ലണ്ടന്‍: ബാഴ്‌സലോണയുടെ ബ്രസീലിന്‍ സ്‌ട്രൈക്കര്‍ നെയ്മറെ ടീമിലെത്തിക്കാനുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ശ്രമം അന്തിമ ഘട്ടത്തിലെന്ന് റിപ്പോര്‍ട്ട്. ജനവരി ട്രാന്‍സ്ഫറില്‍ അല്ലെങ്കില്‍ സീസണ്‍ ഒടുവില്‍ നെയ്മര്‍ മാഞ്ചസ്റ്ററില്‍ എത്തുമെന്നാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ഏറ്റവും പുതിയ സുചനകള്‍. നെയ്മറിന്റെ ഏജന്റുമായി മാഞ്ചസ്റ്റര്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.
ഇന്നേവരെ ഏതൊരു കളിക്കാരനും നല്‍കിയതിനേക്കാള്‍ ഉയര്‍ന്ന തുകയ്ക്കാണ് മാഞ്ചസ്റ്റര്‍ നെയ്മറിനെ വിളിക്കുന്നത്. പ്രീമിയര്‍ ലീഗില്‍ മികച്ച സ്‌ട്രൈക്കറുടെ അഭാവം നേരിടുന്ന യുണൈറ്റഡ് ജനുവരി സീസണില്‍ തന്നെ താരത്തെ ടീമിലെത്തിക്കാന്‍ ശ്രമിക്കുകയാണ്. നെയ്മര്‍ ടീമിലെത്തിയാല്‍ വരും സീസണില്‍ ചാമ്പ്യന്‍സ് ലീഗ് ബര്‍ത്ത് ഉറപ്പിക്കാന്‍ കഴിയുമെന്നാണ് യുണൈറ്റഡ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ.

നെയ്മര്‍ ടീം വിടുമോ എന്ന കാര്യത്തില്‍ ബാഴ്‌സലോണ പ്രതികരിച്ചിട്ടില്ല. മെസ്സി നെയ്മര്‍ സുവാരസ് സഖ്യം ബാഴ്‌സയ്ക്കുവേണ്ടി ഗോളടിച്ചുകൂട്ടുന്നതില്‍ മത്സരിക്കുകയാണ്. എന്നാല്‍ മെസ്സിയെ ഒഴിച്ച് മറ്റുള്ളവരെ ടീമില്‍ നിലനിര്‍ത്താന്‍ ബാഴ്‌സയ്ക്ക് കഴിഞ്ഞെന്നുവരില്ല. കാരണം, വന്‍ ഓഫറുകളാണ് ഇവര്‍ക്ക് മറ്റു ടീമുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇവരെ ടീമില്‍ നിലനിര്‍ത്തണമെങ്കില്‍ ബാഴ്‌സ കൂടിയ പ്രതിഫലം നല്‍കേണ്ടിവരും. ഇത്രയും തുകമുടക്കി കളിക്കാരെ ടീമില്‍ നിലനിര്‍ത്തുക ബാഴ്‌സയെ സംബന്ധിച്ചിടത്തോളം ബാധ്യതയാകും. നിലവില്‍ മാഞ്ചസ്റ്റര്‍ സിറ്റി മെസ്സിക്കുവേണ്ടി വലവിരിച്ചിട്ടുണ്ട്. ബാഴ്‌സ നല്‍കുന്നതിന്റെ ഇരട്ടി നല്‍കാമെന്നാണ് സിറ്റിയുടെയും വാഗ്ദാനം. എന്നാല്‍, ബാഴ്‌സലോണയുമായി മെസ്സിക്കുള്ള വൈകാരികമായ അടുപ്പം പണത്തിനുമീതെ ആണെന്നതില്‍ മെസ്സി ടീമില്‍ തുടരാനാണ് സാധ്യത.