ലോക ഫുട്‌ബോളിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന പോരാട്ടം സ്‌പെയിനിലെ പവര്‍ഹൗസുകളായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും തമ്മിലുള്ള കൊമ്പുകോര്‍ക്കലാണ്. വിവിധ ടൂര്‍ണമെന്റുകളിലായി ഇരുടീമുകളും മുഖാമുഖം വന്നപ്പോഴെല്ലാം തീപാറുന്ന പോരാട്ടങ്ങള്‍ക്കാണ് ഫുട്‌ബോള്‍ ലോകം സാക്ഷിയായിട്ടുള്ളത്. ഇരുക്ലബ്ബുകളുടെയും ചരിത്രമെടുത്താല്‍ മഹാന്‍മാരായ പല ഫുട്‌ബോളര്‍മാരെയും നമുക്കു കാണാന്‍ സാധിക്കും.
കാല്‍പന്തുകളിയിലെ ഇതിഹാസങ്ങളെന്നു വിശേഷിപ്പിക്കപ്പെടുന്ന പലരും വ്യത്യസ്ത കാലഘട്ടങ്ങളിലായി രണ്ടിലൊരു ക്ലബ്ബിന്റെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളെന്നു വിശേഷിപ്പിക്കപ്പെടുന്ന ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമുണ്ട്. ദീര്‍ഘകാലം ബാഴ്‌സയുടെ ഭാഗമായിരുന്നു മെസ്സിയെങ്കില്‍ റയലിന്റെ അമരക്കാരനായിരുന്നു റോണോ.
കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി ലോക ഫുട്‌ബോളിനെ അടക്കി ഭരിക്കുകയാണ് മെസ്സിയും റൊണാള്‍ഡോയും. ഇരുവരും കൂടി ഇതിനകം വാരിക്കൂട്ടിയത് 17,000ത്തിനു മുകളില്‍ ഗോളുകളാണ്. കൂടാതെ ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ഡിയോര്‍ ട്രോഫി 13 തവണ ഇരുവരും പങ്കിടുകയും ചെയ്തു. ഇതില്‍ എട്ടെണ്ണം മെസ്സി കൈക്കലാക്കിയപ്പോള്‍ റൊണാള്‍ഡോ അഞ്ചെണ്ണത്തിനും അവകാശിയായി.

പക്ഷെ റയലിന്റെയും ബാഴ്സയുടെയും ഏറ്റവും മൂല്യമേറിയ ഓള്‍ടൈം പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തപ്പോള്‍ അതില്‍ റൊണാള്‍ഡോ തഴയപ്പെട്ടുവെന്നതാണ് അദ്ഭുതപ്പെടുത്തുന്ന കാര്യം. ട്രാന്‍സ്ഫര്‍മാര്‍ക്കറ്റെന്ന (transfermarkt.co.in) എന്ന വെബ്‌സൈറ്റ് തിരഞ്ഞെടുത്ത മൂല്യമേറിയ താരങ്ങളുടെ ഇലവനിലാണ് റൊണാള്‍ഡോയ്ക്കു ഇടം കിട്ടാതെ പോയത്.
ഓള്‍ടൈം ഇലവനില്‍ ആരെല്ലാം?
ലയണല്‍ മെസ്സിക്കൊപ്പം റയലിന്റെ കിലിയന്‍ എംബാപ്പെ, ബാഴ്‌സയുടെ കൗമാര സെന്‍സേഷന്‍ ലാമിന്‍ യമാല്‍ എന്നിവരാണ് ഓള്‍ടൈം ഇലവന്റെ മുന്നേറ്റനിരയിലുള്ളത്. ഇവരുടയെല്ലാം മാര്‍ക്കറ്റ് വാല്യു 180 മില്ല്യണ്‍ യൂറോ വീതമാണ്.
മധ്യനിരയിലേക്കു വന്നാല്‍ അവിടെ റയലിന്റെ വിനീഷ്യസ് ജൂനിയര്‍, റയലിന്റെ ഇംഗ്ലീഷ് യുവതാരം ജൂഡ് ബെല്ലിങ്ഹാം, റയലിന്റെ തന്നെ ഉറുഗ്വേ മിഡ്ഫീല്‍ഡര്‍ ഫെഡറിക്കോ വാല്‍വെര്‍ഡെ എന്നിവരുമുണ്ട്. വിനീഷ്യസിന്റെ മൂല്യം 200 മില്ല്യണ്‍ യൂറോയാണ്. എന്നാല്‍ ബെല്ലിങ്ഹാമിന്റെ മൂല്യം 180 മില്ല്യണ്‍ യൂറോയും വാല്‍വെര്‍ഡെയുടേത് 130 മില്ല്യണ്‍ യൂറോയുമാണ്.

പ്രതിരോധത്തില്‍ ബാഴ്‌സയുടെ മുന്‍ താരം ജോര്‍ഡി ആല്‍ബ, മുന്‍ റയല്‍ താരം റാഫേല്‍ വറാനെ, ബാഴ്‌സ താരം പൗ കുബാസി, ജൂള്‍സ് കോണ്ടെ എന്നിവരുമാണുള്ളത്. 89 മില്ല്യണ്‍ യൂറോ വീതമാണ് ആല്‍ബയുടെയും വറാനെയുടെയും മൂല്യം.
എന്നാല്‍ കുബാസിയുടെ മൂല്യം 70 മില്ല്യണ്‍ യൂറോയും കോണ്ടെയുടേത് 60 മില്ല്യണ്‍ യൂറോയുമാണ്. ഗോള്‍കീപ്പര്‍ സ്ഥാനത്തുള്ളത് ബാഴ്സയുടെ ജര്‍മന്‍ താരം മാര്‍ക്ക് ടെര്‍ സ്റ്റെഗനാണ്. 90 മില്യണ്‍ യൂറോയാണ് അദ്ദേഹത്തിന്റെ മൂല്യം.
മൂല്യമേറിയ ബാഴ്‌സ-റയല്‍ ഓള്‍ടൈം 11
മാര്‍ക്ക് ടെര്‍സ്‌റ്റെഗന്‍ (ഗോള്‍കീപ്പര്‍), റാഫേല്‍ വറാനെ, ജോര്‍ഡി ആല്‍ബ, പൗ കുബാസി, ജൂള്‍സ് കോണ്ടെ, ജൂഡ് ബെല്ലിങ്ഹാം, ഫെഡറിക്കോ വാല്‍വെര്‍ഡെ, കിലിയന്‍ എംബാപ്പെ, വിനീഷ്യസ് ജൂനിയര്‍, ലാമിന്‍ യമാല്‍, ലയണല്‍ മെസ്സി.