മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമയിര്‍ ലീഗില്‍ കിതയ്ക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് പുതിയ കളിക്കാരനെത്തുന്നു. സ്‌പോര്‍ട്ടിങ് ക്ലബ്ബ് പോര്‍ച്ചുഗലിന്റെ താരമായ ബ്രൂണോ ഫെര്‍ണാണ്ടസുമായി കരാറിലേര്‍പ്പെട്ടതായി യുണൈറ്റഡ് സ്ഥിരീകരിച്ചു. രണ്ട് ക്ലബ്ബും തമ്മില്‍ കരാര്‍ പൂര്‍ത്തിയായെന്നും കളിക്കാരന്റെ മെഡിക്കല്‍ പരിശോധന മാത്രമാണ് ശേഷിക്കുന്നതെന്നും യുണൈറ്റഡ് വ്യക്തമാക്കി. സ്‌പോര്‍ട്ടിങ് ക്ലബ്ബും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി 55 മില്യണ്‍ യൂറോയാണ്(ഏകദേശം 400 കോടി രൂപ) കരാര്‍ എന്ന് സ്‌പോര്‍ട്ടിങ് വ്യക്തമാക്കുന്നു. കളിക്കളത്തിലെ സാന്നിധ്യത്തിനനുസരിച്ച് 5 മില്യണ്‍ കൂടുതല്‍ നല്‍കും. ടീം ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടിയാല്‍ മറ്റൊരു 5 മില്യണും. വ്യക്തിഗത മികവിന് മറ്റൊരു 15 മില്യണും നല്‍കാമെന്നാണ് കരാര്‍. അടുത്തദിവസം തന്നെ ബ്രൂണോയുടെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാകും.

പോര്‍ച്ചുഗീസ് താരമായ ബ്രൂണോ അറ്റാക്കിങ് വിങ്ങറായാണ് കളിക്കുന്നത്. ഇറ്റാലിയന്‍ സീരി ബിയിലൂടെയാണ് പ്രൊഫഷണല്‍ കരിയര്‍ ആരംഭിക്കുന്നത്. സീരി എ യില്‍ ഉദിനെസ്, സാംപ്‌ഡോറിയ ടീമുള്‍ക്കുവേണ്ടി കളിച്ചശേഷം പോര്‍ച്ചുഗീസ് ടീം സ്‌പോര്‍ട്ടിങ്ങിലെത്തി. ആകെ 290 കളികളില്‍ നിന്നും 84 ഗോളുകള്‍ നേടി. പോര്‍ച്ചുഗലിനായി 19 മത്സരങ്ങളില്‍നിന്നും 2 ഗോളുകളും ഈ ഇരുപത്തിയഞ്ചുകാരന്‍ നേടിയിട്ടുണ്ട്.