ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാഹിന് കോവിഡ് സ്ഥിരീകരിച്ചു. ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് താരത്തിന്റെ കോവിഡ് ബാധ സ്ഥിരീകരിച്ചത്. ആഫ്രിക്ക കപ്പ് ഓഫ് നാഷന്‍സിന്റെ യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ക്ക് മുമ്പ് നടത്തിയ പരിശോധനയിലാണ് സലാഹിന് രോഗം സ്ഥിരീകരിച്ചത്. 'ദേശീയ ഫുട്‌ബോള്‍ ടീമിന് നടത്തിയ പരിശോധനയില്‍ ഞങ്ങളുടെ അന്താരാഷ്ട്ര താരവും ലിവര്‍പൂള്‍ താരവുമായ മുഹമ്മദ് സലാഹിന് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചു'-ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പങ്കുവെച്ചു.
യാതൊരു രോഗ ലക്ഷണവും സലാഹില്‍ കാണിച്ചിരുന്നില്ല. എന്നാല്‍ ഈജിപ്ഷ്യന്‍ ടീമിലെ മറ്റ് താരങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. നിലവില്‍ സലാഹ് ഐസൊലേഷനിലാണ്. വരുന്ന മണിക്കൂറില്‍ വീണ്ടും പരിശോധന നടത്തുമെന്നും ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചിട്ടുണ്ട്. ലിവര്‍പൂളിനുവേണ്ടി പ്രീമിയര്‍ ലീഗില്‍ കളിച്ച് വരികെയാണ് ദേശീയ ടീമില്‍ കളിക്കുന്നതിനായി നാട്ടിലേക്ക് മടങ്ങിയത്. യാത്രാവേളയില്‍ കോവിഡ് ബാധ ഏല്‍ക്കാനാണ് കൂടുതല്‍ സാധ്യത. കാരണം ലിവര്‍പൂളില്‍ ബയോ ബബിള്‍ സുരക്ഷയിലാണ് അദ്ദേഹം കഴിഞ്ഞിരുന്നതെന്നതിനാല്‍ അണുബാധയേല്‍ക്കാനുള്ള സാധ്യത വളരെ കുറവാണ്. എന്തായാലും ഒരാഴ്ചയെങ്കിലും സലാഹിന് വിശ്രമം വേണ്ടിവരും. ലിവര്‍പൂളിനും ഈജിപ്തിനും ഒരുപോലെ തിരിച്ചടിയാണത്.

കഴിഞ്ഞിടെ യുവന്റസ് സൂപ്പര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഒരാഴ്ചയിലധികം വിശ്രമം എടുത്തതിന് ശേഷമാണ് പിന്നീട് അദ്ദേഹം ടീമിലേക്ക് തിരിച്ചെത്തിയത്. നേരത്തെയും യുവന്റ്‌സ് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പൗലോ ഡിബാല ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചെങ്കിലും പിന്നീട് ഭേദമായി. അവസാന സീസണിലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് ശേഷം ഇടവേള ആഘോഷിക്കാന്‍ പോയ പിഎസ്ജി ടീമിലെ ഒട്ടുമിക്ക താരങ്ങള്‍ക്കും കോവിഡ് ബാധ ഏറ്റിരുന്നു. നെയ്മര്‍, എംബാപ്പെ, ഡി മരിയ, ഇക്കാര്‍ഡി, കെയ്‌ലര്‍ നവാസ് തുടങ്ങിയവരൊക്കെ കോവിഡ് ബാധിച്ചവരില്‍ ഉള്‍പ്പെടും. ഇതുവരെയായും പ്രതിരോധ മരുന്ന് കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലുമെല്ലാം കോവിഡ് വ്യാപനം ശക്തമാണ്. നിലവില്‍ കായിക മത്സരങ്ങളെല്ലാം തന്നെ കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടത്തുന്നത്. ബയോ ബബിള്‍ സുരക്ഷയും താരങ്ങള്‍ക്കായി ഒരുക്കുന്നുണ്ട്.