ന്യൂഡല്‍ഹി: ഇറ്റലിയുടെ ലോകകപ്പ് ടീമില്‍ പ്രതിരോധ നിരയില്‍ ഒരുമിച്ച് കളിച്ചതാണ് എന്നതെല്ലാം നേര്. പരിശീലകരുടെ കുപ്പായമണിഞ്ഞാല്‍ പിന്നെ സംബ്രോട്ട ആ ലോഹ്യമൊക്കെ വിടും. മാര്‍കോ മറ്റെരാസി അത് അനുഭവിച്ചറിഞ്ഞു ഐ എസ് എല്ലില്‍. ഇറ്റാലിയന്‍ പരിശീലകരുടെ പോരില്‍ ജിയാന്‍ലൂക സംബ്രോട്ടയുടെ ഡല്‍ഹി ഡൈനമോസ് മറ്റെരാസിയുടെ ചെന്നൈയിന്‍ എഫ് സിയെ നിലംപരിശാക്കി.
ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഡല്‍ഹി തകര്‍ത്തു കളഞ്ഞത്. ചെന്നൈയില്‍ നടന്ന ആദ്യ പാദത്തില്‍ 3-1നും ഡല്‍ഹി ജയിച്ചിരുന്നു. ഇതോടെ, മറ്റെരാസിക്കെതിരെ ഐ എസ് എല്ലില്‍ സംബ്രോട്ട സമ്പൂര്‍ണ വിജയം കരസ്ഥമാക്കി. ഒമ്പത് മത്സരങ്ങളില്‍ നിന്ന് നാലാം ജയവുമായി ഡല്‍ഹി പതിനാറ് പോയിന്റുമായി ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. എട്ട് മത്സരങ്ങളില്‍ പത്ത് പോയിന്റുള്ള ചെന്നൈയിന്‍ എഫ് സി ആറാം സ്ഥാനത്ത്.

ഫ്രഞ്ച് മാര്‍ക്വു താരം ഫ്‌ളോറന്റ് മലൂദ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഗാസെ, ലൂയിസ് എന്നിവര്‍ ഡല്‍ഹിക്ക് ഓരോ ഗോളുകള്‍ വീതം നേടി. മെന്‍ഡിയാണ് ചെന്നൈയിന്‍ എഫ് സിയുടെ ആശ്വാസ ഗോള്‍ നേടിയത്. മലൂദയുടെ ആദ്യ ഐ എസ് എല്‍ ഗോളായിരുന്നു ഇരുപത്തഞ്ചാം മിനുട്ടില്‍ ചെന്നൈയിന്‍ വലയില്‍ കയറിയത്. എണ്‍പത്തഞ്ചാം മിനുട്ടിലും മലൂദ സ്‌കോര്‍ ചെയ്തു. പതിനഞ്ചാം മിനുട്ടിലായിരുന്നു ഗാസെയുടെ ഗോള്‍. അമ്പത്തിനാലാം മിനുട്ടില്‍ ലൂയിസിന്റെ ഗോള്‍.
ഐ എസ് എല്ലില്‍ ഇന്ന് മഹാരാഷ്ട്ര ഡെര്‍ബി. മുംബൈ സിറ്റി എഫ് സിയും എഫ് സി പൂനെ സിറ്റിയും തമ്മിലാണ് കൊമ്പുകോര്‍ക്കല്‍. പതിനഞ്ച് പോയിന്റുള്ള മുംബൈ സിറ്റി എഫ് സി ഐ എസ് എല്ലില്‍ രണ്ടാം സ്ഥാനത്താണ്. അതേ സമയം ഒമ്പത് പോയിന്റുമായി ഏഴാം സ്ഥാനത്തുള്ള പൂനെ പുറത്താകലിന്റെ വക്കിലാണ്.