ലണ്ടന്‍: ബാഴ്‌സലോണ സൂപ്പര്‍താരം ലയണല്‍ മെസ്സിക്കുവേണ്ടി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രംഗത്ത്. കോപ്പ, യൂറോ ടൂര്‍ണമെന്റുകള്‍ക്കിടെയാണ് യൂറോപ്പിലെ ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍ സജീവമായിരിക്കുന്നത്. എത്ര തുകയാണ് മെസ്സിക്കുവേണ്ടി മാഞ്ചസ്റ്റര്‍ വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് വ്യക്തമല്ല.
കോച്ച് ജോസ് മൗറീന്യോ ചുമതലയേറ്റെടുത്തശേഷം വന്‍കിട താരങ്ങളെ ടീമിലെത്തിച്ച് പ്രതാപകാലം തിരിച്ചുപിടിക്കാനാണ് മാഞ്ചസ്റ്ററിന്റെ ശ്രമം. ഫ്രഞ്ച് ടീമില്‍ നിന്നും വിടുകയാണെന്ന് പ്രഖ്യാപിച്ച സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിനെയും മാഞ്ചസ്റ്റര്‍ ടീമിലെടുത്തേക്കും. മികച്ച ഫോമില്‍ കളിക്കുന്ന ഇബ്രയുമായി ഒരുവര്‍ഷത്തിലെ കരാറിലാണ് ടീം ഏര്‍പ്പെടുക.
മെസ്സിയും ഇബ്രാഹിമോവിച്ചും ടീമിലെത്തിയാല്‍ ഗുണം ചെയ്യുമെന്നാണ് മൗറീന്യോയുടെ കണക്കുകൂട്ടലെങ്കിലും ബാഴ്‌സലോണ താരം ടീം വിടുന്നതിന്റെ യാതൊരു മുന്നറിയിപ്പും നല്‍കിയിട്ടില്ല. എത്ര കോടികള്‍ ലഭിച്ചാലും മെസ്സി ബാഴ്‌സ വിടില്ലെന്നാണ് ഫുട്‌ബോള്‍ വിദഗ്ധരും വ്യക്തമാക്കുന്നത്. അടുത്തിടെ മെസ്സി ബാഴ്‌സയിലെ കരാര്‍ പുതുക്കിയിരുന്നു.
അതിനിടെ, ഒറ്റ സീസണ്‍കൊണ്ട് പ്രീമിയര്‍ ലീഗില്‍ സൂപ്പര്‍താരമായി ഉദിച്ചുയര്‍ന്ന ലീസ്റ്ററിന്റെ ജാമി വാര്‍ഡിയുമായി ആഴ്‌സണല്‍ കരാറിലേര്‍പ്പെടുകയാണെന്ന റിപ്പോര്‍ട്ടുണ്ട്. 20 മില്യണ്‍ യൂറോയാണ് വാര്‍ഡിക്കായി മുന്നോട്ടുവെച്ച തുക. ലീസ്റ്റര്‍ അനുകൂലമായി പ്രതികരിച്ചാല്‍ യൂറോയ്ക്കു മുന്‍പ് ജാമി വാര്‍ഡി ആഴ്‌സണലിലെത്തും.