ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റി ജയത്തോടെ നില ഒരിക്കല്‍ക്കൂടി അരക്കിട്ടുറപ്പിച്ചു. എന്നാല്‍ സിറ്റിയുടെ മുഖ്യ എതിരാളികളും പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാരുമായ മാഞ്ചസ്റ്റര്‍ സിറ്റിയും നിലവിലെ ചാംപ്യന്മാരായ ചെല്‍സിയും കനത്ത തോല്‍വിയേറ്റുവാങ്ങി.ഹോം മാച്ചില്‍ വെസ്റ്റ്ബ്രോമിനെയാണ് സിറ്റി എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു മുക്കിയത്. യുനൈറ്റഡിനെ ടോട്ടനം ഹോട്സ്പര്‍ 2-0ന് കശാപ്പ് ചെയ്തപ്പോള്‍ ചെല്‍സിയെ ബോണ്‍മൗത്ത് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു കെട്ടുകെട്ടിച്ചു.
സ്റ്റാര്‍ പ്ലേമേക്കര്‍ കെവിന് ഡി ബ്രൂയ്നിന്റെ മാസ്മരിക പ്രകടനമാണ് വെസ്റ്റ്ബ്രോമിനെതിരേ സിറ്റിക്കു അനായാസ ജയം സമ്മാനിച്ചത്. ഒരു ഗോള്‍ നേടുന്നതിനൊപ്പം കളം നിറഞ്ഞു കളിച്ച ഡിബ്രുയ്ന് സിറ്റിയുടെ ഹീറോയായി. ഫെര്‍ണാണ്ടീഞ്ഞോ, സെര്‍ജിയോ അഗ്വേറോ എന്നിവരാണ് സിറ്റിയുടെ മറ്റു സ്കോറര്‍മാര്‍.
സ്വന്തം മൈതാനത്ത് ഒരു മിനിറ്റിനുള്ളില്‍ തന്നെ യുനൈറ്റഡിനെതിരേ സ്പര്‍സ് അക്കൗണ്ട് തുറന്നിരുന്നു. ക്രിസ്റ്റ്യന്‍ എറിക്സണാണ് യുനൈറ്റഡ് പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ലക്ഷ്യംകണ്ടത്. 28ാം മിനിറ്റില്‍ ഡിഫന്‍ര്‍ ഫില്‍ ജോണ്‍സ് സെല്‍ഫ് ഗോള്‍ കൂടി വഴങ്ങിയതോടെ യുനൈറ്റഡിന്റെ പതനം പൂര്‍ത്തിയായി. ഈ മാസം ടീമിനൊപ്പം ചേര്‍ന്ന ചിലി സൂപ്പര്‍ താരം അലെക്സിസ് സാഞ്ചസ് യുനൈറ്റഡിനു വേണ്ടി ലീഗില്‍ അരങ്ങേറിയ മല്‍സരം കൂടിയായിരുന്നു.
ചെല്‍സിക്കെതിരേ കല്ലും വില്സണിന്റ ഇരട്ടഗോളാണ് ബോണ്‍മൗത്തിന് അവിസ്മരണീയ വിജയം സമ്മാനിച്ചത്. നതാന്‍ അക്കെയാണ് മറ്റൊരു സ്കോറര്‍. 68 പോയിന്റുമായാണ് സിറ്റി ലീഗില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. 15 പോയിന്റ് പിറകിലാണ് രണ്ടാംസ്ഥാനക്കാരായ യുനൈറ്റഡ്.