ഹാരി കാനിന്റെ ഹാട്രിക്കില്‍ ടോട്ടനം, ഇബ്രായുടെ ഗോളില്‍ മാഞ്ചസ്റ്റര്‍ എഫ് എ കപ്പ് ക്വാര്‍ട്ടറില്‍
ലണ്ടന്‍: ഇംഗ്ലീഷ് എഫ് എ കപ്പില്‍ ടോട്ടനം ഹോസ്പറും മാഞ്ചസ്റ്റര്‍ യുനൈറ്റഡും ക്വാര്‍ട്ടര്‍ ഫൈനലില്‍. ടോട്ടനം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഫുള്‍ഹാമിനെ തകര്‍ത്തപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പൊരുതിക്കളിച്ച ബ്ലാക്‌ബേണിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മറികടന്നു.
ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഹാരി കാനിന്റെ ഹാട്രിക്കാണ് ടോട്ടനം ഹോസ്പറിന് മികച്ച ജയമൊരുക്കിയത്. മാഞ്ചസ്റ്ററിന്റെ വിജയഗോള്‍ സൂപ്പര്‍ സബ് ആയിറങ്ങിയ സ്വീഡിഷ് സ്‌ട്രൈക്കര്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിചിന്റെ ബൂട്ടില്‍ നിന്നായിരുന്നു.

കാനിന്റെ മികവില്‍..
പതിനാറാം മിനുട്ടില്‍ ഹാരി കാന്‍ തുടങ്ങിവെച്ച ഗോളടി 51, 73 മിനുട്ടുകളിലായി കാന്‍ തന്നെ പൂര്‍ത്തിയാക്കി. ഇംഗ്ലണ്ടില്‍ രണ്ടാം ഡിവിഷനില്‍ എട്ടാം സ്ഥാനത്തുള്ള ഫുള്‍ഹാമിന് പ്രീമിയര്‍ ലീഗ് ടീമിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന പ്രകടനം പ്രതീക്ഷിച്ചതു പോലെ സാധ്യമായില്ല. സമീപകാലത്തെ തിരിച്ചടികളെ തരണംചെയ്യാന്‍ ടോട്ടനം കോച്ച് ശക്തമായ നിരയെ തന്നെയാണ് കളത്തിലിറക്കിയത്. ലിവര്‍പൂളിനോട് 2-0ന് തോറ്റതോടെ ടീമിന് ദിശതെറ്റിയെന്ന രീതിയിലുള്ള വിമര്‍ശനം കോച്ച് പോചെറ്റിനോ തള്ളിക്കളഞ്ഞു. ഇത്തവണ എഫ് എ കപ്പ് നേടുക തന്നെ ചെയ്യുമെന്നാണ് അര്‍ജന്റൈന്‍ കോച്ച് പറയുന്നത്. ടോട്ടനം ഹോസ്പറില്‍ പോചെറ്റിനോ ആദ്യ കിരീടം ലക്ഷ്യമിടുന്നു. ക്ലബ്ബാകട്ടെ 2008 ലീഗ് കപ്പിന് ശേഷം കിരീടം നേടിയിട്ടില്ല.

സൂപ്പര്‍ ഇബ്രാ...
പതിനേഴാം മിനുട്ടില്‍ ഡാനി ഗ്രഹാമിന്റെ ഗോളില്‍ ബ്ലാക്‌ബേണ്‍ ലീഡെടുക്കുന്നു. കൃത്യം പത്ത് മിനുട്ടാകുമ്പോഴേക്കും റാഷ്‌ഫോഡിലൂടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സമനില പിടിച്ചെടുക്കുന്നു. ആദ്യ പകുതി 1-1. രണ്ടാം പകുതിയില്‍ എഴുപത് മിനുട്ടിലേക്ക് അടുക്കുമ്പോള്‍ മാഞ്ചസ്റ്റര്‍ കോച്ച് മൗറിഞ്ഞോ രണ്ട് മാറ്റം വരുത്തി. ലിംഗാര്‍ഡിന് പകരം പോള്‍ പോഗ്ബയും ആന്റണി മാര്‍ഷ്വലിന് പകരം ഇബ്രാഹിമോവിചിനെയും കളത്തിലിറക്കി. ഇവര്‍ ഒപ്പമിറങ്ങിയത് മത്സരഗതി തന്നെ മാറ്റി മറിച്ചു. എഴുപത്തഞ്ചാം മിനുട്ടില്‍ സ്വന്തം ഹാഫില്‍ നിന്ന് പോള്‍ പോഗ്ബയുടെ ലോംഗ് ബോള്‍. ഓഫ് സൈഡ് കെണി തകര്‍ത്ത് ഇബ്രാ ബോക്‌സിനുള്ളില്‍ പുറം തിരിഞ്ഞു നിന്ന് പന്ത് സ്വീകരിച്ചു. രണ്ട് ഡിഫന്‍ഡര്‍മാര്‍ കുതിച്ചെത്തുമ്പോഴേക്കും ഇബ്രായുടെ സൂപ്പര്‍ ഫിനിഷിംഗ് (2-1).

മാന്‍ ഓഫ് ദ മാച്ച് മഹിതരിയാന്‍...
ബ്ലാക്‌ബേണിനെതിരെ മാഞ്ചസ്റ്ററിന്റെ മാന്‍ ഓഫ് ദ മാച്ച് അര്‍മേനിയന്‍ താരം ഹെന്റിക് മഹിതരിയനാണ്. സമനില ഗോളിന് മഹിതരിയന്‍ നല്‍കിയ പാസ് അത്രക്ക് മനോഹരമായിരുന്നു. 85 ശതമാനം പാസുകളും മുന്‍ ബൊറുസിയ ഡോട്മുണ്ട് താരം പൂര്‍ത്തിയാക്കി.

ഗോള്‍ നില
ഫുള്‍ഹാം 0-3 ടോട്ടനം ഹോസ്പര്‍
ബ്ലാക്‌ബേണ്‍ 1-2 മാഞ്ചസ്റ്റര്‍ യുനൈറ്റഡ്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications