ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സ്വീഡിഷ് സ്‌ട്രൈക്കര്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിചിന് കാല്‍മുട്ടിനേറ്റ പരുക്കിനെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്ത്. സീസണില്‍ ഇബ്രാഹിമോവിചിന് കളിക്കാനാകില്ലെന്ന് ക്ലബ്ബ് വ്യക്തമാക്കി. യൂറോപ ലീഗയില്‍ ആന്‍ഡെര്‍ലെറ്റിനെതിരായ മത്സരത്തിലാണ് ഇബ്രാക്ക് പരുക്കേല്‍ക്കുന്നത്. ഹെഡറിനായി ചാടിയപ്പോള്‍ കാല്‍മുട്ടിളകുകയായിരുന്നു. നടക്കാനാകാതെ ഗ്രൗണ്ട് വിട്ട ഇബ്രാക്ക് ദീര്‍ഘകാലം വിശ്രമം അനിവാര്യമാണ്. പകരക്കാരനായി ആന്റണി മാര്‍ഷ്വലാണ് ഗ്രൗണ്ടിലിറങ്ങിയത്.
ഇബ്രായുടെ പരുക്ക് മാഞ്ചസ്റ്ററിനെ വല്ലാതെ ബാധിക്കും. കോച്ച് ഹൊസെ മൗറിഞ്ഞോ പദ്ധതിയിടുന്ന പ്രീമിയര്‍ ലീഗ് ടോപ് ഫോര്‍ ഫിനിഷ് കീറാമുട്ടിയാകും. യൂറോപ ലീഗ് കിരീടം എന്ന സ്വപ്‌നത്തിനും തിരിച്ചടിയാണ്.

പി എസ് ജിയില്‍ നിന്ന് ഫ്രീ ട്രാന്‍സ്ഫറില്‍ മാഞ്ചസ്റ്ററിലെത്തിയ ഇബ്രാ ഗംഭീര ഫോമിലായിരുന്നു. വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി 28 ഗോളുകളാണ് പ്രീമിയര്‍ ലീഗ് ക്ലബ്ബിനായി നേടിയത്. ലീഗ് കപ്പ് ഫൈനലില്‍ സതംപ്ടണിനെതിരെ നേടിയ ഡബിള്‍ ഇതില്‍ ശ്രദ്ധേയം.
ജൂണില്‍ ഒരു വര്‍ഷ കരാര്‍ അവസാനിക്കുകയാണ്. പുതിയ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴാണ് പുറത്താകല്‍. ഒരു പക്ഷേ, ഇബ്രായുടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആന്‍ഡര്‍ലെറ്റിനെതിരായ മത്സരത്തോടെ പൂര്‍ണമായെന്ന് പറയേണ്ടി വരും.