ശേഷിച്ച ആറിലും തോല്‍വിയായിരുന്നു ഫലം. റോഡ്രിഗസിന്റെ അന്താരാഷ്ട്ര കരിയറെടുത്താല്‍ കൊളംബിയക്കായി 112 മല്‍സരങ്ങളില്‍ ഇതിനകം കളിച്ചു കഴിഞ്ഞു. നേടിയതാവട്ടെ 29 ഗോളുകളുമാണ്.

അതേസമയം, നിലവില്‍ അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗില്‍ ഇന്റര്‍ മയാമിക്കു വേണ്ടി കളിച്ചുകൊണ്ടിരിക്കുകയാണ് മെസ്സി. റൊണാള്‍ഡോയാവട്ടെ സൗദി പ്രോ ലീഗില്‍ ഇപ്പോള്‍ അല്‍ നസര്‍ ക്ലബ്ബിനൊപ്പമാണുള്ളത്.
യൂറോപ്യന്‍ ഫുട്‌ബോളില്‍ കസറിയ ശേഷമാണ് ഏഷ്യയിലും അദ്ദേഹം തന്റെ മാന്ത്രിക പ്രകടനം തുടരുന്നത്. സൗദി ക്ലബ്ബുമായി ഇനി ആറു മാസത്തെ കരാറാണ് റോണോയ്ക്കു ബാക്കിയുള്ളത്. അവരുമായി അദ്ദേഹം കരാര്‍ പുതുക്കുമോ, അതോ മറ്റൊരു ക്ലബ്ബിലേക്കു ചേക്കേറുമോയെന്നാണ് ഫുട്‌ബോള്‍ പ്രേമികള്‍ ഉറ്റുനോക്കുന്നത്.