Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫിഫ പുരസ്‌കാരം- മെസ്സിയും ക്രൂസും മുഖാമുഖം!! റോണോ ഔട്ട്, സാധ്യതാ ലിസ്റ്റില്‍ ഇവരും

ഫിഫയുടെ ഈ വര്‍ഷത്തെ മികച്ച ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരത്തിനായി അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സിയും ജര്‍മനിയുടെ മുന്‍ സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസും നേര്‍ക്കുനേര്‍. ഫിഫ പുറത്തുവിട്ട 11 പേരുടെ സാധ്യതാ ലിസ്റ്റിലാണ് ഇവര്‍ ഉള്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍ പോര്‍ച്ചുഗീസ് ഇതിഹാസമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കു ഈ ലിസ്റ്റില്‍ ഇടം ലഭിച്ചിട്ടില്ലെന്നതാണ് കൗതുകകരമായ കാര്യം. ഈ വര്‍ഷം അര്‍ജന്റീനയ്ക്കും അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്കും വേണ്ടി നടത്തിയിട്ടുള്ള പ്രകടനമാണ് മെസ്സിയെ ലിസ്റ്റില്‍ ഇടം പിടിക്കാന്‍ സഹായിച്ചത്.

കഴിഞ്ഞ രണ്ടു തവണയും ഫിഫയുടെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം മെസ്സിക്കായിരുന്നു. ഇത്തവണ വീണ്ടുമൊരു പുരസ്‌കാരവുമായി ഹാട്രിക് തികയ്ക്കാമെന്ന ആത്മവിശ്വാസത്തിലാണ് 37 കാരനായ താരം. അമേരിക്കന്‍ ലീഗില്‍ (MLS) 22 മല്‍സരങ്ങളില്‍ നിന്നും 21 ഗോളുകള്‍ സ്‌കോര്‍ ചെയ്ത മെസ്സി 11 അസിസ്റ്റുകളും നല്‍കിയിരുന്നു. കൂടാതെ ഇന്റര്‍ മയാമിക്കു സപ്പോര്‍ട്ടേഴ്‌സ് ഷീല്‍ഡ് നേടിക്കൊടുക്കുന്നതിലും അദ്ദേഹം നിര്‍ണായക പങ്കാണ് വഹിച്ചത്.

LIONEL MESSI

ക്രൂസിന്റെ പ്രകടനം

ഈ വര്‍ഷം ഫുട്‌ബോളില്‍ നിന്നും വിരമിച്ചെങ്കിലും ജര്‍മനിക്കും സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡിനും വേണ്ടി മിന്നിക്കാന്‍ ടോണി ക്രൂസിനായിരുന്നു. റയലിനൊപ്പമുള്ള അവസാന സീസണില്‍ രണ്ടു പ്രധാനപ്പെട്ട കിരീടങ്ങള്‍ ടീമിനു നേടിക്കൊടുക്കുന്നതില്‍ അദ്ദേഹം വലിയ പങ്കാണ് വഹിച്ചത്.

യുവേഫ ചാംപ്യന്‍സ് ലീഗില്‍ റയലിനെ ചാംപ്യന്‍മാരാക്കുന്നതില്‍ ചുക്കാന്‍ പിടിച്ച ക്രൂസ് സ്പാനിഷ് ലാ ലിഗ കിരീടവും ടീമിനു നേടിക്കൊടുത്താണ് പടിയിറങ്ങിയത്. ജര്‍മനിക്കൊപ്പവും താരം മോശമാക്കിയില്ല. ഈ വര്‍ഷത്തെ യൂറോ കപ്പില്‍ ദേശീയ ടീമിനു വേണ്ടിയും ക്രൂസ് കളം നിറഞ്ഞു കളിക്കുകയും ചെയ്തു.

ലിസ്റ്റില്‍ ബാക്കിയുള്ളവര്‍

ഈ വര്‍ഷത്തെ ബാലണ്‍ ഡിയോര്‍ പുരസ്‌കാര ജേതാവായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ റോഡ്രി, റയല്‍ മാഡ്രിഡിന്റെ ബ്രസീല്‍ മിഡ്ഫീല്‍ഡര്‍ വിനീഷ്യസ് ജൂനിയര്‍, റയലിന്റെ തന്നെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ, റയലിന്റെയും ഇംഗ്ലണ്ടിന്റെയും സെന്‍സേഷന്‍ ജൂഡ് ബെല്ലിങ്ഹാം എന്നിവരെല്ലാം ഫിഫയുടെ മികച്ച ഫുട്‌ബോളര്‍ക്കുള്ള ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

TONI KROOS

റയലിന്റെ സ്പാനിഷ് ഡിഫന്റര്‍ ഡാനി കര്‍വാഹാള്‍, ഉറുഗ്വേയുടെ ഫെഡറിക്കോ വാല്‍വെര്‍ഡെ, ബാഴ്‌സലോണയുടെ 17കാരനായ സ്പാനിഷ് കൗമാര വിസ്മയം ലാമിന്‍ യമാല്‍, മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വെ ഗോള്‍മെഷീന്‍ എര്‍ലിങ് ഹാളണ്ട്, ജര്‍മനിയുടെ ഫ്‌ളോറിയന്‍ വിട്‌സ് എന്നിവരും ഫിഫയുടെ പുരസ്‌കാരത്തിനു വേണ്ടി മല്‍സരരംഗത്തുള്ളവരാണ്.

അടുത്ത വര്‍ഷം ജനുവരിയിലാണ് ഈ വര്‍ഷത്തെ മികച്ച പുരുഷ ഫുട്‌ബോളറെ ഫിഫ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. ആദ്യമായി ഇത്തവണ ആരാധകര്‍ക്കും വോട്ടിങ് രേഖപ്പെടുത്താനുള്ള അവസരം നല്‍കിയിട്ടുണ്ട്. ആകെ വോട്ടിന്റെ 25 ശതമാനം ആരാധകര്‍ക്കു ഫിഫ അനുവദിച്ചിരിക്കുകയാണ്. ശേഷിച്ച 75 ശതമാനം വോട്ടുകള്‍ ദേശീയ ടീമുകളുടെ കോച്ചുമാര്‍, ക്യാപ്റ്റന്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നായിരിക്കും.

Story first published: Friday, November 29, 2024, 15:39 [IST]
Other articles published on Nov 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+