ബേണ്‍ലിയോട് തോറ്റ് ലിവര്‍പൂള്‍, അത്‌ലറ്റികോ മാഡ്രിഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്‌സ മുന്നോട്ട്
ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ലിവര്‍പൂളിന് നാണംകെട്ട തോല്‍വി. ബേണ്‍ലിയോട് എതിരില്ലാത്ത ഒരു ഗോളിനാണ് ലിവര്‍പൂള്‍ തോറ്റത്. സ്വന്തം മൈതാനത്താണ് മുന്‍ ചാമ്പ്യന്മാരുടെ തോല്‍വിയെന്നതാണ് ശ്രദ്ധേയം. 83ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി ആഷ്‌ളി ബേണിസാണ് ബേണ്‍ലിക്ക് ജയം സമ്മാനിച്ചത്. ബേണ്‍ലിയെ ദുര്‍ബലരായി കണ്ട് ആദ്യ ഇലവനില്‍ സൂപ്പര്‍ താരങ്ങളെ പുറത്തിരുത്തിയ യര്‍ഗന്‍ ക്ലോപിന് പിഴച്ചു.

4-4-2 ഫോര്‍മേഷനിലിറങ്ങിയ ബേണ്‍ലിയെ 4-3-3 ഫോര്‍മേഷനിലാണ് ലിവര്‍പൂള്‍ നേരിട്ടത്. 72 ശതമാനം പന്തടക്കത്തില്‍ മുന്നില്‍ നില്‍ക്കാനും 6നെതിരേ 27 ഗോള്‍ശ്രമം നടത്താനും ലിവര്‍പൂളിന് സാധിച്ചെങ്കിലും ഒരെണ്ണം പോലും ലക്ഷ്യത്തിലെത്തിക്കാനായില്ല. 68 മത്സരങ്ങള്‍ക്ക് ശേഷം സ്വന്തം മൈതാനത്ത് ലിവര്‍പൂളിന്റെ തോല്‍വി. ബേണ്‍ലിയെപ്പോലൊരു താരസമ്പന്നമല്ലാത്ത ടീമിനോട് തോറ്റത് ലിവര്‍പൂളിന്റെ നാണക്കേട് ഉയര്‍ത്തുന്നു.

പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയാണ് നടക്കുന്നത്. 34 പോയിന്റുമായി ലിവര്‍പൂള്‍ നാലാം സ്ഥാനത്താണ്. 40 പോയിന്റുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ 38 പോയിന്റോടെ മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തും തുല്യ പോയിന്റോടെ ലെസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്തുമുണ്ട്.

സ്പാനിഷ് ലീഗില്‍ അത്‌ലറ്റികോ മാഡ്രിഡ് വിജയക്കുതിപ്പ് തുടരുകയാണ്. എയ്ബറിനെ 2-1നാണ് അത്‌ലറ്റികോ മാഡ്രിഡ് തോല്‍പ്പിച്ചത്. എയ്ബറിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 12ാം മിനുട്ടില്‍ മാര്‍ക്കോ ദിമിത്രോവിക്കിലൂടെ ആദ്യം എയ്ബര്‍ മുന്നിലെത്തിയപ്പോള്‍ 40ാം മിനുട്ടില്‍ ലൂയിസ് സുവാരസിന്റെ ഗോളില്‍ അത്‌ലറ്റികോ മാഡ്രിഡ് സമനില പിടിച്ചു. 89ാം മിനുട്ടില്‍ പെനാല്‍റ്റി വലയിലാക്കി സുവാരസ് തന്നെയാണ് അത്‌ലറ്റികോ മാഡ്രിഡിന് വിജയമൊരുക്കിയത്.

എയ്ബറിന്റെ 4-2-3-1 ഫോര്‍മേഷനെ 3-5-2 ഫോര്‍മേഷനില്‍ നേരിട്ട അത്‌ലറ്റികോ മാഡ്രിഡ് 65 ശതമാനം പന്തടക്കത്തില്‍ മികവ് കാട്ടിയെങ്കിലും 9നെതിരേ 12 ഗോള്‍ശ്രമവുമായി ആക്രമണത്തില്‍ കരുത്ത് കാട്ടി. 44 പോയിന്റുമായി അത്‌ലറ്റികോ മാഡ്രിഡ് പോയിന്റ് പട്ടികയില്‍ തലപ്പത്ത് തുടരുകയാണ്. 37 പോയിന്റുള്ള റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്താണ്. 34 പോയിന്റാണ് ബാഴ്‌സലോണയ്ക്കുള്ളത്. ഇരട്ട ഗോള്‍ നേട്ടത്തോടെ ലാലിഗ ഗോള്‍വേട്ടക്കാരില്‍ 11 ഗോളുമായി മെസ്സിക്കൊപ്പമെത്താന്‍ സുവാരസിനായി.

സ്പാനിഷ് കോപ്പാ ഡെല്‍ റേയില്‍ മൂന്നാം ഡിവിഷന്‍ ക്ലബ്ബ് കോര്‍നില്ലയെ 2-0ന് തോല്‍പ്പിച്ച് ബാഴ്‌സലോണ അവസാന 16ല്‍ ഇടം പിടിച്ചു. അധിക സമയത്തേക്ക് നീണ്ട മത്സരത്തില്‍ 2-0നാണ് ബാഴ്‌സയുടെ ജയം. നിശ്ചിത സമയത്ത് ലഭിച്ച രണ്ട് പെനാല്‍റ്റി അവസരം ബാഴ്‌സലോണ പാഴാക്കി. 39ാം മിനുട്ടില്‍ മിര്‍ലം പജാനിക്കും 80ാം മിനുട്ടില്‍ ഉസ്മാന്‍ ഡെംബല്ലെയുമാണ് പെനാല്‍റ്റി പാഴാക്കിയത്. 92ാം മിനുട്ടില്‍ ഡെംബല്ലെയും 120ാം മിനുട്ടില്‍ മാര്‍ട്ടിന്‍ ബ്രാത്ത്‌വെയ്റ്റുമാണ് ബാഴ്‌സലോണയ്ക്കായി വലകുലുക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications