
എന്താണ് മെറ്റബോളിക് ഡിസോര്‍ഡര്‍ ?
പ്രോട്ടീനടങ്ങിയ ഭക്ഷണങ്ങളുടെ ദഹനപ്രക്രിയയിലൂടെ ശരീരത്തിനാവശ്യമായ ഊര്‍ജം എത്തിക്കുന്ന പ്രവര്‍ത്തനമാണ് മെറ്റബോളിസം. ഇതിലുണ്ടാകുന്ന ക്രമവ്യതിയാനങ്ങള്‍ മെറ്റബോളിക് ഡിസോര്‍ഡര്‍ എന്നറിയപ്പെടുന്നു. കായിക താരങ്ങള്‍ക്ക് വര്‍ധിച്ച തോതില്‍ ഊര്‍ജം ആവശ്യമായതിനാല്‍ തന്നെ മെറ്റബോളിസത്തിനുണ്ടാകുന്ന ചെറിയ ഡിസോര്‍ഡര്‍ പോലും ഗൗരവമേറിയതാണ്.

എങ്ങനെ രോഗം ഉണ്ടാകുന്നു ?
ശരീരത്തിലെ ഉപാപചയ പ്രക്രിയ താറുമാറാകുന്ന ഈ അവസ്ഥക്ക് കാരണം പോഷകാഹാരത്തിന്റെ അപര്യാപ്തതയാണ്. ജന്മനായുള്ള വൈകല്യങ്ങളും ഇതിന് കാരണമാകും. കുഞ്ഞുന്നാളിലെ പാല്‍, മുട്ട തുടങ്ങീ പോഷകാഹാരങ്ങള്‍ കുട്ടികള്‍ക്ക് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത് മെറ്റബോളിക് ഡിസോര്‍ഡറില്‍ നിന്ന് രക്ഷ നേടാനാണ്.

ഒരു ജര്‍മന്‍ ഫുട്‌ബോളര്‍ക്കിതെങ്ങനെ ?
അത്ഭുതപ്പെടുത്തുന്ന സംഭവമാണിത്. ലോകത്തെ സമ്പന്ന രാഷ്ടമായ ജര്‍മനിയിലെ സമ്പന്ന ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിലും ബൊറൂസിയ ഡോട്മുണ്ടിലും കളിച്ച താരമാണ് മരിയോ ഗോട്‌സെ. ജര്‍മനിയുടെ ദേശീയ ടീമിലും അംഗം. ഇവിടെയൊക്കെ അത്യാധുനിക മെഡിക്കല്‍ ലാബുകളും ഡോക്ടര്‍മാരും ന്യൂട്രീഷന്‍മാരുമുണ്ട്. എന്നിട്ടും ഇത്രവൈകിയിട്ട് ഗോട്‌സെയിലെ മെറ്റബോളിക് ഡിസോര്‍ഡര്‍ കണ്ടെത്തിയത് ആരുടെ വീഴ്ചയാണ്.

ലോകകപ്പ് ഹീറോ....
2014 ലോകകപ്പ് ഫൈനലില്‍ ജര്‍മനിക്കായി വിജയഗോള്‍ നേടിയത് മരിയോ ഗോട്‌സെ ആയിരുന്നു. അതോടെ ജര്‍മനിയുടെ ദേശീയ ഹീറോ ആയി ഗോട്‌സെ. ബൊറൂസിയ ഡോട്മുണ്ട് താരത്തെ ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക് റാഞ്ചുന്നത് ലോകകപ്പ് മികവ് കണ്ടിട്ടായിരുന്നു.

ബയേണില്‍ ബെഞ്ചിലായി....
എന്നാല്‍ വിടാതെ പിന്തുടര്‍ന്ന പരുക്ക് ഗോട്‌സെയുടെ കരിയറിനെ സാരമായി ബാധിച്ചു. ബൊറൂസിയ ഡോട്മുണ്ടില്‍ നിന്ന് വലിയ ട്രാന്‍സ്ഫറില്‍ ബയേണ്‍ മ്യൂണിക്കിലെത്തിയ ഗോട്‌സെക്ക് അവിടെ പകരക്കാരുടെ നിരയിലായിരുന്നു സ്ഥാനം. കോച്ചായിരുന്ന പെപ് ഗോര്‍ഡിയോള മരിയോ ഗോട്‌സെയുടെ ഫിറ്റ്‌നെസില്‍ അന്നേ സംശയം പ്രകടിപ്പിച്ചിരുന്നു.
അസ്ഥികള്‍ക്ക് പെട്ടെന്ന് പരുക്കേല്‍ക്കുന്ന പ്രകൃതക്കാരനായിരുന്നു ഗോട്‌സെ. ഇതെല്ലാം മെറ്റബോളിക് ഡിസോര്‍ഡറിന്റെ സൈഡ് ഇഫക്ടുകളായിരുന്നുവെന്ന് ഇന്ന് തിരിച്ചറിയുന്നു. ഈ സീസണില്‍ പതിനാറ് മത്സരങ്ങളില്‍ ബൊറുസിയക്കായി രണ്ട് ഗോളുകള്‍ മാത്രമാണ് ഗോട്‌സെ നേടിയത്.


Click it and Unblock the Notifications














