പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സമനില കുരുക്ക്; ലാലിഗയില്‍ റയല്‍ മാഡ്രിഡിന് ജയം
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സമനില കുരുക്ക്. വെസ്റ്റ് ബ്രോമാണ് മുന്‍ ചാമ്പ്യന്മാരെ 1-1 എന്ന നിലയില്‍ തളച്ചിട്ടത്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തിലാണ് സിറ്റിക്ക് സമനില വഴങ്ങേണ്ടി വന്നത്. ഗബ്രിയേല്‍ ജീസസിനെ മുന്നില്‍ നിര്‍ത്തി 4-2-3-1 ഫോര്‍മേഷനില്‍ സിറ്റി അണിനിരന്നപ്പോള്‍ 4-1-4-1 ഫോര്‍മേഷനിലാണ് വെസ്റ്റ് ബ്രോം ബൂട്ടണിഞ്ഞത്. 30ാം മിനുട്ടില്‍ സിറ്റി സ്‌കോര്‍ ബോര്‍ഡ് തുറന്നു. റഹിം സ്‌റ്റെര്‍ലിങ് ഗോളിന് വഴി തുറന്നപ്പോള്‍ ഇല്‍ക്കെ ഗുണ്ടോകന് തെറ്റിയില്ല. തിരിച്ചടിക്കാനായുള്ള വെസ്റ്റ് ബ്രോമിന്റെ ശ്രമങ്ങള്‍ 43ാം മിനുട്ടില്‍ ഫലം കണ്ടു. സിറ്റി ഗോള്‍പോസ്റ്റിനടുത്തുവെച്ച് വെസ്റ്റ് ബ്രോം താരം തൊടുത്ത ഷോട്ട് റൂബന്‍ ഡിയാസിന്റെ കാലില്‍ തട്ടി സെല്‍ഫ് ഗോളാവുകയായിരുന്നു.

രണ്ടാം പകുതിയില്‍ ഇരു ടീമും മാറ്റങ്ങളുമായി ഇറങ്ങിയെങ്കിലും ആര്‍ക്കും ലീഡെടുക്കാന്‍ സാധിക്കാതെ വന്നതോടെ സമനില പങ്കിടുകയായിരുന്നു. 77 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന സിറ്റി അഞ്ചിനെതിരേ 26 ഗോള്‍ശ്രമവും നടത്തിയെങ്കിലും വിജയം സ്വന്തമാക്കാനായില്ല. 12 മത്സരത്തില്‍ നിന്ന് 20 പോയിന്റുള്ള സിറ്റി ആറാം സ്ഥാനത്താണ്.

പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ ചെല്‍സിയെ 2-1ന് വോള്‍വ്‌സ് അട്ടിമറിച്ചു. 49ാം മിനുട്ടില്‍ ഒലിവര്‍ ജിറൗഡിലൂടെ ആദ്യം വലകുലുക്കിയത് ചെല്‍സിയായിരുന്നു. 66ാം മിനുട്ടില്‍ ഡാനിയല്‍ പൊഡന്‍സിന്റെ ഗോളില്‍ വോള്‍വ്‌സ് സമനില പിടിച്ചപ്പോള്‍ ഇഞ്ചുറി ടൈമില്‍ പെഡ്രോ നീറ്റോ നേടിയ ഗോളില്‍ വോള്‍വ്‌സ് വിജയിക്കുകയായിരുന്നു. 22 പോയിന്റുള്ള ചെല്‍സി നാലാം സ്ഥാനത്തും 20 പോയിന്റുള്ള വോള്‍വ്‌സ് 20ാം സ്ഥാനത്തുമാണ്.

ലാലിഗയില്‍ അത്‌ലറ്റികോ ബില്‍ബാവോയെ റയല്‍ മാഡ്രിഡ് 3-1ന് തോല്‍പ്പിച്ചു. 4-2-3-1 ഫോര്‍മേഷനില്‍ ഇറങ്ങിയ അത്‌ലറ്റികോ ബില്‍ബാവോയെ 4-3-3 ഫോര്‍മേഷനിലാണ് റയല്‍ മാഡ്രിഡ് നേരിട്ടത്. 13ാം മിനുട്ടില്‍ത്തന്നെ അത്‌ലറ്റികോ ബില്‍ബാവോയ്ക്ക് തിരിച്ചടി നേരിട്ടു. ബില്‍ബാവോ താരം റൗള്‍ ഗാര്‍ഷ്യ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ 10 പേരായി അവര്‍ ചുരുങ്ങി. ഇത് മുതലെടുത്ത റയല്‍ ആദ്യ പകുതിയുടെ അധിക സമയത്ത് സ്‌കോര്‍ബോര്‍ഡ് തുറന്നു. വിനീഷ്യസ് ജൂനിയറിന്റെ അസിസ്റ്റില്‍ ടോണി ക്രൂസാണ് റയലിനായി വലകുലുക്കിയത്. എന്നാല്‍ പോരാട്ടം കൈവിടാതെ കളിച്ച ബില്‍ബാവോ 52ാം മിനുട്ടില്‍ സമനില പിടിച്ചു. ആന്‍ഡര്‍ കാപ്പയാണ് ബില്‍ബാവോയ്ക്കായി വല കുലുക്കിയത്.

74ാം മിനുട്ടില്‍ കര്‍വാചലിന്റെ അസിസ്റ്റില്‍ കരിം ബെന്‍സേമയാണ് റയലിന്റെ രണ്ടാം ഗോള്‍ നേടിയത്. ഇഞ്ചുറി ടൈമില്‍ ലൂക്കാ മോഡ്രിച്ചിന്റെ അസിസ്റ്റില്‍ ബെന്‍സേമ റയലിന് മൂന്നാം ഗോളും സമ്മാനിച്ചു. 69 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന് 10നെതിരേ 18 ഗോള്‍ശ്രമവുമായി ആക്രമണത്തിലും റയല്‍ മുന്നിട്ട് നിന്നു. 13 മത്സരത്തില്‍ നിന്ന് 26 പോയിന്റുമായി റയല്‍ മൂന്നാം സ്ഥാനത്താണ്.

ബുണ്ടസ്ലീഗയില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് വെര്‍ഡര്‍ ബ്രീമനെ 2-1ന് തോല്‍പ്പിച്ചു. 12ാം മിനുട്ടില്‍ റാഫേല്‍ ഗുരീറോയും 78ാം മിനുട്ടില്‍ മാര്‍ക്കോ റൂസും ഡോര്‍ട്ട്മുണ്ടിനായി വലകുലുക്കിയപ്പോള്‍ 28ാം മിനുട്ടില്‍ കെവിന്‍ മൊഹ് വാല്‍ദാണ് ബ്രീമന്റെ ആശ്വാസ ഗോള്‍ നേടിയത്. 52 ശതമാനം പന്തടക്കത്തിലും 7നെതിരേ 15 ഗോള്‍ശ്രമത്തിലും മുന്നിട്ട് നിന്ന് ഡോര്‍ട്ട്മുണ്ട് 22 പോയിന്റുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications