റോം: പുതിയ പരിശീലകന് റോബര്‍ട്ടോ മാന്‍സിനിയുടെ കീഴില്‍ മുന്‍ ലോക ചാംപ്യന്മാരായ ഇറ്റലിക്ക് വിജയത്തുടക്കം. റഷ്യന്‍ ലോകകപ്പിന് തയ്യാറെടുക്കുന്ന സൗദി അറേബ്യയെയാണ് ഇറ്റലി പരാജയപ്പെടുത്തിയത്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇറ്റലിയുടെ വിജയം. നാലു വര്‍ഷത്തിനു ശേഷം ദേശീയ ടീമില്‍ തിരിച്ചെത്തിയ സ്റ്റാര്‍ സ്ട്രൈക്കര്‍ മരിയോ ബലോറ്റെലി ഇറ്റലിക്കു വേണ്ടി ഗോള്‍ നേടി. 2014 ലോകകപ്പിലായിരുന്നു ബലോറ്റെലി ഇതിനു മുമ്പ് അവസാനമായി അസൂറിപ്പടയ്ക്കു വേണ്ടി കളിച്ചത്. 21ാം മിനിറ്റില്‍ സൂപ്പര്‍ സോളോ ഗോളിലൂടെയായിരുന്നു ബലോറ്റിലെ ഇറ്റലിക്കു വേണ്ടി ലക്ഷ്യംകണ്ടത്. 68ാം മിനിറ്റില്‍ ആന്ദ്രെ ബെലോട്ടിയുടെ വകയായിരുന്നു ഇറ്റലിയുടെ രണ്ടാം ഗോള്‍. 72ാം മിനിറ്റില്‍ യഹ്യ അല്‍ ഷെഹ്റിയുടെ വകയായിരുന്നു സൗദിയുടെ ഏക ഗോള്‍.
ഇത്തവണത്തെ റഷ്യന്‍ ലോകകപ്പില്‍ യോഗ്യത ലഭിക്കാതെ പോയ പ്രമുഖ ടീമുകളിലൊന്നാണ് ഇറ്റലി. ലോകകപ്പ് യോഗ്യത ലഭിക്കാതെ പോയതോടെ പരിശീലക സ്ഥാനത്തുനിന്ന് ജിയാന്‍ പിയെറോ വെന്റുറയെ ഇറ്റലി പുറത്താക്കിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് 53 കാരനായ മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകനായ മാന്‍സിനിയെ ഇറ്റലി കോച്ചായി നിയമിച്ചത്.