പാരിസ്: ലയണല്‍ മെസിയിലെ മാന്ത്രികത ചോര്‍ന്നു പോയിക്കൊണ്ടിരിക്കുന്നു. അര്‍ജന്റൈന്‍ സൂപ്പര്‍സ്റ്റാറിന്റെ നല്ല കാലം അവസാനിച്ചു കൊണ്ടിരിക്കുകയാണെന്നും ഫ്രാന്‍സിന്റെ മുന്‍ കോച്ച് റെയ്മന്‍ഡ് ഡൊമിനികെ. പി എസ് ജിക്കെതിരെ ബാഴ്‌സലോണ ചരിത്ര വിജയം നേടിയ മത്സരത്തില്‍ മെസിയുടെ പ്രകടനം ദയനീയമായിരുന്നുവെന്ന് ഡൊമിനികെ ചൂണ്ടിക്കാട്ടുന്നു. ബാഴ്‌സ നിരയിലെ ഏറ്റവും മോശം പ്ലെയര്‍ മെസിയാണെന്ന് പറയാം. നെയ്മറും സുവാരസുമാണ് ബാഴ്‌സക്ക് ഊര്‍ജം പകര്‍ന്നത്.
നാല് ഗോളുകള്‍ക്ക് പിറകില്‍ നില്‍ക്കുമ്പോള്‍ മെസി ഗ്രൗണ്ടിന്റെ മധ്യഭാഗത്ത് നില്‍ക്കുകയായിരുന്നു. ഓടി നടന്ന് കളിക്കേണ്ട ഘട്ടമായിരുന്നു അത്. എന്നാല്‍ നിരാശനായി നില്‍ക്കുകയായിരുന്നു മെസി. ഗ്രൗണ്ടില്‍ ഓടി നടന്ന് ഗെയിം നിയന്ത്രിക്കുവാന്‍ താത്പര്യം കാണിക്കുന്ന ഒരു താരം ഉത്സാഹമില്ലാതെ നില്‍ക്കുന്നത് ടീമിന് ഗുണം ചെയ്യില്ല. നെയ്മര്‍ പക്ഷേ പൊരുതി. അയാള്‍ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. അവസാന സെക്കന്‍ഡ് വരെ നെയ്മര്‍ അറ്റാക്ക് ചെയ്തു. സുവാരസും അതു പോലെ തന്നെ. പക്ഷേ, ഒരു വ്യത്യാസമുണ്ട്. സുവാരസിന് ബോക്‌സിംഗ് ഗ്ലൗസ് കൂടി ചേരും - ഡൊമിനികെ പറഞ്ഞു.

അഞ്ച് തവണ ബാലണ്‍ദ്യോര്‍ പുരസ്‌കാരം നേടിയ മെസി നടപ്പ് സീസണിലും ഗോളടിയില്‍ മുന്നിലാണ്. വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി 38 മത്സരങ്ങളില്‍ 39 ഗോളുകളാണ് മെസി നേടിയത്.