ലണ്ടന്‍: യുവന്റസിന്റെ ഫ്രഞ്ച്താരം പോള്‍ പോഗ്ബയ്ക്ക് പിറകെ കോടികളുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. 2012ല്‍ തങ്ങള്‍ ഒഴിവാക്കിയ താരത്തിനുവേണ്ടിയാണ് മാഞ്ചസ്റ്റര്‍ പിന്നാലെ കൂടിയിരിക്കുന്നത്. 885 കോടി രൂപയാണ് പോഗ്ബയ്ക്കായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ 955 കോടി രൂപയെങ്കിലും വേണമെന്നാണ് യുവന്റസ് നിലപാട്.
ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലും ആക്രമണത്തിലും ഒരു പോലെ തിളങ്ങുന്ന പോഗ്ബ ലോകത്തെ മികച്ച 5 കളിക്കാരില്‍ ഒരാളാണ്. യൂറോ കപ്പില്‍ ഫ്രാന്‍സിന്റെ കുതിപ്പില്‍ പോഗ്ബ പുറത്തെടുത്ത പ്രകടനം നിര്‍ണായകമായിരുന്നു. യുവന്റസിനുവേണ്ടിയും പോഗ്ബ മികച്ച കളിയാണ് കഴിഞ്ഞവര്‍ഷങ്ങളില്‍ പുറത്തെടുത്തത്.

പോഗ്ബയെ വിട്ടുകളഞ്ഞത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഏറ്റവും വലിയ മണ്ടത്തരമായിരുന്നു. വിലപിടിപ്പുള്ള താരത്തെ കൈയ്യൊഴിഞ്ഞത് ക്ലബ്ബിന്റെ വന്‍ നഷ്ടങ്ങളിലൊന്നായും മാറി. കഴിഞ്ഞ സീസണുകളില്‍ പിറകോട്ടുപോയ മാഞ്ചസ്റ്ററിനെ ഇത്തവണ എന്തു വിലകൊടുത്തും പ്രീമയര്‍ ലീഗ് ചാമ്പ്യന്മാരാക്കാനാണ് പുതിയ കോച്ച് ജോസ് മൗറീന്യോയുടെ തീരുമാനം.
ഇതിന്റെ ഭാഗമായാണ് പോഗ്ബയെ തിരിച്ചെത്തിക്കാനുള്ള ശ്രമം. ബ്രസീല്‍താരം നെയ്മറെ റാഞ്ചാനായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പദ്ധതിയെങ്കിലും നെയ്മര്‍ ബാഴ്‌സയില്‍ ഉറച്ചുനിന്നതോടെയാണ് മറ്റൊരു സൂപ്പര്‍താരത്തിനായി മാഞ്ചസ്റ്റര്‍ വലവിരിച്ചിരിക്കുന്നത്. യുവന്റസിനായി 124 മത്സരങ്ങളില്‍ നിന്ന് 28 ഗോളുകള്‍ പോഗ്ബ നേടിയിരുന്നു. പോഗ്ബ കളിച്ച നാല് സീസണുകളിലും യുവന്റസ് സീരി എ കിരീടം നേടി.