
ലണ്ടന്‍/ മാഡ്രിഡ്: നിലവിലെ റണ്ണറപ്പും മുന്‍ ജേതാക്കളുമായ ലിവര്‍പൂള്‍ യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറിലേക്കു മുന്നേറി. ഫ്രഞ്ച് ചാംപ്യന്‍മാരായ പിഎസ്ജി, ഇംഗ്ലണ്ടില്‍ നിന്നുള്ള ടോട്ടനം ഹോട്‌സ്പര്‍ എന്നിവരാണ് അവസാന 16ല്‍ ഇടം നേടിയ മറ്റു ടീമുകള്‍. ഗ്രൂപ്പ് സിയിലെ ജീവന്‍മരണ പോരാട്ടത്തില്‍ ഇറ്റാലിയന്‍ ടീം നാപ്പോളിയെയാണ് ലിവര്‍പൂള്‍ എതിരില്ലാത്ത ഒരു ഗോളിനു തോല്‍പ്പിച്ചത്. ഹോംഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലായുടെ വകയായിരുന്നു ലിവര്‍പൂളിന്റെ വിജയഗോള്‍. 34ാം മിനിറ്റിലാണ് സലാ ടീമിന്റെ വിധി നിര്‍ണയിച്ച ഗോളിന് അവകാശിയായത്. ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായാണ് ലിവര്‍പൂള്‍ സ്വന്തം മൈതാനത്ത് ഇറങ്ങിയത്. എന്നാല്‍ നാപ്പോളിക്കു പ്രീക്വാര്‍ട്ടറില്‍ കടക്കാന്‍ സമനില മാത്രം മതിയായിരുന്നു.

ഗ്രൂപ്പ് സിയിലെ തന്നെ മറ്റൊരു കളിയില്‍ റെഡ് സ്റ്റാര്‍ ബെര്‍ഗ്രേഡിനെ 4-1ന് തുരത്തിയാണ് പിഎസ്ജി പ്രീക്വാര്‍ട്ടറിലേക്കു ടിക്കറ്റ് വാങ്ങിയത്. എഡിന്‍സണ്‍ കവാനി, നെയ്മര്‍, മാര്‍ക്കീഞ്ഞോസ്, കിലിയന്‍ എംബാപ്പെ എന്നിവര്‍ പിഎസ്ജിക്കായി നിറയൊഴിച്ചു. 11 പോയിന്റുമായി പിഎസ്ജി ഗ്രൂപ്പ് ജേതാക്കളായപ്പോള്‍ ഒമ്പത് പോയിന്റ് വീതം നേടി ലിവര്‍പൂളും നാപ്പോളിയും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. മികച്ച ഗോള്‍ ശരാശരിയുടെ കരുത്തിലാണ് ലിവര്‍പൂള്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്തത്.
ഗ്രൂപ്പ് ബിയിലെ രണ്ടു മല്‍സരങ്ങളും സമനിലയില്‍ പിരിഞ്ഞു. ബാഴ്‌സലോണയെ ടോട്ടനം 1-1നു കുരുക്കിയപ്പോള്‍ ഇന്റര്‍മിലാനും പിഎസ് വിയും ഇതേ സ്‌കോറിന് തന്നെ പിരിയുകയായിരുന്നു. ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമാണ് നിശ്ചിത സമയം തീരാന്‍ അഞ്ചു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ലൂക്കാസ് മൗറയുടെ ഗോളിലാണ് ബാഴ്‌സയെ കുരുക്കി ടോട്ടനം നോക്കൗട്ട്‌റൗണ്ട് ബെര്‍ത്ത് ഉറപ്പിച്ചത്. ഏഴാം മിനിറ്റില്‍ ഔസ്മാന്‍ ഡെംബെംലെയാണ് ബാഴ്‌സയ്ക്കായി സ്‌കോര്‍ ചെയ്തത്. 14 പോയിന്റുമായി ബാഴ്‌സ ഗ്രൂപ്പ് ജേതാക്കളായി. എട്ടു പോയിന്റ് നേടിയ ടോട്ടനം രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്തു. ഇന്ററിനും ഇതേ പോയിന്റുണ്ടായിരുന്നെങ്കിലും ഗോള്‍ശരാശരി തിരിച്ചടിയായി.
ഗ്രൂപ്പ് ഡിയില്‍ എഫ്‌സി പോര്‍ട്ടോ 3-2ന് ഗലാത്സരെയെയും ഷാല്‍ക്കെ 1-0നു ലോക്കോമോട്ടീവ് മോസ്‌കോയെയും തോല്‍പ്പിച്ചു. പോര്‍ട്ടോ 16 പോയിന്റോടെ ഗ്രൂപ്പ് ജേതാക്കളായപ്പോള്‍ ഷാല്‍ക്കെ 11 പോയിന്റ് നേടി റണ്ണറപ്പായി. ഇരുടീമുകളും നേരത്തേ തന്നെ പ്രീക്വാര്‍ട്ടറില്‍ കടന്നിരുന്നു.